യോദ്ധയ്ക്ക് 25 വയസ്സ്

മലയാള സിനിമയുടെ സുവർണ്ണകാലമായിരുന്നു തൊണ്ണൂറുകൾ. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, സന്ദേശം, ഇൻ ഹരിഹർ നഗർ, കിലുക്കം, മണിച്ചിത്രത്താഴ് എന്നിങ്ങനെ മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ഒപ്പം കരയിക്കുകയും ചെയ്ത നിരവധി ചിത്രങ്ങൾ മിന്നിമാഞ്ഞ കാലഘട്ടമായിരുന്നു അത്.
ലോകപ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻമലയാളത്തിൽ ആദ്യമായി സംഗീതം നിർവ്വഹിച്ചതും ഈ കാലയളവിൽ തന്നെയാണ്. ‘യോദ്ധ’ എന്ന മോഹൻലാൽ ചിത്രത്തിനാണ് ആ ക്രെഡിറ്റ്. ലാമയെയും, റിംബോച്ചിയെയും ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ചിത്രവും കൂടിയായിരുന്നു സെപ്തംബർ 1992 ൽ ഇറങ്ങിയ യോദ്ധ.
ആക്ഷനും, കോമഡിയും, പ്രണയവും, ബുദ്ധ കഥകളും സംയോജിപ്പിച്ച ഏക ചിത്രമാണ് യോദ്ധ. യോദ്ധയിലെ ആക്ഷൻ രംഗങ്ങൾ അന്നത്തെ യുവത്വത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു, പാട്ടുകളും.
തൈപ്പറമ്പിൽ അശോകനും, അരിശുമ്മൂട്ടിൽ അപ്പുക്കുട്ടനും തമ്മിലുള്ള രസകരമായ മത്സരങ്ങളിൽ നിന്നും നാമറിയാതെ തന്നെ കാത്മണ്ഢുവിലെ റിമ്പോച്ചി കഥകളിലേക്കും, അവിടെ നിന്ന് ദുർമന്ത്രവാദികളായവരുമായുള്ള പിരിമുറുക്കം സൃഷ്ടിക്കുന്ന അവസ്താന്തരങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോയത് ശക്തമായ കഥയുടേയും കഥാപാത്രങ്ങളുടേയും കഴിവ് ഒന്നുകൊണ്ട് മാത്രമാണ്.
സംഗീത് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശശിധരൻ ആറാട്ടുവഴിയാണ്. ചിത്രത്തിലെ ‘റിമ്പോച്ചി’യുടെ കഥാപാത്രം അവതരിപ്പിച്ച സിദ്ധാർത്ഥയ്ക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും,എ ശ്രീകർ പ്രസാദിന് മികച്ച എഡിറ്ററിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
യോദ്ധ ഇറങ്ങി 25 വർഷം തികയുമ്പോഴും, മലയാളികൾ ചിത്രത്തിലെ ഉണ്ണിക്കുട്ടനേയും, അക്കോസേട്ടനെയും അപ്പു കുട്ടിനേയും, കുട്ടിമാമയേയും, ഡോൾമി അമ്മായിയേയുമെല്ലാം ഇന്നും ഓർത്തിരിക്കുന്നു. ചിത്രത്തിലെ ‘അശോകന് ക്ഷീണമാകാം’ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം’ ‘കുട്ടിമാമ ഞാൻ ഞെട്ടി മാമ’ ‘കലങ്ങിയില്ല’ എന്നീ ഡയലോഗുകൾ ഇന്നും മലയാളികൾ നിത്യസംഭാഷണത്തിലെ ഒരുഭാഗമായതും അതിനൊരു അടയാളമാണ്.
today marks 25th anniversary of yodha malayalam movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here