ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ല് കീറി എറിഞ്ഞു, ലോക്സഭയിൽ നടന്നത് നാടകീയ രംഗങ്ങൾ; പ്രതിഷേധം വകവെക്കാതെ ബില്ല് അവതരിപ്പിച്ച് അമിത് ഷാ

ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടെയാണ്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിട്ടും ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവിൽ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ആണ് അവതരിപ്പിച്ചത്. പ്രതിപക്ഷം ശക്തമായ എതിർപ്പാണ് ഉന്നയിച്ചത്.
ഭരണഘടനാ (130 ഭേദഗതി) ബിൽ, ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറീസ് (അമെൻഡ്‌മെന്റ്) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടനാ (ഭേദഗതി) ബിൽ 2025 എന്നിവയാണ് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
അമിത് ഷാ ബില്ലിനെ കുറിച്ച് സംസാരിക്കുന്നതിനടെ കോൺഗ്രസിന്റെ കെ.സി. വേണുഗോപാൽ, ടി.എം.സിയുടെ കല്യാൺ ബാനർജി എന്നിവരുൾപ്പെടെ നിരവധി എംപിമാർ ബില്ലിന്റെ പകർപ്പുകൾ സഭയിൽ കീറിയ എറിഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങിയ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലെ തർക്കം കയ്യാങ്കളിയുടെ വക്കോളമെത്തി. തുടർന്ന് സഭ നിർത്തിവെക്കുകയും ചെയ്തു. സഭ ഉച്ചയ്ക്ക് ശേഷം പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചുകൊണ്ടിരുന്ന സഭയുടെ നടുത്തളത്തിൽ മാർഷലുകളെ വിന്യസിച്ചു. എന്നാൽ, പിന്നീട് സ്പീക്കർ അവരോട് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
Read Also: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബിൽപാസാക്കി ലോക്സഭ
പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ രംഗത്തെത്തിയതും ലോക്സഭയിൽ കണ്ടു. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിക്കുന്നുവെന്നും സഭയിൽ മാന്യത പാലിക്കണമെന്നും പ്രതിപക്ഷത്തോട് സ്പീക്കർ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ ധാർമികതയ്ക്ക് വേണ്ടിയുള്ള ബില്ല് കൊണ്ടുവരുമ്പോൾ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സ്പീക്കർ ചോദിച്ചു.
ബിൽ ജനാധിപത്യവിരുദ്ധവും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വയ്ക്കുന്നതെന്നുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ധാർമികതയാണ് വിഷയമെങ്കിൽ അമിത് ഷാ എങ്ങനെ ആഭ്യന്തരമന്ത്രിയാകുമെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ആരോപണമുയർന്ന സമയത്ത് താൻ രാജിവച്ചെന്ന് കെ സി വേണുഗോപാലിന് അമിത് ഷായുടെ മറുപടി നൽകി. ഇതിനിടെ ബഹളത്തിനിടെ കയ്യേറ്റം ചെയ്‌തെന്ന് തൃണമൂൽ അംഗം ആരോപണം ഉന്നയിച്ചു. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും രവ്‌നീത് ബിട്ടുവും തങ്ങളുടെ വനിതാ എംപിമാരെ ആക്രമിച്ചതായായിരുന്നു ആരോപണം.
അതേസമയം പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിടാൻ തീരുമാനിച്ചു. 31 അംഗ സംയുക്ത പാർലമെന്ററി സമിതി ബിൽ പരിഗണിക്കും. പാർലമെന്റിന്റെ അടുത്തസമ്മേനളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കും. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ചേർന്നതാണ് ജെപിസി.
Story Highlights : Chaos in Lok Sabha as MPs hurl torn copies of bills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here