നികുതി വരുമാനത്തിന് തുല്യമായ വരുമാനം നേടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം : പി.ടി. തോമസ് എം എല്‍ എ

സംസ്ഥാനത്ത് ഏറ്റവും അധികം നികുതി വരുമാനം സര്‍ക്കാരിലേക്ക് നല്‍കുന്ന എറണാകുളം ജില്ലയില്‍ തത്തുല്യ തുകയ്ക്കുള്ള ഇതര വരുമാനം സൃഷ്ടിച്ചെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നു പി. ടി. തോമസ് എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പി.ടി. തോമസ്. വന്‍വികസനം സാധ്യമാകണമെങ്കില്‍ കൂടിയ അളവില്‍ പണം വേണം. അതു സാധ്യമാകണമെങ്കില്‍ വിഭവ സമാഹരണം ശക്തിപ്പെടുത്തണം.
പി. ടി. തോമസ് മുന്നോട്ടുവച്ച മറ്റ് നിര്‍ദേശങ്ങള്‍
തമിഴ്‌നാട്ടിലേതു പോലെ ടൗണ്‍ പഞ്ചായത്ത് സംവിധാനം ആവിഷ്‌കരിക്കണം. ഇതിനായി ഒരു വിഹിതം കേന്ദ്ര ആസൂത്രണ വിഭാഗത്തില്‍ നിന്ന് ലഭ്യമാക്കണം. നഗരാവസ്ഥയിലേക്ക് നീങ്ങുന്ന ചെറു പട്ടണങ്ങളുടെ വികസനത്തിനു വേണ്ടിയാണിത്.
ബ്ലോക്ക്, ജില്ല എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തില്‍ പദ്ധതികള്‍ ഏറ്റെടുക്കണം. ഫണ്ട് വീതിക്കുമ്പോള്‍ ഏറ്റവും അവശ്യഘടകത്തിന് ഇതു ഗുണം ചെയ്യും. ഗ്രാമപഞ്ചായത്തുകളിലും ചെറു പട്ടണങ്ങളിലും നടപ്പാതകളും വ്യായാമ കേന്ദ്രങ്ങളും മൈതാനങ്ങളും നിര്‍മിക്കുക. ജില്ലയിലെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംവിധാനം ആവിഷ്‌കരിക്കുക.
നേര്യമംഗലത്തെ ജില്ലാ പഞ്ചായത്ത് ഫാം ഊര്‍ജിതമാക്കി ജില്ലയുടെ കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് അടിത്തറയിടുക.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ആരോഗ്യപരിപാലനത്തിന് കൂടുതല്‍ തുക നീക്കിവയ്ക്കുക. യോഗയെ മതത്തിന്റെ പേരില്‍ ഉപയോഗിക്കാതെ ആരോഗ്യ പരിപാലനത്തിനുള്ള ഫലപ്രദമായ ഉപാധിയാക്കുക.
പെരിയാര്‍, ആലുവ പുഴകളെ സംരക്ഷിക്കാന്‍ നടപടികള്‍ ആവിഷ്‌കരിക്കുക. പുഴകളിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് തടയുക. അനിയന്ത്രിതവും അശാസ്ത്രീയവുമായ തരത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നത് ഒഴിവാക്കുക. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാതിരിക്കുക.
ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടണ്ണിലേറെ വരുന്ന പഌസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ നടപടികള്‍ സ്വീകരിക്കുക.
ഇതില്‍ കക്കൂസ്, ഭക്ഷണ മാലിന്യങ്ങള്‍ ഉള്ളതിനാല്‍ ആരും ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കവചിതമാക്കണം. ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോള്‍ത്തന്നെ ഇത്തരം വാഹനങ്ങള്‍ ദുര്‍ഗന്ധം സൃഷ്ടിക്കുന്നുണ്ട്.
കവചിതമല്ലാത്ത വാഹനങ്ങള്‍ക്ക് ടെന്‍ഡര്‍ കൊടുക്കരുത്. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയണം. പാവപ്പെട്ടവന്റെ വീട്ടില്‍പ്പോലും കുറഞ്ഞത് 10 കിലോ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്ള സ്ഥിതിയാണിന്ന്.
മാലിന്യത്തില്‍ നിന്ന് കനാലുകളെ മോചിതമാക്കുക.
വെനീസ് ശൈലിയുള്ള കനാലുകള്‍ക്ക് തുടക്കമിടുക. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വത്തിന്റെയും അറ്റകുറ്റപ്പണിയുടെയും ഡാറ്റ തയാറാക്കുക. റോഡ് നിര്‍മാണത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുക. ടാര്‍ ചെയ്ത് ഉടന്‍ പൊളിയുന്ന സ്ഥിതി തടയണം. മികച്ച തെരുവു സംസ്‌കാരത്തിനുള്ള നയം ആവിഷ്്കരിക്കുക.
സര്‍ക്കാര്‍ സ്വത്ത് കയ്യേറ്റം തടയാന്‍ നടപടികള്‍ സ്വീകരിക്കുക.
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച സംവിധാനം ആവിഷ്‌കരിക്കണം. ഹരിതാഭമായ പ്രകൃതിയെ തിരികെ കൊണ്ടുവരുന്നതിന് മണ്ണറിഞ്ഞ് മരം നടുന്ന ശൈലി ആവിഷ്‌കരിക്കണം.
അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ടറിഞ്ഞ് പരിഹാരം ആവിഷ്‌കരിക്കുക. അങ്കമാലി- ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കുക.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ തമ്മനം- പുല്ലേപ്പടി റോഡ് വികസിപ്പിക്കുക. സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയില്‍ വരുന്ന പെട്രോള്‍ പമ്പില്‍ ടോയ്‌ലെറ്റ് സൗകര്യം നിര്‍ബന്ധമാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here