Advertisement

‘എത്രയും വേഗം സിന്‍ഡിക്കേറ്റ് യോഗം വിളിക്കും’; കേരള സര്‍വകലാശാല വിഷയത്തില്‍ മന്ത്രി ആര്‍ ബിന്ദു

7 hours ago
2 minutes Read
minister r bindu on Kerala university issue

കേരള സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിന് കളം ഒരുങ്ങുന്നു. എത്രയും പെട്ടെന്ന് സിന്‍ഡിക്കേറ്റ് വിളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ വിശാല താത്പര്യത്തെ മുന്‍നിര്‍ത്തി സമാധാനപരമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സമവായം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ക്കും പ്രയാസമില്ലാത്ത വിധത്തില്‍ പ്രശ്‌നം പരിഹരിക്കുമെന്നും കേരള സര്‍വകലാശാലയില്‍ സമാധാനം പുലരാന്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. (minister r bindu on Kerala university issue)

കേരള സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്. സര്‍ക്കാര്‍ മുട്ടുമടക്കിയിട്ടില്ല. സര്‍ക്കാര്‍ മുട്ടുമടക്കുന്നതാണോ എന്നത് അല്ല വിഷയം. സര്‍വകലാശാലയിലെ വിഷയം പരിഹരിക്കുക എന്നതാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ സര്‍വകലാശാലകള്‍ കത്തിയെരിഞ്ഞ് നില്‍ക്കുന്നതാകും താത്പര്യമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല നിയമങ്ങള്‍ എല്ലാവരും അംഗീകരിച്ചു പോരണം. വിസിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് പിടിവാശിയുണ്ടായതായി തോന്നിയില്ല. കാര്യങ്ങള്‍ സെറ്റില്‍ ആയിപ്പോകണമെന്ന താത്പര്യമാണ് അദ്ദേഹത്തിനും ഉണ്ടായിരുന്നത്. നിലപാടുകളില്‍ ആര്‍ക്കാണ് തകരാര്‍ എന്ന് ജനസമൂഹത്തിന് മനസിലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: സാവന്‍ മാസത്തില്‍ മാംസം വിറ്റു; ഗാസിയാബാദില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍

സര്‍വകലാശാല വിഷയത്തില്‍ സമവായത്തിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും ഗവര്‍ണറും കേരളത്തില്‍ തിരിച്ചെത്തിയ ശേഷമാകും കൂടിക്കാഴ്ച. മുഖ്യമന്ത്രി ഇന്ന് രാത്രിയും ഗവര്‍ണര്‍ നാളെ രാത്രിയോടെയും കേരളത്തിലെത്തും. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സമവായനീക്കം.

മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയില്‍ സര്‍വകലാശാല ആസ്ഥാനത്ത് വിസി മോഹനന്‍ കുന്നുമ്മല്‍ എത്തിയിരുന്നു. വി. സിയെ തടയും എന്ന് അറിയിച്ചിരുന്നു എങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ല. വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തില്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറും സര്‍വ്വകലാശാലയില്‍ എത്തി. പിന്നാലെ മറ്റൊരു യോഗത്തിനായി മടങ്ങിപ്പോയിരുന്നു.

Story Highlights : minister r bindu on Kerala university issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top