കുമ്മനത്തിനെതിരെ നസറുദ്ദീൻ; കടയടച്ച് സമരം പിൻവലിക്കാൻ കാരണം ഇതാണ്

കടയടച്ച് സമരം നടത്താൻ തീരുമാനിച്ച വ്യാപാരി വ്യവസായി ഏകോന സമിതി സമരം പിൻവലിച്ചത് യാതൊരു ഉറപ്പും നൽകിയിട്ടല്ലെന്ന കുമ്മനം രാജശേഖരന്റെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി വ്യാപാരി വ്യവസായി ഏകോന സമിതി അധ്യക്ഷൻ ടി എ നസറുദ്ദീൻ.
കേന്ദ്ര സർക്കാർ ഉദാരമായ വ്യവസ്ഥയിൽ നോട്ടുകൾ എടുത്തുകൊള്ളാമെന്നും ഡിസംബർ 30 വരെ പഴയ നോട്ടുകൾ കൈവശം വെക്കാമെന്നും കുമ്മനം ഉറപ്പ് നൽകിയെന്നാണ് നസറുദ്ദീൻ പറയുന്നത്.
ഉദ്യോഗസ്ഥരെ വെച്ച് വ്യാപാരികളെ പീഡിപ്പിക്കുകയില്ലെന്നും ഉദ്യോഗസ്ഥന്മാർ കടയിൽ കയറി വന്നാൽ അവരുടെ ഫോട്ടോ എടുത്ത് കൊടുത്താൽ നടപടികൾ എടുക്കാമെന്നും കുമ്മനം ഉറപ്പുനൽകിയതായും നസറുദ്ദീൻ പറഞ്ഞു.
വ്യാപാരി വ്യവസായ എകോപന സമിതി നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം പിൻവലിക്കുന്നതായി ഇന്നു രാവിലെയാണ് ടി. നസറുദ്ദീൻ അറിയിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത്തരമൊരു ഉറപ്പ് നൽകിയിട്ടില്ലെന്നും സമരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാൽ പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും കുമ്മനം പ്രതികരിച്ചിരുന്നു.
strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here