ഉപ്പും മുളകിന് പിന്നിലെ രസക്കൂട്ടുകളുമായി സംവിധായകൻ ആർ.ഉണ്ണികൃഷ്ണൻ

ആർ ഉണ്ണികൃഷ്ണൻ / ബിന്ദിയ മുഹമ്മദ്‌

ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയുടെ സൃഷ്ടാവ്, പ്രേക്ഷകരുമായി പങ്കിവെക്കുന്നു തന്റെ സീരിയലുകളെ കുറിച്ചും, വരാനിരിക്കുന്ന സിനിമയെ കുറിച്ചും…ഒപ്പം ‘ഉപ്പും മുളകിന്’ പിന്നിലെ അണിയറ കഥകളെ കുറിച്ചും….

‘ഉപ്പും മുളകും’ ഇപ്പോൾ നല്ല റേറ്റിങ്ങുള്ള പരമ്പരയാണ്. വിചാരിച്ചിരുന്നോ ഈ പരമ്പര ഇത്ര ഹിറ്റ് ആവുമെന്ന് ??

ഇല്ല. പ്രതീകഷകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത്രയൊരു വിജയം ‘ഉപ്പും മുളകും’ എന്ന സീരിയൽ നേടുമെന്നോ ഇത്രയേറെ റേറ്റിങ്ങും പ്രേക്ഷകരുടെ
അഭിപ്രായവും ഉണ്ടാവുമെന്നോ കരുതിയിരുന്നതല്ല.

ഇത്രയേറെ റേറ്റിങ്ങും പ്രേക്ഷകരുടെ അഭിപ്രായവും കിട്ടിയപ്പോൾ എന്ത് തോന്നി ??

റേറ്റിംഗ് ഇത്ര പോരാ എന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകരുടെ അഭിപ്രായവും ഈ പരമ്പരയ്ക്കുള്ള പോപ്പുലാരിറ്റിയും വച്ച് നോക്കുമ്പോൾ ഇപ്പോൾ കിട്ടുന്ന റേറ്റിംഗ് കുറവാണ്. റേറ്റിംഗ് എന്തുകൊണ്ട് ഇനിയും കേറുന്നില്ല എന്ന് കരുതി ഞാൻ അത്ഭുതപെടുകയാണ്.

എങ്ങിനെ ആയിരുന്നു കാസ്റ്റിംഗ് ?? ആരയെങ്കിലും മനസിൽ വെച്ചിട്ടാണോ കഥയെഴുതിയത് ??

അങ്ങനെ ആരെയും മനസ്സിൽ കണ്ടു തുടങ്ങിയതല്ല. എല്ലാവരും എങ്ങനൊക്കെയോ വന്നു ചേർന്നതാണ്. ഇതിൽ ബാലു എന്ന കഥാപാത്രം ചെയുന്ന ബിജുവിനെ മാത്രമാണ് മുൻപ് പരിചയമുണ്ടായിരുന്നത്. ബാക്കി എല്ലാവരും വന്നു ചേർന്നതാണ്. ജൂഹി ഈ പരമ്പര തുടങ്ങുന്നതിനു ഒന്നര വർഷം മുൻപ് എന്റെ മകന്റെ പിറന്നാളിന് വീട്ടിൽ വന്നതാണ്. ജൂഹി എന്റെ മകന്റെ ഫ്രണ്ട് ആണ്. അന്ന് ഞാൻ വിചാരിച്ചിരുന്നു ഈ കുട്ടി കൊള്ളാം, പക്ഷെ അഭിനയികുമോ എന്നൊന്നും എനിക്കറിയിലായിരുന്നു.

ഉപ്പും മുളകും അണിയറ പ്രവർത്തകർ

അഭിനയിക്കുന്നവരെ എനിക്ക് വേണ്ടതാനും. ഈ പരമ്പര തുടങ്ങിയ സമയത്തു ഞാൻ ഈ കുട്ടിയെ ഓർമ്മിച്ചു, അങ്ങനെ ആണ് ജൂഹി ലച്ചുവായി ഈ പരമ്പരയിൽ എത്തിയത്. കേശുവും (അൽസാബിത്ത്), ശിവയും (ശിവാനി) ഫ്‌ളവേഴ്‌സ് ടീവിയിൽ തന്നെ മുൻപ് ഉണ്ടായിരുന്ന കുട്ടികലവറയിലെ കുട്ടികളാണ്. എന്റെ ഒരു സുഹൃത്താണ് നിഷയെ കുറിച്ച പറഞ്ഞത്. അങ്ങനെയാണ് നിഷ ഈ സീരിയലിന്റെ ഭാഗമാവുന്നത്.

ഇതിന്റെ സ്‌ക്രിപ്റ്റിംഗിനെ കുറിച്ച് …..

