ഉമ്മാക്കി വന്നാൽ പോരാ പിടിച്ചു തിന്നണം…

ലീൻ ബി ജെസ്മസ്
പ്രതീക്ഷിക്കാത്തതുപോലെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് പലതും ചെയ്യാൻ കഴിയുന്നു. കെ.എം .മാണിക്കൊപ്പം ബാർകോഴ വിവാദത്തിൽ അകപ്പെട്ടെങ്കിലും രക്ഷിക്കപ്പെട്ടവനായി മാറിയ കെ.ബാബുവിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനുള്ള പ്രാഥമിക തെളിവുകൾ കണ്ടെത്തി കഴിഞ്ഞു.
ബാബുവിനെക്കുറിച്ചു കഴിഞ്ഞ അഞ്ചു കൊല്ലക്കാലം പറഞ്ഞു കേട്ടതെല്ലാം ശരി വെക്കുന്നതാണ് ഈ തെളിവുകൾ, ബാബു തനിക്കും മക്കൾക്കും ബിനാമികൾക്കു മായി സമ്പാദിച്ചു കൂട്ടിയത് എന്ത് കൂട്ടുകച്ചവടം നടത്തിയാണെന്നു കണ്ടെത്താൻ അങ്ങ് പാഴൂർ പടിയ്ക്കൽ വരെ പോകേണ്ട കാര്യമില്ല.
ഇനി വേണ്ടത് തുടർനടപടി കളാണ്. ബാബുവിന്റെ സ്വത്ത് സമ്പാദനത്തിന്റെ സ്രോതസ്സുകൾ കണ്ടെത്തി ബാർ കോഴയുമായി കൂട്ടിക്കെട്ടിയാൽ മാത്രം പോരാ.
സാധാരണ നടക്കുംപോലെ, വെറുമൊരു അഴിമതി കേസ് ആയി കോടതിയിൽ ആണ്ടു നേർച്ച നടത്തി തുടർന്ന് പോകുന്ന ഒരു കേസ് ആകില്ല ഇതെന്ന് ഉറപ്പു വരുത്തണം.
ഉമ്മൻ ചാണ്ടി മന്ത്രി സഭയിലെ നമ്പർ വൺ ക്രിമിനൽ അല്ല കെ. ബാബു. ആ സ്ഥാനത്തു വിരാജിച്ചിരുന്ന വിരാടൻമാരുടെ നെഞ്ചിൽ ഇപ്പോൾ ബാൻഡ് മേളം മുഴങ്ങിത്തുടങ്ങിയിട്ടുണ്ടാകും. വിജിലൻസ് പരേഡ് അവരുടെ അരമനകളിലേക്കും എത്തണം. പൂജപ്പുര സെൻട്രൽ ജയിലിൽ ഒന്ന്, രണ്ടു, മൂന്നു… എന്നിങ്ങനെ ചെസ്റ്റ് നമ്പർ ധരിച്ചു നിരന്നു നിൽക്കാൻ തലവിധി ഉണ്ടാക്കി നൽകണം ഈ കൊള്ളക്കാർക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here