അമല വിശ്വാസം തകർത്തെന്ന് വിജയ്
അമല-വിജയ് വിവാഹമോചന വാർത്തയിൽ വിജയുടെ മറുപടി എത്തി. വിവാഹ മോചനത്തിന്റെ യഥാർത്ഥ കാരണം തനിക്കേ അറിയുകയുള്ളൂ എന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്. സ്വകാര്യ ജീവിതത്തെ പൊതുമധ്യത്തിൽ കൊണ്ടുവരേണ്ടെന്നു കരുതിയാണു മിണ്ടാതിരുന്നത്. എന്നാൽ മാധ്യമങ്ങളിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് സുഹൃത്തുക്കളും ആരാധകരും മാധ്യമ സുഹൃത്തുക്കളും നിർബന്ധിച്ചതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നത്.
ഒമ്പതു ചിത്രങ്ങൾ സംവിധാനം ചെയ്ത ഒരാളെന്ന നിലയിൽ സമൂഹത്തോടുള്ള ബാധ്യതയെ കുറിച്ചെനിക്ക് വ്യക്തമായ ബോധ്യമുണ്ട്. കുലീനത്വവും ആത്മാഭിമാനവുമുള്ള പെൺകഥാപാത്രങ്ങളാണ് എന്റെ ചിത്രത്തിലുള്ളത്. എന്റെ സിനിമകളിൽ സ്ത്രീകളോടുള്ള എന്റെ നിലപാടുകൾ തന്നെയാണു ചിത്രീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ടവർ തന്നെയാണു സ്ത്രീകളെന്ന നിലപാട് തന്നെയാണ് തനിയ്ക്കുള്ളത്.
അമല സിനിമകളിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്നെക്കൊണ്ടു കഴിയാവുന്ന വിധത്തിലെല്ലാം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കല്യാണ ശേഷം സിനിമയിൽ തുടർന്നതാണു വിവാഹബന്ധം തകരാറിലാക്കിയതെന്നും എന്റെ വീട്ടുകാർക്ക് അതിഷ്ടമില്ലായിരുന്നുവെന്നുമുള്ള അമലയുടെ വാദത്തിൽ ഒട്ടും വാസ്തവമില്ല.
ഒരു വിവാഹ ജീവിതത്തിന്റെ ആണിക്കല്ലെന്നു പറയുന്നത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. അതില്ലാതാകുന്ന നിമിഷം മുതൽ ആ ബന്ധത്തിനും അർത്ഥമുണ്ടാകില്ല.അമലയോടൊത്തുള്ള വിവാഹ ബന്ധം ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയില്ല. ഇനി എനിക്ക് മറ്റ് ബന്ധങ്ങളില്ല. ഒരു പാട് വേദനയുണ്ട്.
വിവാഹ മോചന വാർത്ത സംബന്ധിച്ച് പല മാധ്യമങ്ങളിലും പ്രചരിച്ച വാർത്തകൾ വാസ്തവവുമായി ഏറെ അകന്നു നിൽക്കുന്നതാണ്. ഇതിൽ പലതും സ്വകാര്യ ജീവിതത്തിലെ മാത്രമല്ല പ്രൊഫഷണൽ ജീവിതത്തിലെ എന്റെ നിലപാടുകളെ മോശമായി ബാധിച്ചു. സത്യത്തിൽ വേർപിരിയലിനേക്കാൾ വേദനിപ്പിച്ചത് ഈ വാർത്തകളാണ്. വിജയ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here