അവിടെ മതിൽ ചാട്ടം; ഇവിടെ പടികയറ്റം

പോത്തിന്റെ അഭിമുഖം വൈറൽ ആകുന്നു
പോത്തിനോട് വേദം ഓതാൻ പറ്റില്ലായിരിക്കും. പക്ഷെ ടെലിവിഷൻ വാർത്തയ്ക്ക് വേണ്ടി ഇന്റർവ്യൂ എടുക്കും. വേണ്ടി വന്നാൽ പോത്തുകളെ കൊണ്ട് മനുഷ്യരെ കണക്കിന് ശകാരിപ്പിക്കുകയും ചെയ്യും. സംശയിക്കണ്ട , ആരും മാധ്യമങ്ങളുടെ മെക്കിട്ടു കേറാനും വരണ്ട. ഇതിപ്പോ സംഗതി അങ്ങ് പാകിസ്ഥാനിലാണ്. ജിയോ ടി വി ചാനൽ റിപ്പോർട്ടർ അമീൻ ഹഫീസ് തയ്യാറാക്കിയ പോത്തഭിമുഖം ഇന്റർനെറ്റിൽ വൈറൽ. അത് മനുഷ്യരെ കണക്കിന് കളിയാക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു.
പോത്തുകൾ ഓവർ ബ്രിഡ്ജ് കയറുന്നു
സംഭവം ഇതാണ് – ലാഹോറിൽ തിരക്കേറിയ ഒരു എക്സ്പ്രസ് ഹൈവേയിൽ റോഡ് മുറിച്ചു കടക്കാൻ മനുഷ്യരെ മാത്രം ഉദ്ദേശിച്ചു നിർമ്മിച്ച ഒരു ഓവർ ബ്രിഡ്ജ് ഉണ്ട്. എക്സ്പ്രസ് ഹൈവേയുടെ അന്താരാഷ്‌ട്ര നിലവാരവും നിയമവും അനുസരിച്ചു കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ പാടില്ല. മതിൽ കെട്ടിയാണ് റോഡ് സംരക്ഷിച്ചിരിക്കുന്നതു പോലും. അതിനായാണ് ഓവർ ബ്രിഡ്ജ്. ലാഹോറിൽ ഈ ഓവർ ബ്രിഡ്ജ് കാര്യമായി ഉപയോഗിക്കുന്നത് പക്ഷെ മനുഷ്യരല്ല. പകരം പോത്തുകളാണ്.
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നില്ലേ ? ഇതേ ചോദ്യമാണ് പാകിസ്ഥാനിലെ ജിയോ ടി വി ചാനൽ റിപ്പോർട്ടർ അമീൻ ഹഫീസിന്റെ മനസിലും ഉയർന്നത്
പോത്തുകൾക്ക് ഓവർ ബ്രിഡ്ജ് കയറാൻ കഴിയുമോ ?
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നില്ലേ ? ഇതേ ചോദ്യമാണ് പാകിസ്ഥാനിലെ ജിയോ ടി വി ചാനൽ റിപ്പോർട്ടർ അമീൻ ഹഫീസിന്റെ മനസിലും ഉയർന്നത്. വൈകിയില്ല , നേരെ പോയി ഈ പറയുന്ന ഓവർ ബ്രിഡ്‌ജിന്റെ അടുത്തേക്ക്. ചോദ്യം ആവർത്തിച്ചു. പോത്തുകൾക്ക് ഓവർ ബ്രിഡ്ജ് കയറാൻ കഴിയുമോ ?
പോത്തിന്റെ ഇന്റർവ്യൂ
അമീൻ ഹഫീസ് ചോദ്യം ചോദിച്ചത് പോത്തുകളോടാണ്. പോത്ത് ‘ഉത്തരം നൽകി’ – “ഞങ്ങൾക്ക് മനുഷ്യരെ പോലെ കയറുന്നത് ബുദ്ധിമുട്ടാണെന്നറിഞ്ഞു കൂടെ ? ” ശേഷം റിപ്പോട്ടർ നമ്മളോട് പറയുകയാണ് മനുഷ്യരേക്കാൾ നന്നായി ഈ ഓവർ ബ്രിഡ്ജ് ഉപയോഗിക്കുന്നത് പോത്തുകളാണ്. പടിക്കെട്ടുകൾ കയറാനുള്ള അവരുടെ ബുദ്ധിമുട്ടുകൾ പോലും വകവെയ്ക്കാതെയാണ് അവർ ഇത് ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഹഫീസ് പ്രേക്ഷകരോട് പറയുകയാണ്.
അവിടെ മതിൽ ചാട്ടം; ഇവിടെ പടികയറ്റം
പോത്തിന്റെ അഭിമുഖത്തിനൊപ്പം സുരക്ഷയ്ക്കായി റോഡിനു വശങ്ങളിൽ തീർത്തിരിക്കുന്ന മതിൽ ചാടിക്കടന്ന് അപകടകരമായ രീതിയിൽ റോഡ് മുറിച്ചു കടക്കുന്ന മനുഷ്യകുലജാതരുടെ ദൃശ്യങ്ങളും കഷ്ടപ്പെട്ട് അതീവ ദയനീയമായി പടിക്കെട്ടുകൾ കയറി പോകുന്ന പോത്തുകളുടെ ദൃശ്യങ്ങളും മാറി മാറി കാണിക്കുന്നുമുണ്ട്. അവിടെ മതിൽ ചാട്ടം ; ഇവിടെ പടികയറ്റം , അവിടെ മതിൽ ചാട്ടം ; ഇവിടെ പടികയറ്റം … ഇതിങ്ങനെ കുറെ നേരം മാറി മാറി കാണിക്കും.
അവസാനം സൈൻ ഓഫ് ചെയ്യുന്ന റിപ്പോർട്ടർ ജനങ്ങളുടെ പ്രവർത്തിയെ കണക്കിന് പരിഹസിച്ചു എന്ന് മനസിലായവർ ബുദ്ധിയുള്ളവരും മനസിലാകാത്തവർ ഭാഗ്യവാന്മാരും ആകുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here