Advertisement

‘സസ്പെൻഷൻ നടപടി ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ, ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള വഴി വെട്ടുന്നു’: കെ.എസ്.യു

23 hours ago
1 minute Read

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ വൈസ് ചാൻസലറുടെ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനവും, സർവകലാശാലകളെ ശാഖകളുമാക്കാനുള്ള ഗവർണ്ണറുടെ അജണ്ടയെ ശക്തമായി പ്രതിരോധിക്കുമെന്നും കെ.എസ്.യു പ്രസിഡൻ്റ് വ്യക്തമാക്കി.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തിരിക്കുന്നത്.സർവ്വകലാശാലകളെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണ്ണർ ആർ.എസ്.എസ് വക്താവിനെപ്പോലെയാണ് പെരുമാറുന്നത്. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുക വഴി പുതു ചരിത്രം സൃഷ്ടിക്കുക എന്നത് സംഘപരിവാർ അജണ്ടയാണ്. ഇതിനുള്ള വഴി വെട്ടുകയാണ് കേരളാ ഗവർണ്ണറെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

അതേസമയം കേരള സർവകലാശാല വി സി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എസ്എഫ്ഐ. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ അസാധാരണ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ. ഗവർണറെ അപമാനിച്ചിട്ടില്ല. ഗവർണർ വേദിയിൽ ഇരിക്കുമ്പോൾ അല്ല പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചിരുന്നത്. അതിന് മുൻപ് താൻ അറിയിപ്പ് നൽകിയിരുന്നു. പരിപാടി റദ്ദാക്കിയ വിവരം 5.45ന് അറിയിച്ചു എന്ന് രജിസ്ട്രാർ തനിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യങ്ങളിൽ പറഞ്ഞതൊന്നും ശരിയല്ലെന്നും രജിസ്ട്രാർ കെ എസ് അനിൽകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights : KSU react university registrar suspension in Bharatamba controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top