വെളിപ്പെടുത്തലുകളും വെളിപാടുകളും കൊണ്ട് പൊറുതിമുട്ടിയ മലയാളി

ആരാണ് വെളിപ്പെടുത്താൻ യോഗ്യൻ എന്നതാണ് പ്രസക്തമായ ചിന്താ വിഷയം. ഒരു കോടതിയിലെ സാക്ഷികൾ ആരൊക്കെയാകണം എന്ന നിഷ്കർഷ ശ്രദ്ധിച്ചാൽ ഇതിനൊക്കെ ഒരു മര്യാദയും മയവും മാനവും വേണം എന്നത് വ്യക്തമാകും. ചാനലുകളിലൂടെ ഒഴുകി വരുന്ന വെളിപ്പെടുത്തലുകളുടെ മാലിന്യം പരത്തുന്ന ദുരന്തത്തിൽ മലയാളിയുടെ മനസും ശരീരവും ചീഞ്ഞു പോയിരിക്കുന്നു. ആർക്കും എന്തും എപ്പോഴും വെളിപ്പെടുത്താവുന്ന ചവറ്റുകുട്ടകളായി ന്യൂസ് റൂമുകൾ മാറിയിരിക്കുന്നു.
പോയവാരത്തിലെ ചില ചാനൽ വെളിപ്പെടുത്തലുകൾ മാധ്യമ വിദ്യാർഥികൾക്കായി ഷോക്കേസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിലൊന്ന് ജിഷ വധത്തിലെ പ്രതി അമീറുൽ ഇസ്ളാം എന്നയാളിന്റെ സഹോദരൻ ബദർ നടത്തിയ ‘വെളിപ്പെടുത്തൽ’ ആയിരുന്നു. മറ്റൊന്ന് കുറെ അജ്ഞാത മലയാളികൾ നടത്തിയതും വേണു -മാതൃഭൂമി- എന്ന മാധ്യമപ്രവർത്തകൻ കേട്ടതുമായ ഒരു ‘വെളിപ്പെടുത്തൽ’ ആയിരുന്നു. ഉറിയിൽ നടന്ന തീവ്രവാദി ആക്രമണം ‘ഒരു സൃഷ്ടി’ ആണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ട് എന്ന വേണുവിന്റെ – മാതൃഭൂമി ന്യൂസ്- ചോദ്യം ആണ് ആ വെളിപ്പെടുത്തൽ. ഇനി വെളിപാടാണ്. സംസ്ഥാനത്തിന്റെ ആകെ മൊത്തം മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസ് തന്റെ മുന്നിൽ അഭിമുഖമായി ഇരുന്ന വിവാദകവി കൂടിയായ ഒരു പയ്യനോട് “നീ പോയി ബലാത്സംഗം ചെയ്തേക്കരുത്…” എന്ന തികഞ്ഞ ഒരു ഉപദേശ രൂപേണയുള്ളതാണ് ആ വെളിപാട്.
ഒരെണ്ണം മാത്രം പരിശോധിക്കാം. തന്റെ സഹോദരൻ നിരപരാധി ആണെന്നും മറ്റൊരു മറുനാടൻ തൊഴിലാളിയായ അനാർ ഉൾ ആണ് ജിഷയുടെ യഥാർഥ കൊലയാളി എന്നും ബദർ ഒരു റോഡിന്റെ വക്കത്ത് നിന്ന് പറയുന്ന ‘വെളിപ്പെടുത്തൽ’ ആദ്യം ഏഷ്യാനെറ്റും പിന്നെ നിവർത്തികേട് കൊണ്ട് മറ്റു ചിലരും വീണ്ടും വീണ്ടും കാണിച്ചു കൊണ്ടേയിരുന്നു. ഇതോടെ പുതിയ മാധ്യമപ്രവർത്തകർക്കു നല്ലൊരു ആശയമാണ് ഏഷ്യാനെറ്റ് സംഭാവന ചെയ്തത്. വാർത്തകളൊന്നും ഇല്ലാത്ത ഒരു ദിവസം നോക്കി നേരെ കൊള്ളാവുന്ന ഒരു ജയിലിനു മുന്നിലേക്ക് മൈക്കും കാമറയുമായി പോവുക. സന്ദർശന സമയം ദിവസം എന്നിവ ശ്രദ്ധിക്കണം. ജയിൽ പുലികളെ കണ്ടു പുറത്തേക്കിറങ്ങുന്നവരെ തടഞ്ഞു നിർത്തുക.
“അമ്മെ … ആരാണ് ഇവിടെ തടവിലുള്ളത്…”
“മകനാണ്…”
“അമ്മേ …. എന്ത് കുറ്റത്തിന്റെ പേരിലാണ് മകനെ ഇവിടെ ഇട്ടിരിക്കുന്നത് ? ”
“അവനൊരു ബാങ്ക് കൊള്ള ചെയ്‌തെന്നും അവിടെ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെ കൊന്നുവെന്നും പോലീസ് പറയുന്നു. മാത്രമല്ല പുറത്തേക്കിറങ്ങും വഴി അവിടെ ഉണ്ടായിരുന്ന ഒരു ജീവനക്കാരിയെ ബലാത്സംഗവും ചെയ്തു…”
“സത്യത്തിൽ അമ്മയുടെ മകൻ കുഞ്ഞുമോൻ ഇതൊക്കെ ചെയ്തോ അമ്മേ … പറയൂ…പറയൂ… ”
“അയ്യോ മക്കളെ അവൻ അതൊന്നും .ചെയ്യൂല്ല.. തങ്കപ്പെട്ട സ്വഭാവമാ… കൊച്ചിലെ തന്നെ ചില്ലറ മോഷണവും കത്തിക്കുത്തും ചില്ലറ പെണ്ണുകേസും ഒക്കെ ഉണ്ടായിരുന്നെങ്കിലും പിന്നവൻ നല്ല ആളായി എന്ന് എന്നോട് പറഞ്ഞു. ദാണ്ടെ … ഇന്ന് കണ്ടപ്പോഴും എന്റടുത്ത് പറഞ്ഞു…”
നേരെ തിരിഞ്ഞു ക്യാമറയിലേക്ക് ….
“ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അമ്മിണിയമ്മയുടെ അതിഭീകരമായ വെളിപ്പെടുത്തൽ … കേരളത്തെ മരവിപ്പിച്ച നിഷ്ഠൂര കൊലപാതകത്തിന്റെയും ബാങ്ക് കൊള്ളയുടെയും ബലാത്സംഗത്തിന്റെയും പിന്നിൽ .കുഞ്ഞുമോനാണ്.. കുഞ്ഞു മോൻ ഒരു കുഞ്ഞു വാവയെപ്പോലെ പാവമാണെന്നു പെറ്റമ്മ അമ്മിണി ഞങ്ങളോട് വെളിപ്പെടുത്തി. കൂടുതൽ വെളിപ്പെടുത്തൽ ഉടൻ തന്നെ… “
ഈ തരത്തിൽ ആഴ്ചയിൽ ഒരു അഞ്ചെണ്ണം വച്ച് കാച്ചാവുന്നതാണ്. വിഷയം തരാതരം പോലെ വെറൈറ്റി ആക്കണം. ഡൽഹിയിൽ നിന്നാകുമ്പോൾ തീവ്രവാദിയെ വരെ നിരപരാധി ആക്കാം. അമ്മ , സഹോദരൻ, സഹോദരി, അച്ഛൻ , കുഞ്ഞമ്മ , അപ്പച്ചി തുടങ്ങി വെളിപ്പെടുത്തേണ്ടവരുടെ പട്ടികയിലും വെറൈറ്റി ആകണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here