ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ തിരുവനന്തപുരത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ സ്റ്റേജ് ഷോ എന്റെ രക്ഷകന്‍ അവതരണത്തിനൊരുങ്ങുന്നു. 150 കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടിയില്‍ അമ്പതോളം പക്ഷികളും മൃഗങ്ങളും രംഗത്ത് എത്തും. 20സെന്റ് വിസതൃതിയിലാണ് സ്റ്റേജ് ഒരുങ്ങുന്നത്. രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് കൂറ്റന്‍ സെറ്റുകള്‍. സൂര്യ കൃഷ്ണ മൂര്‍ത്തിയാണ് രംഗാവിഷ്കാരവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
വി. മധുസൂദനന്‍ നായരുടെ വരികള്‍ക്ക് പണ്ഡിറ്റ് രമേശ് നാരായണനാണ് ഈണം പകര്‍ന്നിരിക്കുന്നത്. മാസം തോറും രണ്ട് സ്ഥലങ്ങളിലായി മൂന്ന് ദിവസമാണ് എന്റെ രക്ഷകന്‍ പ്രദര്‍ശനത്തിന് എത്തുക. അഞ്ച് കൊല്ലം കൊണ്ട് നൂറ് സ്ഥലങ്ങളിലാണ് പ്രദര്‍ശനം നടത്തുക. ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയും മാര്‍ക്രിസോസ്റ്റം വേള്‍ഡ് പീസ് ഫൗണ്ടേഷനും സൂര്യയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 21, 23 തീയ്യതികളില്‍ സൂര്യയുടെ അംഗങ്ങള്‍ക്ക് വേണ്ടിയും 24ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിലും പ്രദര്‍ശനം നടക്കും. നൂറ് വയസ് തികയുന്ന മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിച്ചുകൊണ്ടാണ് ആദ്യത്തെ അവതരണം.
കേരള കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സിലിന്റേയും വിവിധ പള്ളി മേലധ്യക്ഷന്മാരുടേയും കന്യസ്ത്രീകളുടേയും സാന്നിധ്യത്തില്‍ ജനുവരി 20ന് വൈകിട്ട് 7മണിക്ക് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്ക്കൂള്‍ ഗ്രൗണ്ടിലാണ് ആദ്യ പ്രദര്‍ശനം.