പട്ടികടിയേറ്റ അലന്റെ പ്ലാസ്റ്റിക് സർജറി കഴിഞ്ഞു

പട്ടികടിയേറ്റ് സാരമായി പരിക്കേറ്റ അലന്റെ ആരോഗ്യനില തൃപ്തികരം
പട്ടികടിയേറ്റ് സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം മാറനാട് പെരുമ്പള്ളില്‍ തെക്കേപുത്തന്‍ വീട്ടില്‍ സ്വദേശി അലന്റെ (4) ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.
പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ അലന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
ഭക്ഷണം കഴിക്കുന്നുണ്ട്. പട്ടികടിയായതുകൊണ്ട് ഇന്‍ഫക്ഷന് സാധ്യതയുള്ളതിനാല്‍ ആന്റിബയോട്ടിക് മരുന്ന് നല്‍കേണ്ടതുണ്ട്. അതുകൊണ്ട് അലനെ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
ചുണ്ടിലുള്ള ആഴത്തിലെ മുറിവായതു കൊണ്ടും വിരൂപത ഒഴിവാക്കാനും വേണ്ടിയാണ് ഉടന്‍ തന്നെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അലന്റെ മുറിവ് തുന്നിക്കെട്ടിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോട് കൂടിയാണ് അലന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്.
പട്ടികടിയേറ്റ അലനെ കഴിഞ്ഞ ദിവസം വൈകുന്നേരം 5.10ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉടന്‍ തന്നെ പ്രിവന്റീവ് ക്ലിനിക്കിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം പ്രതിരോധ കുത്തിവയ്‌പ്പെടുക്കുകയും സര്‍ജറി, ദന്തല്‍ സര്‍ജറി വിഭാഗങ്ങളില്‍ പരിശോധിക്കുകയും ചെയ്തു .
തുടര്‍ന്നാണ് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുറിവ് തുന്നിക്കെട്ടാന്‍ തീരുമാനമായത് എന്ന് ആശുപത്രി പി ആർ ഒ അറിയിച്ചു. അലന്റെ ചികിത്സ വൈകി എന്ന് ആരോപണം ഉയർന്നിരുന്നു.
എഴുകോൺ വട്ടമൺകാവ് ക്ഷേത്രത്തിന് സമീപം പെരുമ്പള്ളിയിൽ ബിനു പണിക്കരുടെ മകൻ അലൻ ബി പണിക്കർക്കാണ് നായയുടെ കടിയേറ്റത്. സഹോദരനൊപ്പം വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു അലൻ. കൂട്ടമായി വന്ന നായ്ക്കളിൽ ഒരെണ്ണമാണ് ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ മാതാവ് സുജയ്ക്കും നായയുടെ കടിയേറ്റു. നാട്ടുകാരാണ് നായ്ക്കളെ ഓടിച്ച് ഇരുവരെയും രക്ഷപ്പെടുത്തിയത്. അലന്റെ കീഴ്ച്ചുണ്ട് പകുതിയോളം അറ്റുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here