ബിയോൺഡ് ബോഡേഴ്സിൽ ലാൽ ജീവൻ പണയം വെച്ച് എടുത്ത ഷോട്ടുകളെ കുറിച്ച് മേജർ രവി

1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി മേജർ രവി ചിത്രം ഒരുങ്ങുന്നു. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ഈ ചിത്രം ഇന്ത്യൻ സൈന്യത്തിന്റെ അതിപ്രധാനമായ ടാങ്ക് യുദ്ധത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യാ പാക് യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്റെ അതിപ്രധാനമായ ടാങ്ക് യുദ്ധത്തിനിടെ നടന്ന ഒരു സംഭവമാണ് കഥയുടെ ത്രെഡ്. ആ രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ രാജസ്ഥാനിൽ എത്തിയപ്പോഴാണ് സിനിമയുടെ ചിത്രീകരണം അത്ര സുഖരകരമാവില്ലെന്നതിന്റെ ആദ്യ സൂചന സംവിധായകൻ മേജർ രവിക്ക് ലഭിക്കുന്നത്.
ഷൂട്ടിങ്ങ് സംഘം ലൊക്കേഷനിലേക്ക് പോകുന്ന വഴി മരുഭൂമിയിലുടനീളം പോത്തുകൾ ചത്തുകിടക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പ്രഥമദൃഷ്ടിയാൽ വന്യമൃഗങ്ങൾ കൊന്നതല്ല ഈ പോത്തുകളെയെന്ന് സംഘത്തിന് വ്യക്തമായി. കാരണം അവയുടെ ദേഹത്ത് ഒരു മുറിവ് പോലും ഉണ്ടായിരുന്നില്ല.
അവിടുത്തെ സൈനീക ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്ത് വിടുന്നത്. അവിടെ കൊടുംവിഷമുള്ള വിവിധയിനം പാമ്പുകളുണ്ട്. അവയുടെ വിഷമേറ്റാണ് പോത്തുകൾ ചത്തത്.
എന്നാൽ മോഹൻലാലിനെ ഇക്കാര്യം സംവിധായകൻ അറിയിച്ചെങ്കിലും അദ്ദേഹം ഷൂട്ടിങ്ങുമായി മുമ്പോട്ട് പോകുവാൻ നിർദ്ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഷൂട്ടിങ്ങ് സംഘത്തിന് നൽകിയ ഊർജ്ജം ചെറുതൊന്നുമല്ലെന്ന് മേജർ രവി പറയുന്നു.
പാമ്പ് ശല്യത്തിൽ നിന്നും രക്ഷനേടാൻ ഷൂട്ടിങ്ങ് സംഘത്തിലെ എല്ലാവർക്കും പട്ടാള ബൂട്ട്സ് നിർബന്ധമാക്കുകയും, സെറ്റിൽ പാമ്പ് വരാതെ ഇരിക്കാൻ പ്രത്യേക തരം സ്പ്രേ അടിക്കുകയും ചെയ്തു.
മറ്റൊരു പ്രതിസന്ധി ടാങ്ക് മൂലമായിരുന്നു. ടാങ്ക് യുദ്ധത്തിന്റെ കഥപറയുന്ന ഈ ചിത്രത്തിനായി നിരവധി ടാങ്കുകൾ എത്തിയരുന്നു. അവയുടെ കാതടപ്പിക്കുന്ന ശബ്ദവും, അവ ചലിക്കുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങളും ഷൂട്ടിങ്ങിൽ താരങ്ങളേയും അണിയറപ്രവര്ത്തകരേയും നന്നായി ബുദ്ധിമുട്ടിച്ചു.
ഒന്നിന് പിറകെ ഒന്നായി ടാങ്കുകൾ പോകുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. ഏറ്റവും മുന്നിൽ ടാങ്ക് ഓടിക്കുന്ന ജവാനോട് ഒരു നിശ്ചിത സമയം കഴിയുമ്പോൾ ടാങ്ക് തിരിക്കണം എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. മറ്റ് ടാങ്കുകളും കൃത്യമായ അകലം പാലിച്ച് അതിന് പിന്നാലെ ഉണ്ടാകും. ആക്ഷൻ പറഞ്ഞ് ടാങ്ക് ഓടി തുടങ്ങിയാൽ പൊടി പടലം ഉയരും. പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല. മാത്രമല്ല ഉച്ചത്തിലുള്ള ശബ്ദമായതിനാൽ മൈക്കിലൂടെ വിളിച്ച് പറഞ്ഞാൽ പോലും ആർക്കും ഒന്നും കേൾക്കാൻ കഴിയില്ല.
ഏറ്റവും മുന്നിൽ പോകുന്ന ടാങ്ക് തിരിയാൻ അൽപ്പമൊന്ന് വൈകിയാൽ പിന്നാലെയുള്ള ടാങ്കിന്റെ ബാരൽ മുന്നിലുള്ള ടാങ്കിന്റെ ബാരലിൽ ചെന്നിടിക്കുകയും, അത് വൻ സ്ഫോടനത്തിന് വഴിയൊരുക്കുകയും ചെയ്തേനെ. എന്നാൽ ഈശ്വരാനുഗ്രഹം കൊണ്ട് യാതൊന്നും സംഭവിച്ചില്ലെന്നും മേജർ രവി പറയുന്നു.
ഒരു ആർടിസ്റ്റും ഇത്തരത്തിൽ ഒരു രംഗത്തിൽ അഭിനയിക്കാൻ തയ്യാറാവില്ലായിരുന്നു. എന്നിട്ടും മോഹൻലാൽ എന്ന അതുല്യ പ്രതിഭ ഈ റിസ്കും ചിത്രത്തിന് വേണ്ടി ഏറ്റെടുക്കാൻ തയ്യാറായി. ലാലേട്ടന്റെ വേറെ അവതാരമായിരിക്കും ഈ ചിത്രത്തിലൂടെ പ്രേക്ഷകർ കാണാൻ പോകുന്നതെന്നും മേജർ രവി പറയുന്നു.
major ravi about mohanlal in beyond the borders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here