Advertisement

റോഷൻ ആനന്ദത്തിലാണ്

October 28, 2016
2 minutes Read

റോഷൻ മാത്യൂസ് / ബിന്ദിയ മുഹമ്മദ്‌

ആനന്ദത്തിലെ പുതുമുഖങ്ങളുടെ കൂട്ടത്തിലാണ് റോഷനെ എല്ലാവരും കൂട്ടിയിരിക്കുന്നത്. എന്നാൽ ആ മുഖത്തേക്ക് ഒന്നു സൂക്ഷിച്ച് നോക്കിയേ… എവിടെയങ്കിലും കണ്ട പരിചയം ഉണ്ടോ എന്ന്? സത്യത്തിൽ പുതുമുഖം എന്ന് പറയുന്നുവെങ്കിലും മലയാള സിനിമയിലെ പുതുമുഖമല്ല റോഷൻ മാത്യൂസ്. പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തിലും ‘അടി കപ്യാരെ കൂട്ടമണി’യിലും റോഷൻ മലയാള സിനിമയിൽ മുമ്പും ‘അവതരിച്ചിട്ടുണ്ട്’.

എന്നാൽ ആനന്ദത്തിലൂടെയാണ് റോഷൻ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഗൗതം എന്ന പ്രധാന റോളിലാണ് റോഷൻ എത്തിയത്. ആനന്ദത്തിന്റെ വിശേഷം പങ്കുവെച്ച്  ട്വന്റിഫോർ ന്യൂസിന് നൽകിയ എക്‌സ്‌ക്‌ളൂസീവ് ഇന്റർവ്യൂ….

പുതുമുഖം എന്ന് പറയുന്നുവെങ്കിലും മലയാള സിനിമയിലെ പുതുമുഖമല്ല റോഷൻ മാത്യൂസ്.

അതെ. പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് ഞാൻ. കൂടാതെ ധ്യാൻ ശ്രീനിവാസൻ-അജു വർഗ്ഗീസ്-നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിലും ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ആനന്ദത്തിലേക്ക് എത്തിയത്

എല്ലാവരെയും പോലെ ഓഡിഷനിലൂടെയാണ് ഞാനും ആനന്ദത്തിലേക്ക് എത്തിയത്. എന്റെ കസിന്റെ സുഹൃത്ത് രാകേഷാണ് എന്നോട് ‘ആനന്ദം‘ എന്ന ചിത്രത്തെ കുറിച്ച് ആദ്യമായി പറയുന്നത്. വിനീത് ശ്രീനിവാസൻ, ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് എന്നിവരെ അദ്ദേഹത്തിന് നേരത്തെ ആറിയാം. അങ്ങനെ രാകേഷ് പറഞ്ഞിട്ടാണ് ഞാൻ ഗണേഷ് ചേട്ടന് (സംവിധായകൻ) എന്റെ ഫോട്ടോസും, മുമ്പ് ചെയ്ത വർക്കുകളുടെ ലിങ്കും, വീഡിയോസും എല്ലാം അയച്ച് കൊടുക്കുന്നത്. പിന്നീട് ഓഡിഷന് വേണ്ടി വിളിച്ചു. ചിത്രത്തിൽ അഭിനയിച്ച മറ്റ് താരങ്ങളായിട്ടുള്ള കെമിസ്ട്രിയൊക്കെ നോക്കിയതിന് ശേഷമാണ് സെലക്ടാക്കിയത്.

ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിരവധി പുതുമുഖങ്ങൾ….  എങ്ങനെയായിരുന്നു സെറ്റിൽ.

സെറ്റിൽ എല്ലാവരുമായിട്ട് നല്ല കമ്പനിയായിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരുമായി മിംഗിളായി. ഇത്ര നല്ല സുഹൃത്തുക്കളെ ഈ ചിത്രത്തിലൂടെ ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല.

