ഇങ്ങനെ ഭയക്കുന്നത് നാണക്കേട് അല്ലേ സർക്കാരേ??

കാമ്പസ്സുകളിലെ നീണ്ട ഇടനാഴികൾ. പ്രണയം ഒളിച്ചിരിക്കുന്ന പൂമരച്ചോടുകൾ. നഷ്ടപ്രണയത്തിന്റെ നെടുനിശ്വാസങ്ങൾ. ഗൃഹാതുരമായ കാമ്പസ് ഓർമ്മകൾ. പൈങ്കിളിസാഹിത്യം നിറഞ്ഞ കഥകളും കവിതകളും. ഒറ്റപ്പെട്ട ചില ബുദ്ധിജീവി ലേഖനങ്ങൾ. ഇത്രയും കൊണ്ടു തീരേണ്ടതാണോ ഒരു കോളേജ് മാഗസിന്റെ ഉള്ളടക്കം.
കേട്ട തെറിയൊന്നും തെറിയല്ലെന്ന് ഏറ്റുപറയാൻ വിദ്യാർഥികൾക്കൊപ്പം സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ എത്തി. ജാതിവ്യവസ്ഥിതിയിൽ രൂഢമൂലമായ നമ്മുടെ ഭാഷയെ അട്ടിമറിക്കുന്നതായി വിശ്വവിഖ്യാതമായ തെറി.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്റെ മാഗസിൻ ‘വിശ്വവിഖ്യാതമായ തെറി’ വിവാദമായതും വാർത്തകളിൽ നിറഞ്ഞതും ഈ വ്യത്യസ്ത വീക്ഷണത്തിൽ വായിക്കപ്പെട്ടതുകൊണ്ടായിരുന്നു. മുട്ടൻ തെറികളെ മാഗസിൻ താളുകളിൽ കുത്തിനിറച്ചതു വഴി കോളേജിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തിയെന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകർ മാഗസിനെതിരെ രംഗത്തുവന്നതും മാഗസിനുകൾ കൂട്ടിയിട്ടു കത്തിച്ചതും. ഇന്ത്യൻ ജുഡീഷ്യറിയെ അപമാനിക്കുന്ന പലതും മാഗസിനിലുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ,ഒരു കോളേജിലൊതുങ്ങേണ്ടിയിരുന്ന മാഗസിൻ കേരളമെമ്പാടും ചർച്ചയാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കോളേജിനുള്ളിലെ എബിവിപി പ്രവർത്തകരുടെ അസഹിഷ്ണുതയായിരുന്നു ഗുരുവായൂരപ്പൻ കോളേജിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെങ്കിൽ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ അത് കേന്ദ്രസർക്കാരിൽ നിന്ന് നേരിട്ടുള്ള ഇടപെടലാണ്. ‘വൈഡർ സ്റ്റാൻഡ്’ എന്ന മാഗസിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുന്നത് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ്. രാജ്യവിരുദ്ധവും കേന്ദ്രസർക്കാർ വിരുദ്ധവുമായ പരാമർശങ്ങൾ മാഗസിനിലുണ്ടെന്നാണ് ആരോപണം.കേട്ടപാതി വൈസ് ചാൻസലർ മാഗസിൻ വിലക്കി.വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും അരങ്ങേറിയതൊന്നും രാജ്യം മറന്നു തുടങ്ങിയിട്ടില്ല. ആ സാഹചര്യത്തിലാണ് പിന്നാലെ പോണ്ടിച്ചേരിയുമോ എന്ന ചോദ്യം ഉയരുന്നത്.
ടിയർ ഗ്യാസ് ഷെല്ലുകളിൽ പൂക്കൾ വിരിയിച്ച പലസ്തീനിലെ സ്ത്രീയാണ് ‘വൈഡർ സ്റ്റാൻഡ്’ കവർ പേജിലുള്ളത്. ഇത് നീക്കം ചെയ്യണമെന്നാണ് നിർദേശം. നീക്കേണ്ട ഉള്ളടക്കങ്ങൾ അതിൽ അവസാനിക്കുന്നില്ല.കാവിവൽക്കരിക്കപ്പെട്ട കാമ്പസ്സുകൾ എന്ന ലേഖനവും കാമ്പസ്സുകളിൽ ആത്മഹത്യ ചെയ്ത രോഹിത് വെർമുല ഉൾപ്പടെയുള്ള വരുടെ ചിത്രങ്ങളും നീക്കം ചെയ്താൽ മാത്രമേ മാഗസിന് അനുമതി നല്കൂ എന്നാണ് അധികൃതരുടെ നിലപാട്.പ്രതിഷേധിക്കാൻ ഒത്തുകൂടിയ വിദ്യാർഥികളുടെ ഇടയിലേക്ക് എബിവിപി പ്രവർത്തകർ ബൈക്ക് ഓടിച്ചുകയറ്റിയത് സംഘർഷത്തിനും വഴിവച്ചു.
അതാത് കാലഘട്ടങ്ങളോട് സംവദിക്കാൻ ശ്രമിക്കുന്ന കേളേജ് മാഗസിനുകൾ സൃഷ്ടിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതൊന്നും ചിന്തിക്കാതെ ക്ലാസ്മുറികളിൽ പുസ്തകത്താളുകളിലും പരീക്ഷാപേപ്പറുകളിലും ഒതുങ്ങിത്തീരേണ്ടതാണ് പഠനകാലം എന്ന് വിദ്യാർഥികളെ ഉദ്‌ബോധിപ്പിക്കാൻ ശ്രമിക്കുന്നത് എത്രയോ അപകടകരമാണ്. ഇങ്ങനെ,ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന പേരിൽ വിമർശനങ്ങളെ അടിച്ചൊതുക്കാൻ ശ്രമിക്കുന്ന കേന്ദ്രനീക്കം എത്രയോ അപലപനീയമാണ്!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here