രൂപേഷും ശിൽപ്പയും വിവാഹിതരായതിന് ഒരു പ്രത്യകതയുണ്ട്

ഇന്നലെ ടി.ഡി റോഡിലെ എസ്.എസ് കലാമന്ദിറിൽ നടന്ന രൂപേഷിന്റെയും ശിൽപ്പയുടെയും വിവാഹത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഹരിത മാർഗരേഖയ്ക്ക് അനുസൃതമായാണ് വിവാഹം സംഘടിപ്പിച്ചത് . ഗൗഡസാരസ്വത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ്.
സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി വിവാഹച്ചടങ്ങുകളിലും സൽക്കാരങ്ങളിലും ഹരിതമാർഗരേഖ നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയായിട്ടായിരുന്നു ഗൗഡസാരസ്വത സേവാസംഘത്തിന്റെ ഈ നീക്കം. സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവാഹങ്ങളിലും ചടങ്ങുകളിലും ഹരിത മാർഗരേഖ പാലിക്കുമെന്ന് ഭാരവാഹികൾ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുല്ലയെ അറിയിച്ചു.
ജില്ലയിൽ ഹരിത മാർഗരേഖ പാലിച്ച് നടത്തുന്ന രണ്ടാമത്തെ വിവാഹത്തിലെ വധൂവരൻമാർക്ക് ആശംസ നേരാൻ ജില്ലാ കളക്ടർ നേരിട്ടെത്തി. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓഡിനേറ്റർ സി.കെ. മോഹനൻ, പെലിക്കൻ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. സി.എൻ. മനോജ് എന്നിവരും പങ്കെടുത്തു. വധൂവരൻമാർക്കുള്ള പ്രശംസാപത്രം കളക്ടർ സമ്മാനിച്ചു.
പെരുമ്പാവൂർ തുണ്ടിയിൽ രാജേഷ് ജോർജ് ജോസഫും പടമുകൾ കുട്ടേടത്ത് നിസി മേരി ജോസഫും തമ്മിൽ ഈ മാസം 12ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിലും ഹരിത മാർഗരേഖ പാലിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗിക്കാവുന്നതുമായ സാധന സാമഗ്രികളാണ് ഹരിത മാർഗരേഖയിൽ നിർദേശിച്ചിട്ടുള്ളത്. പ്ലാസ്റ്റികും പേപ്പർ പാത്രങ്ങളും കുപ്പികളും വിവാഹച്ചടങ്ങുകളിലുണ്ടാകില്ല. അലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടായിരിക്കും.
roopesh shilpa marriage haritha marga rekha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here