മറ്റ് ചിത്രങ്ങളുടെ ഷൂട്ടിങ്ങ് സെറ്റുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിരുന്നു ആനന്ദത്തിന്റെ സെറ്റ് എന്ന് സിനിമയിൽ മുൻ പരിചയം ഉള്ള ഒത്തിരപേർ പറഞ്ഞ് കേട്ടു. ആനന്ദത്തിന്റെ സെറ്റിൽ വച്ച് ഞങ്ങൾക്ക് കിട്ടിയ സ്വാതന്ത്ര്യം ഞങ്ങളെ കുറച്ച് കൂടി കംഫർട്ടബിൾ ആക്കി.

ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം

ആനന്ദം കാണാൻ തിയേറ്ററിൽ പോകുന്ന വരെ എനിക്ക് ശരിക്ക് സംസാരിക്കാനോ നടക്കാനോ ഇരിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല…വല്ലാത്തൊരു അവസ്ഥ. എന്നാൽ തിയേറ്ററിൽ പോയി സിനിമ തുടങ്ങിയതും എൽജെ ഫിലിംസ് എന്നൊക്കെ എഴുതി കാണിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു. അത് വരെ മനസ്സിൽ ഉണ്ടായിരുന്ന ആശങ്കകളും പേടിയുമെല്ലാം അണപൊട്ടി ഒഴുകിയപോലെ…ആനന്ദാശ്രു എന്നൊക്ക പറയാം. ഒപ്പം വന്ന അമ്മയേയും അച്ഛനെയും നാണം കെടുത്തുന്ന രീതിയിൽ പൊട്ടിക്കരഞ്ഞു ഞാൻ.

അടുത്ത ചിത്രത്തിലെ സെറ്റും, അറ്റമോസ്ഫിയറുമെല്ലാം ആനന്ദത്തിലേത് പോലെ വേണമെന്നാണ് റോഷന്റെ ആഗ്രഹം….

ചിത്രത്തിന്റെ സംവിധായകൻ, സിനിമറ്റോഗ്രാഫർ, പ്രൊഡ്യൂസർ എന്നിവരെല്ലാം നേരത്തെ തന്നെ തമ്മിൽ അറിയാവുന്നവരാണ്, സുഹൃത്തുക്കളാണ്. അവരുടെ ഇടയിൽ നല്ല അണ്ടർസ്റ്റാന്റിങ്ങ് ഉണ്ടായിരുന്നു. അവർ അത്ര നന്നായി കമ്മ്യൂണേകേറ്റ് ചെയ്ത് ഒരുമിച്ച് നിന്നത് കൊണ്ടാണ് ഞങ്ങൾക്ക് അവരുദ്ദേശിച്ച കാര്യം ഇത്ര എളുപ്പം മനസ്സിലായത്. അത്തരത്തിലുള്ള ഒരു അടുപ്പമാണ് ഞാൻ ഇനിയുള്ള എന്റെ ചിത്രങ്ങളിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത ചിത്രത്തിലെ സെറ്റും, അറ്റമോസ്ഫിയറുമെല്ലാം ആനന്ദത്തിലേത് പോലെ വേണമെന്നാണ് എന്റെ ആഗ്രഹം.

സെലിബ്രിറ്റിയായി; ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങി…എന്ത് തോന്നുന്നു

എല്ലാം വളരെ പെട്ടെന്നായിരുന്നു. വിചാരിച്ചിരുന്നില്ല ഇത്ര പെട്ടെന്ന് ഇത്തരത്തിൽ ഒരു ഫെയിം വരുമെന്ന്. ഇതിന് മുമ്പ് സിനിമകൾ ചെയ്തപ്പോൾ ചുരുക്കും ചിലയാളുകൾ മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളു. പക്ഷേ ആനന്ദത്തിലൂടെയാണ്  ആളുകൾ കൂടുതലായി തിരിച്ചറിഞ്ഞു തുടങ്ങിയത്. അതിൽ സന്തോഷമുണ്ട്. ഞങ്ങൾ 7 പേരും ഒരുമിച്ച് പുറത്തിറങ്ങിയപ്പോഴെല്ലാം നല്ല റെസ്‌പോൺസ് കിട്ടിയിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഇനി ഒറ്റക്ക് കാണുമ്പോൾ തിരിച്ചറിയപ്പെടുമോ എന്ന് അറിയില്ല….

roshan mathew, anandam, interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top