ആംബുലന്‍സ് എത്തും മോട്ടോര്‍ സൈക്കിളില്‍

മോട്ടോർ സൈക്കിൾ ആമ്പുലൻസ് എന്ന് കേൾക്കുമ്പോൾ ആദ്യം അത്ഭുതം തോന്നും. ഒരു മോട്ടോർ സൈക്കിൾ എങ്ങനെ ആമ്പുലൻസ് ആക്കി മാറ്റും ?? ആമിർ ഖാൻ നായകനായ കോടികൾ വാരിക്കൂട്ടിയ ‘ത്രീ ഇടിയറ്റ്‌സ്’ എന്ന ചിത്രത്തിൽ സമാന രംഗം ഉണ്ട്. എന്നാൽ അത് യഥാർത്ഥ ജീവീതത്തിൽ പ്രാവർത്തികമാക്കി ഇരിക്കുകയാണ് യുണിസെഫ് (UNICEF).
ആമ്പുലൻസും മറ്റ് വണ്ടികളും ഒന്നും കടന്നു ചെല്ലാത്ത ഛത്തീസ്ഘറിലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ഗർഭിണികളെ ആശുപത്രിയിൽ എത്തിക്കുന്നത് ഈ മോട്ടോർ സൈക്കിൾ ആമ്പുലൻസാണ്. ഇന്ത്യയിൽ ഇതാദ്യമാണെങ്കിലും, ആഫ്രിക്കയിൽ ഇത് വളരെ മുമ്പേ പ്രചാരത്തിലുണ്ടായ പദ്ധതിയാണ്. ഒരു സാധാരണ മോട്ടോർ സൈക്കിളിന്റെ കൂടെയുള്ള സൈഡ് കാരേജിൽ ഇരുത്തിയാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കുക.
2015 ൽ ആണ് ഈ ആശയം ഇന്ത്യയിൽ നടപ്പിലാവുന്നത് എന്ന് യുണിസെഫുമായി ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധൻ അജയ് ട്രാക്‌റൂ പറയുന്നു. നിലവിൽ ഒരു മോട്ടോർ സൈക്കിൾ ആമ്പുലൻസ് മാത്രമാണ് ഉള്ളത്. എന്നാൽ സംസ്ഥാനത്ത് പത്ത് മോട്ടോർ സൈക്കിൾ ആമ്പുലൻസ് കൂടി പ്രവർത്തനക്ഷമം ആക്കാനുള്ള തയ്യാറെടുപ്പിലാണ് റായ്പൂർ എൻ.ഐ.ടി യിലെ വിദ്യാർത്ഥികൾ. പ്രദേശവാസികൾ തന്നെ സാരഥികളാകുന്ന ഈ മോട്ടോർ സൈക്കിൾ ആമ്പുലൻസ് ഇതു വരെ മുന്നൂറോളം രോഗികളുടെ ജീവനാണ് രക്ഷിച്ചിരിക്കുന്നത്. ഇതിൽ എൺപത് ശതമാനവും ഗർഭിണികളാണ്.
കേരളത്തിലെ വയനാട് പോലുള്ള പ്രദേശങ്ങളിൽ ഈ പദ്ധതി ആവിഷ്‌കരിക്കാൻ സാധിച്ചാൽ കുന്നും മലയും ചുരവും താണ്ടി ആശുപത്രിയിൽ എത്തേണ്ടി വരുന്ന ആദിവാസികൾക്ക് അതൊരു ആശ്വാസമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here