ചില്ലറ കിട്ടിയാൽ ജ്ഞാനപീഠം കിട്ടിയാലും ഉണ്ടാകാത്ത സന്തോഷം, ഇതിനെല്ലാം ഇന്ത്യയിൽ ജീവിക്കണം : ബെന്യാമിൻ

നോട്ട് പിൻവലിച്ചതോടെ ചില്ലറയ്ക്ക് ക്ഷാമം നേരിടുന്ന രാജ്യത്തിൽ ചില്ലറ കിട്ടുന്നതാണ് ഏറ്രവും വലിയ സന്തോഷമെന്ന് സാഹിത്യകാരൻ ബെന്യാമിൻ. ആ സന്തോഷം ജ്ഞാനപീഠം കിട്ടുന്നതിലും വലുതാണെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്ന് രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടി. ജ്ഞാനപീഠം കിട്ടിയാൽ ഇത്ര സന്തോഷവും അഭിമാനവും തോന്നില്ല. അതാണ് ഇന്ത്യൻ ജീവിതത്തിന്റെ ഒരു സുഖം, ഇങ്ങനെ തുടങ്ങുന്നു പോസ്റ്റ്. ഇന്ത്യയിൽ ജീവിക്കുന്നതുകൊണ്ട് ഇടയ്ക്കിടെയെങ്കിലും ഒന്ന് സന്തോഷിക്കുന്നുവെന്നും ആടുജീവിതത്തിന്റെ കഥാകാരൻ കുറിച്ചു.
അമേരിക്കയെയും ഇന്ത്യയെയും താരതമ്യപ്പെടുത്തുന്ന ഒരുകഥകൂടി ബെന്യാമിൻ പങ്കുവെക്കുന്നു. എല്ലാ സുഖമമായി നടക്കുന്ന അമേരിക്കയിൽ ഒരു സുഖവുമില്ല. എല്ലാം വല്ലപ്പോഴും നടക്കുന്ന ഇന്ത്യയിലാകട്ടെ ഇടയ്‌ക്കൊന്ന് വെള്‌ലം വന്നാലും കറന്റ് വന്നാലും അതുകൊണ്ട് ഭയങ്കര സുഖമാണെന്നും അദ്ദേഹം പോസ്റ്റിലൂടെ പരിഹസിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടി. ജ്ഞാനപീഠം കിട്ടിയാൽ ഇത്ര സന്തോഷവും അഭിമാനവും തോന്നില്ല. അതാണ് ഇന്ത്യൻ ജീവിതത്തിന്റെ ഒരു സുഖം..!
ഒരിക്കൽ ഒരു നോർത്ത് ഇന്ത്യൻ സുഹൃത്ത് പറഞ്ഞ ഒരു കഥയുണ്ട്. അമേരിക്കയിൽ പോയിട്ടു വന്ന അമ്മാവനോട് എങ്ങനെയുണ്ട് അവിടുത്തെ ജീവിതം എന്നു ചോദിച്ചപ്പോൾ ഒരു രസവുമില്ല എന്നായിരുന്നത്രേ മറുപടി. കാരണം അന്വേഷിച്ചപ്പോൾ പറഞ്ഞത് ‘അവിടെ എന്താ.. സ്വിച്ചിട്ടാൽ ലൈറ്റ് ഓണാവും ടാപ്പു തുറന്നാൽ വെള്ളം വരും ഒരു രസവുമില്ല. എന്നാൽ നമ്മുടെ ഇന്ത്യ.. സ്വിച്ചിട്ടാൽ ലൈറ്റ് ഓണായെന്നു വരാം. ഓണായില്ലെന്നു വരാം. ടാപ്പു തുറന്നാൽ വെള്ളം വന്നു എന്നുവരാം. വെള്ളം വന്നില്ല എന്നു വരാം. അപ്പോൾ നമുക്ക് ദേഷ്യവും സങ്കടവും വരും. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ പെട്ടെന്ന് ലൈറ്റ് ഓണാവും ഫാൻ കറങ്ങും വെള്ളം വരും. അപ്പോൾ ഒരിക്കലും ഉണ്ടാവാത്ത ഒരു സന്തോഷം വരും. സന്തോഷം വേണോ ഇന്ത്യയിൽ ജീവിക്കണം…!’
ഞാൻ ഇന്ത്യയിൽ ജീവിക്കുന്നു. ഇടയ്ക്കിടെയെല്ലാം സന്തോഷിക്കുന്നു…!!
benyamin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here