സ്‌റ്റേറ്റ് ബാങ്ക് ശാഖകൾ അടച്ചുപൂട്ടും

എസ്ബിടി എസ്ബിഐ ബാങ്കുകളുടെ ലയനത്തിന്റെ ഭാഗമായി 350 ശാഖകൾ അടച്ചുപൂട്ടാൻ നിർദ്ദേശം. എസ് ബി ഐയുടേയും അസോസിയേറ്റ് ബാങ്കുകളുടേയും ഒരു കിലോമീറ്റർ ചുറ്റവളവിലുള്ള ശാഖകളാണ് പൂട്ടാൻ നിർദ്ദേശം നൽകിയിരിക്കു ന്നത്.

ഓരോ ജില്ലയിലേയും പൂട്ടേണ്ട ശാഖകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണത്തിന് എസ.്ബി.ഐ അധികൃതർ തയ്യാറായിട്ടില്ല. പൂട്ടുന്ന ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കാമെന്ന നിലപാടിലാണ് അധികൃതർ.

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് എസ്.ബി.ഐക്കും എസ്.ബി.ടിക്കും കൂടുതൽ ശാഖകളുള്ളത് . എറണാകുളം ജില്ലയിൽ 32 ശാഖകൾ പൂട്ടാനാണ് നീക്കം. കൂടാതെ ഇവിടെ നിന്നുമുളള 450 ഓളം ജീവനക്കാരെ മറ്റ് എസ്.ബി.ഐ ശാഖകളിലേക്ക് മാറ്റും. ഇവരിൽ മുന്നൂറോളം സ്ഥിരം ജീവനക്കാർക്ക് നിയമപരമായ ജോലിസുരക്ഷയുണ്ടാകും. എന്നാൽ കരാർ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും.

ലയനം പൂർത്തിയായാൽ കുറഞ്ഞത് ആറുവർഷത്തേക്ക് സ്റ്റേറ്റ് ബാങ്കിൽ ഒരു തസ്തികയിലും നിയമനം ഉണ്ടാകില്ല. എറണാകുളം ജില്ലയിൽ എസ്ബിഐക്കും എസ്ബിടിക്കും 97 ശാഖവീതമുണ്ട്. മറ്റ് അസോസിയേറ്റ് ബാങ്കുകൾക്കും ഭാരതീയ മഹിളാ ബാങ്കിനുമായി 12 ശാഖയാണുള്ളത്. ആകെയുള്ള 206 ശാഖയിൽ 33 എണ്ണം പൂട്ടാനാണ് നിർദേശം.

അസോസിയേറ്റ് ബാങ്കുകളുടെ 6,978 ശാഖകളാണ് ലയനം പൂർത്തിയാകുന്നതോടെ എസ്.ബി.ഐയുടെ ഭാഗമാകുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസോസിയേറ്റ് ബാങ്കുകളേയും ഭാരതീയ മഹിളാ ബാങ്കിനേയും ലയിപ്പിക്കുന്നതിനുള്ള നടപടി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top