Advertisement

‘ഉയർന്ന താരിഫ്, ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ആപ്പിൾ CEOയോട് ട്രംപ്

9 hours ago
2 minutes Read

ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ആവശ്യം. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു.

ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ടിം കുക്കിനോട് പറഞ്ഞത് ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഖത്തറിലെ വ്യവസായികളോടാണ് ട്രംപ് വെളിപ്പെടുത്തിയത്. “നിങ്ങൾ ഇന്ത്യയിലുടനീളം നിർമ്മാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. നിങ്ങൾ ഇന്ത്യയിൽ നിർമ്മാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ പരിപാലിക്കണമെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിർമ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്, അതിനാൽ ഇന്ത്യയിൽ വിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്,” എന്നായിരുന്നു ട്രംപ് ആപ്പിൾ സിഇഒയോട് പറഞ്ഞത്.

വാഷിംഗ്ടൺ ഡിസിക്ക് ഒരു കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുഎസ് ഉൽപ്പന്നങ്ങൾക്ക് യാതൊരു താരിഫും ഈടാക്കില്ലെന്നും ഇന്ത്യ പറ‍ഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഇതുവരെ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. “ഇന്ത്യ ഞങ്ങൾക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു. അതിൽ അടിസ്ഥാനപരമായി അവർ ഞങ്ങളോട് ഒരു താരിഫും ഈടാക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ടിം, ഞങ്ങൾ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. വർഷങ്ങളായി നിങ്ങൾ ചൈനയിൽ നിർമ്മിച്ച എല്ലാ പ്ലാന്റുകളും ഞങ്ങൾ സഹിക്കുന്നു. നിങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമില്ല” ട്രംപ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും പദ്ധതിയിടുന്ന നിർണായക സമയത്താണ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ ഉൽപ്പാദനത്തിനെതിരെയുള്ള പരാമർശം. ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളുണ്ട്. രണ്ട് എണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലും. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് ആപ്പിൾ പ്ലാന്റുകൾ കൂടി നിർമ്മാണത്തിലാണ്.

Story Highlights : US President Trump urged Apple CEO Tim Cook not to build in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top