ഈ സീരിയലിന്റെ തിരക്കഥ ആദ്യം ആരെകൊണ്ട് എഴുതിക്കണമെന്നു പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. തുടക്കത്തിൽ ജി. ഓ ബേബി, ശിഹാബ് കരുനാഗപ്പള്ളി എന്നിവരാണ് ഇതിന്റെ സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. പിന്നീട് പരമ്പര തിങ്കൾ മുതൽ വ്യാഴം വരെ ആക്കിയപ്പോൾ അവരെക്കൊണ്ടു സ്‌ക്രിപ്റ്റ് ചെയ്യാൻ പറ്റില്ലെന്നുള്ള സ്ഥിതിയായി. അങ്ങനെ എന്റെ ഒരു സുഹൃത്ത് സുരേഷ് ബാബു തിരക്കഥ തയ്യാറാക്കാൻ സഹായിച്ചു. സുരേഷിനെ ഞാൻ ഇതിൽ അഭിനയിക്കാൻ വിളിച്ചു ഒപ്പം സ്‌ക്രിപ്റ്റിംഗിൽ സഹായിക്കാമോ എന്നും ചോദിച്ചു. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു. ഇപ്പോൾ സുരേഷ് ആണ് സ്‌ക്രിപ്റ്റ് ചെയുന്നത്. ഞങ്ങൾ സ്‌പോട്ടിലിരുന്ന് സ്‌ക്രിപ്റ്റ് ഉണ്ടാക്കുന്നത്. അത് കൂടാതെ പുറത്തുനിന്നും ഉള്ള നല്ല സ്‌ക്രിപ്റ്റും സ്വീകരിക്കുന്നുണ്ട്.

ഇനിയൊരു പരമ്പര സംവിധാനം ചെയ്യുകയാണെങ്കിൽ അത് ഒരു ഹാസ്യ പരമ്പരയായിരിക്കുമോ ??

ഇനി ഒരു സീരിയൽ സംവിധാനം ചെയ്യുകയാണെങ്കിൽ അത് ഒരു ഹാസ്യപരമ്പരയായിരിക്കണമെന്ന് നിർബന്ധമൊന്നും ഇല്ല. എനിക്ക് സീരിയസ് കഥകൾ ചെയ്യാനാണ് കൂടുതൽ താൽര്യം.

ഗൗരവ സ്വഭാവമുള്ള പരമ്പരകളിലൂടെയായിരുന്നു തുടക്കം….

unni krishnan

 

അമൃതയിൽ ‘സ്വാർത്ഥൻ’ എന്ന പരമ്പര ചെയ്ത് കൊണ്ടായിരുന്നു എന്റെ തുടക്കം. അത് ഗൗരവ സ്വഭാവമുള്ള സീരിയൽ ആയിരുന്നു. പിന്നീട് ‘ഓർമ്മയിൽ’ എന്ന പരമ്പരയും ചെയ്തു. പിന്നീട് മഴവിൽ മനോരമയിലൂടെയാണ് മറിമായം, തട്ടിയും മുട്ടിയും പോലുള്ള ഹാസ്യ പരമ്പരകൾ ചെയ്ത് തുടങ്ങിയത്.

 

കഥയുടെ മൂഡ് ഗൗരവമാണെങ്കിലും, ഹാസ്യമാണെങ്കിലും യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥകൾ ചെയ്യാനാണ് ശ്രമിക്കുക.

സിനിമ….

ഈ അടുത്ത് തന്നെ ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. നിർമ്മാതാവും മറ്റ് കാര്യങ്ങളും ശരിയായിട്ടുണ്ട്. എന്റെ ആദ്യ ചിത്രമായിരിക്കും ഇത്. ഇനി സ്‌ക്രിപ്റ്റിങ്ങ്, കാസ്റ്റിങ്ങ് ഇത് രണ്ടും ചെയ്യാനുണ്ട്.

സിനിമയിൽ തിരക്കായാൽ സീരിയലിനോട് വിടപറയുമോ ??

ഇല്ല. എന്റെ ജീവിത മാർഗം എന്ന് പറയുന്നത് സീരിയലാണ്. സിനിമ വിജയം ആയില്ലെങ്കിൽ രണ്ട് വർഷത്തോളം ഞാൻ ബ്രെയ്ക്ക് എടുക്കും. അപ്പോൾ എനിക്ക് ജീവിക്കാൻ വേറെ മാർഗം ഉണ്ടാവില്ല. സിനിമ എന്നത് റിസ്‌ക്കുകൾ നിറഞ്ഞ മേ
ഖലയാണ്. അത് കൊണ്ട് തന്നെ സീരിയൽ ഞാൻ വിടില്ല. സിനിമ ഹിറ്റ് ആയാലും ഞാൻ സീരിയലിൽ തുടരും.

സംവിധായകനാകാൻ ഉള്ള മോഹം…

സംവിധാനം ചെയ്യണമെന്നോ, എന്നെങ്കിലും ഒരിക്കൽ ഒരു സംവിധായകൻ ആവണമെന്നോ ഞാൻ വിചാരിച്ചിരുന്നില്ല. ജീവിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നത്. നാടകത്തോട് പക്ഷേ എനിക്ക് താൽപര്യമായിരുന്നു. നാടകം സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ടെലിവിഷൻ രംഗത്ത് എത്തിപ്പെട്ടത് തികച്ചും ആകസ്മികമാണ്.

സ്വയം രചനയും സംവിധാവനും നിർവ്വഹിക്കുന്ന പരിമ്പര….

എഴുതണം എന്ന് വിചാരിച്ചാൽ എനിക്ക് തിരക്കഥയെഴുതാൻ കഴിയും. പക്ഷേ ഇത്തരം കാര്യങ്ങളിൽ അൽപ്പം അലസനാണ് ഞാൻ. ഉപ്പും മുളകിന്റെയും സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ ചില മാറ്റങ്ങൾ വരുത്താറൊക്കെയുണ്ട്. സ്വന്തമായി എഴുതാൻ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ചിലപ്പോൾ ഞാൻ തന്നെ രചനയും, സംവിധാനവും ചെയ്യുന്ന ഒരു പരമ്പര വന്നേക്കാം.

interview, R Unnikrishnan, uppum mulakum, director

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top