ശേഷം സത്യം പറഞ്ഞു; ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് വിധിച്ചു

പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ വീട്ടില്‍ ശ്രീജീവ്(27) പോലീസ് കസ്റ്റഡില്‍ മരിച്ച കേസിലാണ് രാജീവിന്റെ അമ്മയ്ക്കും സഹോദരനും നഷ്ടപരിഹാരം നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവ് നല്‍കിയിരിക്കുന്നത്. പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നടപടി.
മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് 2014 മെയ് 19നാണ് പാറശ്ശാല പോലീസ് ശ്രീജീവ് എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തത്.
ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ‘ശേഷം’ എന്ന അന്വേഷണാത്മക പരിപാടിയുടെ വിജയമാണിത്. ശ്രീജീവിന്റെ മരണം ഉയർത്തിയ ദുരൂഹത പൊതുജന ശ്രദ്ധയിൽ സജീവമായി നിർത്തിയത് ‘ശേഷം’ പുറത്തു കൊണ്ട് വന്ന തെളിവുകളും സാക്ഷികളും ആയിരുന്നു.
2014 മേയ് 19നു പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിനു മർദനമേറ്റതായി പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന് ബോദ്യമായി. ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായിരുന്നു. അതിൽ മരണ കാരണമായ ഒരു ക്ഷതമേറ്റതായും അതോറിറ്റി കണ്ടെത്തി. ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്ന പൊലീസ് വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മർദിച്ച് അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നുമായിരുന്നു കണ്ടെത്തൽ.
അഥോറിറ്റിയുടെ കണ്ടെത്തൽ ഇതാണ്- പോലീസ് സി.ഐ. ഗോപകുമാറും എ.എസ്ഐ ഫിലിപ്പോസും ചേർന്നു ശ്രീജിവിനെ മർദിച്ചു. സി.പി.ഒ. മാരായ പ്രതാപചന്ദ്രനും വിജയദാസും ഇരുവർക്കും സഹായികൾ ആയി പ്രവർത്തിച്ചു. മഹസർ തയാറാക്കിയ എസ്ഐ ബിജുകുമാർ വ്യാജരേഖ ചമച്ചാണ് കേസ് വഴി തിരിച്ചത്. കയ്യക്ഷര പരിശോധനയും ശാസ്ത്രീയ പരിശോധനയും നടത്തി 15 മാസം കൊണ്ടാണ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അന്വേഷണം പൂർത്തീകരിച്ചത്.
ശേഷം സംപ്രേക്ഷണം ആരംഭിച്ചത് മുതൽ അതിലൂടെ അവതരിപ്പിക്കുന്ന വിഷയങ്ങളുടെ നിജ സ്ഥിതി തിരയാൻ ബന്ധപ്പെട്ടവർ ശ്രദ്ധാലുക്കളാണ്.
ഏറെ കോളിളക്കമുണ്ടാക്കി അന്വേഷണം അവസാനിപ്പിച്ച ഡോ. ഷാനവാസിന്റെ ദുരൂഹ മരണം വീണ്ടുമന്വേഷിക്കാൻ ഡി.ജി.പി. ഉത്തരവിട്ടതും ശേഷത്തിന്റെ ഇടപെടലും കൃത്യവും സത്യസന്ധമായ അവതരണവും കൊണ്ടാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here