ഗണേശോത്സവത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശിക്കുന്നവർക്ക് മുനീറിന്റെ മറുപടി

ഗണേശോത്സവത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശിക്കുന്നവർക്ക് മറുപടിയുമായി എംഎൽഎ എം.കെ. മുനീർ. ഫേസ്ബുക്കിലൂടെയാണ് മുനീർ വിമർശകർക്ക് മറുപടി നൽകിയത്.

‘ബഹറിൽ മുസല്ലയിട്ട് നമസ്‌ക്കരിച്ചാലും ആർ.എസ്.എസ്സിനെ വിശ്വസിക്കരുതെന്നു’ പറഞ്ഞ എന്റെ ബാപ്പയുടെ രക്തം തന്നെയാണ് എന്റെ സിരകളിലും ഓടുന്നത്.അത് ഏതെങ്കിലുമൊരു ഉത്സവ വേദിയിൽ പണയപ്പെടുത്താനുള്ളതല്ല- മുനീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എന്റെ ഈമാൻ ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല.അതെന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ വേരൂന്നിയാതാണ്.അത് തകർക്കാൻ ശിവസേനയ്‌ക്കോ,ആർ.എസ്.എസ്സിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ല, മുനീർ പറയുന്നു. തന്റെ പാർട്ടി പ്രാവർത്തകർക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് കല്ലിട്ടനടയിൽ ശിവസേനയും ഗണേശോത്സവ സമിതിയും ചേർന്ന് നടത്തിയ ഗണേശോത്സവത്തിൽ മുനീർ പങ്കെടുത്തിരുന്നു. ഇതിനെതിരെ സാമൂഹ മാധ്യമങ്ങൡ മുനീറിനെതിരെ വൻ തോതിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

 

‘ബഹറിൽ മുസല്ലയിട്ട് നമസ്ക്കരിച്ചാലും ആർ.എസ്.എസ്സിനെ വിശ്വസിക്കരുതെന്നു’ പറഞ്ഞ എന്റെ ബാപ്പയുടെ രക്തം തന്നെയാണ് എന്റെ സിരകളിലും ഓടുന്നത്.അത് ഏതെങ്കിലുമൊരു ഉത്സവ വേദിയിൽ പണയപ്പെടുത്താനുള്ളതല്ല..ഏത് പുലിക്കൂട്ടിലാണെങ്കിലും അതെവിടെച്ചെന്നും പറയുന്ന പാരമ്പര്യമാണ് എന്റേത്.എന്റെ ഈമാൻ ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല.അതെന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ വേരൂന്നിയാതാണ്.അത് തകർക്കാൻ ശിവസേനയ്‌ക്കോ, ആർ.എസ്.എസ്സിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ല. മതേതര്വത്വം കാത്ത് സൂക്ഷിക്കാൻ അവർക്ക് മുൻപിൽ ആദ്യം നെഞ്ച് നിവർത്താൻ ഞാനുണ്ടാകും. അവിടെ കൂടിയിരുന്ന ഭക്തജനങ്ങളിൽ ഭൂരിഭാഗത്തിനും ഒരു രാഷ്ട്രീയവുമില്ല.അവർ ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളുണ്ട്. അവരെല്ലാം എന്റെ വോട്ടർമാരാണ്.അവരോടൊരു സ്നേഹവായ്പ് കാണിക്കുകയെന്നത് എന്റെ ധാർമികമായ ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എസ്.ഡി.പി.ഐക്കോ, ആർ.എസ്.എസ്സിനോ എന്തെങ്കിലു തോന്നുന്നുവെങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ എന്റെ പാർട്ടി പ്രാവർത്തകർക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. സ്നേഹപൂർവ്വം എം.കെ മുനീർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top