ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കോളേജിൽ മാനേജ്‌മെന്റിന്റെ ഇടിമുറി
ജിഷ്ണുവിന്റെ മരണം മാനേജ്‌മെന്റ് നടത്തിയ വലിയ പീഡനത്തെ തുടർന്നെന്ന് വെളിപ്പെടുത്തൽ
എതിർക്കുന്ന വിദ്യാർഥികളെ മാരകമായി മർദിക്കാൻ പോലീസ് മാതൃകയിൽ ഇടിമുറി
അരവിന്ദ് വി / ക്രൈം റിപ്പോർട്ട്
നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ നടത്തുന്ന പാമ്പാടി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ചത് മാനേജ്‌മെന്റിന്റെ ക്രൂരത എന്ന് തെളിയിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ എത്തുന്നു. കോപ്പിയടിച്ചത് പിടിച്ചതിലുള്ള മനോവിഷമത്തില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതാകാമെന്ന വാദമായിരുന്നു കോളേജ് അധികൃതര്‍ ഉയർത്തിയത്. അതെ സമയം ലഭ്യമാകുന്ന വെളിപ്പെടുത്തലുകൾ കോളേജിന്റെ വാദങ്ങൾക്ക് എതിർ തെളിവുകളായാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
മൂക്കിന്റെ വലതു ഭാഗത്ത് രക്തം കനച്ചു കിടക്കുന്നു – ശരീരത്തിലെ പാടുകൾ
ജിഷ്ണുവിന്റെ ശരീരത്തിലെ പാടുകൾ ആരോ മർദിച്ചതിൽ നിന്നുണ്ടായതാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു. മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ മര്‍ദ്ദിച്ചെന്നും അതിന്റെ പാടുകള്‍ ആണ് ശരീരത്തിന്റെ പല ഭാഗത്തുമുണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മര്‍ദ്ദനമേറ്റത്. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ടെന്നും ഉള്ളം കാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ട്. ഈ കാഴ്ചകൾ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരും നാട്ടുകാരും കാണുകയും ചെയ്തു.
വിദ്യാര്‍ഥികളെ തല്ലാന്‍ മാനേജ്‌മെന്റ് വക ഇടിമുറി
വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് വിദ്യാര്‍ഥിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞിരുന്നത്. ഉപദേശിച്ചാല്‍ ശരീരത്തില്‍ എങ്ങനെയാണ് മര്‍ദനമേറ്റത്തിന്റെ പാടുകള്‍ ഉണ്ടാവുകയെന്നാണ് വിദ്യാർഥികളുടെയും ബന്ധുക്കളുടെയും സംശയം.
വൈസ് പ്രിൻസിപ്പാളിന്റെ മുറി എന്നത് പോലീസ് സേനയൊക്കെ നിയമവിരുദ്ധമായി പരിപാലിക്കുന്ന ഇടിമുറികൾക്കു തുല്യമായ ഒന്നാണെന്ന് അനുഭവസ്ഥരായ വിദ്യാർഥികൾ ഇപ്പോൾ വെളിപ്പെടുത്തുന്നു.
മാനേജ്‌മെന്റിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ കോളേജില്‍ ഒരു ഇടിമുറിയുണ്ടെന്നു നേരത്തെ മുതൽ തന്നെ പറഞ്ഞു കേട്ടിരുന്നുവെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഇടിയ്ക്ക് വേണ്ടി രേഖകളിൽ ഇല്ലാത്ത ചില ഗുണ്ടകൾ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ച് കോളേജിനുള്ളിൽ കറങ്ങി നടക്കുന്നുണ്ട്. ഈ ഗുണ്ടാ സംഘത്തെ നയിക്കുന്നത് നേതൃത്വം നല്‍കുന്നതും കോളേജ് പി.ആര്‍.ഒ.യും മുന്‍മന്ത്രി കെ. പി. വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് വിശ്വനാഥനാണെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.
പ്രശാന്ത് എന്ന അദ്ധ്യാപകൻ അടിച്ച അടി
മാനേജ്‌മെന്റിനോടുള്ള വിദ്യാർഥികളുടെ ഭയം തുടങ്ങുന്നതിന് കോളേജിനോളം തന്നെ പഴക്കമുണ്ട്. ഓരോ വർഷവും പല തരത്തിലുള്ള പൊട്ടിത്തെറികളും ഉണ്ടാകാറുണ്ടെങ്കിലും മാനേജ്‌മെന്റ് അതെല്ലാം കായികമായി ഒതുക്കും. മാനേജ്‌മെന്റിന്റെ ചെയ്തികള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ ഹാജരിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും പേരില്‍ ഭീഷണിപ്പെടുത്തുന്ന രീതിയാണ് നെഹ്റു കോളേജില്‍ കാലങ്ങളായി നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം പ്രശാന്ത് എന്ന അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചിരുന്നു. ക്ലാസില്‍ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം നൽകിയില്ല എന്നതായിരുന്നു വിദ്യാർത്ഥിയുടെ തെറ്റ്. വിഷയം വിദ്യാർഥികൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കി. അദ്ധ്യാപകന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചെങ്കിലും ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യം പറഞ്ഞു മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ മർദ്ദനത്തിന്റെ ഭീഷണിയും. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിക്കാന്‍ പല വിദ്യാര്‍ഥികള്‍ക്കും ഭയമാണ്.
പ്രവീൺ എന്ന അദ്ധ്യാപകൻ
വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തിന്റെ തുടക്കം. പാമ്പാടി നെഹ്റു എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയി പരീക്ഷയ്ക്കിടയില്‍ അടുത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ പേപ്പറിലേക്ക് നോക്കിയെന്നും ഇത് കോപ്പിയടിക്കാനാണെന്നും ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകനാണ് ഹാളില്‍ നിന്ന് പുറത്താക്കിയത്.
പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും പരസ്യമായി പരിഹസിക്കുകയും ചെയ്തു. സംഭവം യൂണിവേഴ്സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഡീബാര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്നതിന് തെളിവായി ഒരു തുണ്ടുപേപ്പര്‍ പോലും അധ്യാപകന്‍ വിദ്യാര്‍ഥിയില്‍നിന്ന് കണ്ടെടുത്തിരുന്നില്ല.
പുറത്താക്കിയ ജിഷ്ണുവിനെ പിന്നീട് വൈസ് പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് കൊണ്ട് പോയി. വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് വിദ്യാര്‍ഥിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞിരുന്നത്. ഓഫീസില്‍ പോയിട്ടു വന്ന ജിഷ്ണു വൈകുന്നേരത്തോടെ ഹോസ്റ്റലില്‍ കയറി മുറിയടച്ചു. ആറുമണിക്കു ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാനില്ലെന്നത് മറ്റ് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടു. സഹപാഠികൾ നടത്തിയ അന്വേഷണത്തില്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. ജിഷ്ണു തുങ്ങിമരിച്ചു നില്‍ക്കുന്ന കാഴ്ചയാണ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന സഹപാഠികള്‍ കണ്ടത്. ജിഷ്ണു ഞരമ്പു മുറിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.
ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകനായ പ്രവീണിനെ വിളിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മറ്റൊരു വിദ്യാര്‍ത്ഥി കാറുമായെത്തിയാണ് ജിഷ്ണുവിനെ ആശുപത്രിയിലാക്കിയത്. അരമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും ജിഷ്ണു മരണത്തിന് കീഴടങ്ങിയിരുന്നു.
shocking news; jishnu brutally injured by guda attack , nehru college , pampadi college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here