Advertisement

പ്രണയം മുതൽ കൊലപാതകം വരെ

July 27, 2016
Google News 1 minute Read

 

സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ സൂര്യയും ഷിജുവും തമ്മിൽ കാണുന്നതും പ്രണയത്തിലാവുന്നതും ആശുപത്രിയിൽ വച്ചാണ്. പിന്നീട് ഇരുവീട്ടുകാരും കാര്യമറിഞ്ഞു.വിവാഹാലോചന വരെ കാര്യങ്ങൾ നീണ്ടു.

സൂര്യയുടെയും ഷിജുവിന്റെയും ബന്ധത്തിൽ തങ്ങൾക്ക് എതിർപ്പൊന്നുമില്ലായിരുന്നെന്നും അക്കാര്യം സൂര്യയുടെ വീട്ടുകാരോട് സംസാരിച്ചിട്ടുണ്ടെന്നും ഷിജുവിന്റെ അമ്മ പറയുന്നു.

fഅവളെ ഞാൻ എന്റെ മരുമകളായി സ്വീകരിച്ചതായിരുന്നു.അവളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് എന്റെ കുഞ്ഞ് പറഞ്ഞിട്ടുണ്ട്.ഇടക്കാലം കൊണ്ട് അവനാകെ സങ്കടത്തിലായിരുന്നു. സൂര്യയുടെ സ്വഭാവത്തിൽ നല്ല വ്യത്യാസമുണ്ട്,അവൾക്ക് വേറാരോ ആയിട്ട് ബന്ധമുണ്ടെന്നൊക്കെ പറഞ്ഞ് ഇവിടിരുന്ന് കരയുമായിരുന്നു.

ഷിജുവിന്റെ അമ്മയാണ് സൂര്യയെ ആശുപത്രിയിൽ വച്ച് കണ്ട് ആദ്യം വിവാഹം ആലോചിച്ചതെന്നും ഇത് ഷിജുവും സൂര്യയും തമ്മിലുള്ള പ്രണയത്തിലേക്ക് എത്തുകയായിരുന്നുവെന്നും സൂര്യയുടെ അമ്മ പറയുന്നു.

gഅവളെക്കുറിച്ച് നാട്ടിലാർക്കും ഒരു എതിരഭിപ്രായമില്ല. എന്റെ കുഞ്ഞായിരുന്നു ഈ വീടിന്റെ പ്രതീക്ഷ. അവര് വിവാഹം ആലോചിച്ചപ്പോഴേ അവൾ ഒഴിഞ്ഞുമാറാനൊക്കെ ശ്രമിച്ചതാ. വീട്ടിൽ കടബാധ്യതകളുണ്ട്,തനിക്ക് ഇനിയും പഠിക്കണം പുറത്തെവിടേലും ജോലിക്ക് ശ്രമിക്കണം എന്നൊക്കെ പറഞ്ഞതാ. അപ്പോ അവര് പറഞ്ഞു അതൊന്നും സാരമില്ല,ഞങ്ങള് നിന്നെ പഠിപ്പിച്ചോളാം ഞങ്ങൾക്ക് നിന്നെ മാത്രം മതി എന്ന്.

 

ഇടയ്‌ക്കെപ്പോഴോ സൂര്യ ഷിജുവിനോട് 3 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും ഇത് നല്കാതെ വന്നതോടെ സൂര്യയുടെ സ്വഭാവത്തിൽ മാറ്റം വന്നെന്നും ഷിജു പറഞ്ഞിരുന്നതായി അച്ഛൻ ശശിധരൻ നായർ പറയുന്നു.

jഅവളീ വീട്ടിൽ വരാറുണ്ടായിരുന്നു.ഷിജുവിന്റെ അമ്മ വഴക്കുപറഞ്ഞിട്ടുമുണ്ട് അതിന്. ഞങ്ങൾ തമ്മിൽ ഇഷ്ടമായിട്ടല്ലേ അമ്മേ എന്ന് പറഞ്ഞ് അവള് ഞങ്ങളുടെയെല്ലാം ഇഷ്ടം നേടി. അവന് മനസ്സിന് വലിയ കട്ടിയില്ലായിരുന്നു. അതുകൊണ്ടാവും അവള് ചതിക്കും ഇട്ടേച്ചു പോവും എന്നൊക്കെ തോന്നലുണ്ടായപ്പോ തളർന്നു പോയത്. ചോദിച്ച കാശ് കൊടുക്കാൻ കഴിയാഞ്ഞതിന് അവന് നല്ല സങ്കടമുണ്ടാരുന്നു. തല്ക്കാലം കാശില്ല,സ്ഥലം വിൽക്കുവോ വല്ലോം ചെയ്താൽ തരാമെന്നായിരുന്നു അവൻ അവളോട് പറഞ്ഞത്.

 

ഷിജുവുമായുള്ള വിവാഹം നടത്താൻ തങ്ങൾക്ക് താല്പര്യമില്ലായിരുന്നെന്ന് സൂര്യയുടെ സഹോദരൻ സൂരജ് പറയുന്നു.

 

tഅവനെക്കുറിച്ച് അന്വേഷിച്ചപ്പോ അത്ര നല്ല സ്വഭാവമല്ലെന്നാ അറിഞ്ഞത്. സൂര്യയെ കാണാൻ ഈ വീട്ടിൽ അവൻ പലപ്പോഴും വന്നിട്ടുണ്ട്. കാര്യങ്ങളൊക്കെ വീട്ടിലെ മറ്റ് പെണ്ണുങ്ങൾക്കറിയാമായിരുന്നു. ഞാനും അച്ഛനും കാര്യങ്ങളറിയുന്നത് വൈകിയാ. സൂര്യയെ കൊല്ലുന്നതിന് മൂന്ന് ദിവസം മുമ്പും അവൻ ഇവിടെ വന്നു. ഇനി ശല്യപ്പെടുത്തില്ലെന്നും ഡൽഹിക്ക് പോവുകയാണെന്നും പറഞ്ഞു. പിന്നെയാണ് അവളെ വിളിച്ച് ആറ്റിങ്ങൽ വരണമെന്നും ഡ്രസ് എടുക്കാനാണെന്നും പറഞ്ഞത്. അങ്ങനെ അവൻ അവളെ ട്രാപ്പിലാക്കുവാരുന്നു. അവൻ ഈ കൊലപാതകത്തിനായി കുറേ നാൾ മുമ്പ് മുതലേ ഒരുങ്ങിയിരുന്നതായി പോലീസ് പറഞ്ഞിട്ടുണ്ട്. അവന്റെ ഡയറിയിൽ ഇക്കാര്യങ്ങളൊക്കെ എഴുതീരുന്നു. എന്നാൽ,പ്രതിയെ അറസ്റ്റ് ചെയ്ത് ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

ഷിജുവിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങളും പറയുന്നു. കൊലപാതകത്തിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിജു ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഷിജുവിന്റെ മാനസികനിലയ്ക്ക് തകരാർ സംഭവിച്ചതിനാലാണ് പോലീസ് ജയിലിലേക്ക് സ്ഥിരമായി അയയ്ക്കാത്തതെന്ന് വീട്ടുകാർ പറയുന്നു. ഇതുവരെ ജാമ്യത്തിനും വീട്ടുകാർ ശ്രമിച്ചിട്ടില്ല.

പ്രണയത്തെ സ്വാർഥതയും സംശയവും കീഴടക്കുമ്പോൾ ഉലഞ്ഞുപോവുന്ന വിശ്വാസങ്ങളുടെ ഉദാഹരണമായി മാറുകയാണ് സൂര്യയും ഷിജുവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here