ഇങ്ങനെയൊക്കെ പറയാമോ ജാന്വേടത്തീ …

ലീൻ ബി ജെസ്‌മസ് / തിരുത്ത്

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് തൂക്കുകയർ നിഷേധിച്ച സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ഏറ്റവും ഒടുവിലത്തെ വെളിപാട് സി.കെ.ജാനുവിന്റേതണ്. ‘ദളിതയായതിനാൽ സൗമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ടു’ എന്ന് പഴയ ആദിവാസി നേതാവും, ഇപ്പോഴത്തെ ബി.ജെ.പി സഹയാത്രികയുമായ ജാനു മൊഴിയുന്നത് എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ?? ‘ദളിത്’ എന്ന പദം പോലെ പീഡനത്തിന് വിധേയമാക്കപ്പെടുന്ന മറ്റൊരു നാമവും ഇന്ന് നാട്ടിലില്ലാതായിരിക്കുന്നു. സ്ത്രീ പീഡനങ്ങളും, കൊലപാതകങ്ങളും നീതി തേടി നിൽക്കുമ്പോൾ അതിന് വേണ്ടി പോർക്കളത്തിലിറങ്ങുന്നവർ ‘ഇരയുടെ’ ജാതി നോക്കുന്നുവെന്ന ധാരണ ഉരുത്തിരിയുന്നത് കേരളത്തിന്റെ പൊതുസമൂഹത്തിന് അപമാനകരമാണ്.

സൗമ്യ എന്ന പെൺകുട്ടിയുടെ ദാരുണമായ ജീവിതാന്ത്യത്തിൽ നടുങ്ങിയത് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയാണ്, മറിച്ച് സാമുദായിക മനസ്സല്ല. സി.കെ ജാനു മറ്റ് ചിലത് കൂടി അറിയണം. പീഡനങ്ങളാൽ ജീവിതം ഹോമിക്കേണ്ടി വന്ന ചില പെണ്ണാത്മാക്കൾ നീതി കിട്ടാതെ നമ്മുടെ നാട്ടിൽ ഇന്നും അലയുന്നുണ്ട്.

കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും, കുറ്റവാളികളെ ക്രൂശിക്കാത്ത നീതിപീഠങ്ങളുടെ കരുണ കാത്ത് കഴിയുന്ന സിസ്റ്റർ അഭയ ഉന്നതകുലജാതയാണ്. ക്രിസ്തുമതത്തിലെ വരേണ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്‌നാനായ സമുദായാംഗം.

കവിയൂർ കേസിലെ ദുരന്തനായികയുടെ പേരിനൊപ്പം അവളുടെ ജാതിപ്പേരുണ്ട് ശാരി.എസ്.നായർ.

ബ്രാഹ്മണ വംശത്തിൽ പിറന്നവളായിരുന്നു അനഘ എന്ന ഇനിയും നീതി ലഭിക്കാത്ത മറ്റൊരുവൾ.

ദളിതന്റെ ചന്തിയ്ക്കടിച്ചാൽ നിങ്ങൾക്ക് നോവുന്നതെന്തിനെന്ന് ചോദിക്കുന്നവർക്കൊപ്പം ചേർന്ന് നിന്നുകൊണ്ട് ദളിത നീതിയെ കുറിച്ച് അനവസരത്തിൽ സംസാരിക്കുമ്പോൾ, സ്വന്തം സംസ്‌കൃതിയെ അവഹേളിക്കുകയാണ് ജാനു നിങ്ങൾ ചെയ്യുന്നത്.

ഇനി ദളിതരുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന സി.കെ.ജാനു എന്ന താങ്കളെ കേരളത്തിന്റെ പൊതുസമൂഹം പലപ്പോഴും പിൻതുണച്ചത് നിങ്ങളുടെ കുലം നോക്കിയല്ല – മറിച്ച് നിങ്ങളും, പ്രസ്ഥാനവും പോരാടിയത് സാമൂഹിക നീതിയ്ക്കായാണ് എന്ന തിരിച്ചറിവ് കൊണ്ടാണ്.

janu-1

ദളിതന്റെ ചന്തിയ്ക്കടിച്ചാൽ നിങ്ങൾക്ക് നോവുന്നതെന്തിനെന്ന് ചോദിക്കുന്നവർക്കൊപ്പം ചേർന്ന് നിന്നുകൊണ്ട് ദളിത നീതിയെ കുറിച്ച് അനവസരത്തിൽ സംസാരിക്കുമ്പോൾ, സ്വന്തം സംസ്‌കൃതിയെ അവഹേളിക്കുകയാണ് ജാനു നിങ്ങൾ ചെയ്യുന്നത്. അതിനാൽ , ജാന്വേടത്തി ഒന്നറിയുക – കേരളത്തിന് ഇന്നും ഒരു വലിയ മനസ്സുണ്ട് : അതിന് മേൽ നിങ്ങൾ ജാതിസംവരണം ചാർത്താതിരിക്കുക.

 

c.k.janu and the use of dalits and racism in kerala politics

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top