നോട്ട് നിരോധനം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എം.ടി

നോട്ട് നിരോധന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എംടി വാസുദേവൻ നായർ രംഗത്ത്. കറൻസി പിൻവലിച്ച് രാജ്യങ്ങളെല്ലാം നേരിട്ടത് വലിയ ആപത്താണെന്നും, നോട്ട് പിൻവലിക്കൽ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും എംടി പറഞ്ഞു. തിരൂരിൽ തുഞ്ചൻപറമ്പിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ കള്ളപ്പണ വേട്ട: മിഥ്യയും യാഥാർഥ്യവും എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുഗ്ലക്ക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല മറിച്ച് തന്റെ പരിഷ്‌കാരങ്ങൾ ആരും എതിർക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിർശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാൻ അദ്ദേഹം തുനിഞ്ഞത്. തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാനത്തുള്ളവർക്കു പുറമെ റിസർവ് ബാങ്കും നിലപാട് മാറ്റി മാറ്റി പറയുകയാണ്. കേരളം ഇതിനെ എങ്ങനെ ചെറുക്കുമെന്ന് ചിന്തിക്കാൻ നാം ബാധ്യസ്ഥരാണെന്നും എംടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here