വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ സംഭാവനകള്‍ മഹത്തരം: ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി
വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ സംഭാവനകല്‍ മഹത്തരമെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. പ്രൊഫ. കെ.വി. തോമസ് എം.പി നേതൃത്വം നല്‍കുന്ന വിദ്യാധനം സ്‌കോളര്‍ഷിപ്പ് പദ്ധതി സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തി ല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതുവഴി കഴിഞ്ഞു. വിവിധ സാമൂഹിക-സാമ്പത്തിക സൂചികകളിലെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനം വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത മാറ്റങ്ങളുടെ തെളിവാണ്. അന്ധവിശ്വാസങ്ങള്‍ക്കും ജാതീയതയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കു മെതിരായ ശക്തമായ പോരാട്ടങ്ങളുടെ ചരിത്രമാണ് കേരളത്തിനുള്ളത്.
സാമൂഹിക അസമത്വം ഉയര്‍ത്തിയ വെല്ലുവിളികളെ മറികടക്കുന്നതിനും അവയ്‌ക്കെതിരേ പൊതുജന ഇടപെടല്‍ ശക്തമാക്കുന്നതിനും വിദ്യാഭ്യാസത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെയും നായര്‍ സര്‍വീസ് സൊസൈറ്റി, മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി, ക്രൈസ്തവ സഭ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ വിദ്യാഭ്യാസരംഗത്ത്് വിപ്ലവകാരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ വലിയ പ്രചോദനമാണ്. കഴിവുള്ള എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗവുമാണത്. വിദ്യാഭ്യാസമടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം ഉറപ്പാക്കണം. ഗ്രാമീണ മേഖലയിലെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഫണ്ടിംഗ് ഉറപ്പാക്കി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസച്ചെലവ് അനുദിനം വര്‍ധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിദ്യാധനം സ്‌കോളര്‍ഷിപ്പ് പോലുള്ള പദ്ധതികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക്് വലിയ ആശ്വാസമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. മറ്റു സ്ഥലങ്ങളിലും നടപ്പാക്കാവുന്ന മാതൃകാ പദ്ധതിയാണിത്. കേരളത്തില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളായ ആലിസ് റോണിത റോയ്, സാദിഖ്.എ., വിഷ്ണു സഞ്ജീവ്, നൗഷീം സുല്‍ത്താന എന്നിവര്‍ക്ക് ഉപരാഷ്ട്രപതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മന്ത്രി കെ. രാജു, എസ്. ശര്‍മ്മ എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍, മുന്‍ മന്ത്രി കെ. ബാബു, ഡൊമനിക് പ്രസന്റേഷന്‍, മുന്‍ മേയര്‍ ടോണി ചമ്മണി, കെ.ജെ. മാക്‌സി എംഎല്‍എ, ബിപിസിഎല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here