Advertisement

യൂണിവേഴ്‌സിറ്റി കോളേജ് അക്രമം; സംസ്ഥാന നേതൃത്വത്തെ തള്ളി എസ്എഫ്‌ഐ ദേശീയ നേതൃത്വം

February 12, 2017
Google News 1 minute Read
sfi-university college

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനികൾക്കൊപ്പമെത്തിയ സുഹൃത്തിനെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ തള്ളി ദേശീയ പ്രസിഡന്റ് വി പി സാനു രംഗത്ത്. സംഭവത്തിൽ എസ്എഫ്‌ഐയുടെ പങ്ക് പരിശോധിക്കുമെന്നും തെറ്റ് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഫേസ്ബുക്കിൽ സാനു കുറിച്ചു. തെറ്റുകളെ ന്യായീകരിക്കുകയല്ല പകരം തെറ്റുകളെ തിരുത്തി മുന്നോട്ട് പോകുകയാണെന്നും സാനു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സ്വന്തം കോളേജിലെത്തി ഷൈൻ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ട്. അതൊരിക്കലും ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നയമല്ല. പക്ഷേ അതൊരു പൊതുബോധമാണ്. എസ്.എഫ്.ഐ. എന്നു പറയുന്നത് എല്ലാ വിഭാഗത്തിലുംപെടുന്ന, വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികളുടെ സംഘടനയാണ്. സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധാനം ചെയ്യുന്ന ഒരു ബഹുജനവിദ്യാർഥിപ്രസ്ഥാനമാണ്. അതുകൊണ്ടു തന്നെ പൊതുബോധത്തിന്റെ ഭാഗമായി നിൽക്കുന്ന ആളുകൾ ഈ സംഘടനയിലുണ്ടാകാം. അത്തരത്തിലുള്ള ആളുകളെക്കൂടി രാഷട്രീയവൽക്കരിക്കുക, രാഷ്ട്രീയ ശരിമയുടെ പാതയിലേക്ക് കൊണ്ടുവരിക, പൊതുബോധത്തിന്റെ ജീർണതകളിൽ നിന്ന് മാറ്റി നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നാളിതുവരെ ഞങ്ങൾ ചെയ്തു പോന്നിട്ടുള്ളത്. അത് പൂർണമായ അർഥത്തിൽ വിജയിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന’ അവകാശവാദം ഞങ്ങൾക്കില്ല.
തീർച്ചയായും ഞങ്ങളുടെ സംഘടന മനുഷ്യരുടെ സംഘടനയാണ്. സ്വാഭാവികമായും മനുഷ്യർക്ക് തെറ്റുപറ്റാം. ലെനിന്റെ അഭിപ്രായത്തിൽ മൂന്നു വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കാണ് തെറ്റുപറ്റാത്തത്.1. ഗർഭാവസ്ഥയിലുള്ള ഭ്രൂണം, 2. മൃതശരീരം 3. ഒന്നും ചെയ്യാതെ നിഷ്‌ക്രിയരായിരിക്കുന്നവർ. ഞങ്ങൾ ഈ മൂന്നു വിഭാഗത്തിൽപെടുന്നവരുമല്ല. ഞങ്ങൾ എല്ലാ സമയത്തും സമൂഹത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കുന്നവരാണ്. നിഷ്‌ക്രിയരായിരിക്കാൻ ഞങ്ങൾക്ക് സാധിക്കുകയുമില്ല. തെറ്റുകളെ ന്യായീകരിച്ചു മുന്നോട്ടു പോകുക എന്നതല്ല, അത്തരം തെറ്റുകളെ തിരുത്തുന്നതിനാവശ്യമായ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് എക്കാലത്തും ഞങ്ങളുടെ സമീപനം. ഇതേ സമീപനം തന്നെയാകും യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും ഉണ്ടാകുക. അവിടെ സംഭവിച്ചത് എന്തു തന്നെയായാലും അത് എസ്.എഫ്.ഐ. പരിശോധിക്കും. അതിൽ ഏതെങ്കിലും അർഥത്തിൽ എസ്.എഫ്.ഐയിൽ അംഗമായിട്ടുള്ള ആരുടെയെങ്കിലും ഭാഗത്താണ് തെറ്റെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
പക്ഷേ ഒരു യൂണിവേഴ്‌സിറ്റി കോളേജ് , എന്നിങ്ങനെ കേരളത്തിലെ ചില കോളേജുകളുടെ പേര് മാത്രമെടുത്തു കൊണ്ട് അവിടങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മുൻ നിർത്തി എസ്.എഫ്.ഐ.യെ ആകെ കരിവാരി തേക്കാൻ ശ്രമിക്കുന്നവരോട്.. ആ കോളേജുകളിലെ ഏതെങ്കിലും വിദ്യാർഥികൾ മോശമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതെല്ലാം എസ്.എഫ്.ഐ.യുടെ കുറ്റമാണ് എന്ന പറഞ്ഞുകൊണ്ട് എസ്.എഫ്.ഐ.യെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരോട്. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവരല്ല ഞങ്ങൾ. തുറന്ന മനസോടെ നിങ്ങളുടെ വിമർശനങ്ങളെ ഞങ്ങൾ സ്വീകരിക്കും. അവ ക്രിയാത്മകമാണെങ്കിൽ. വിമർശനങ്ങളിലൂടെയും, സ്വയം വിമർശനങ്ങളിലൂടെയും ആത്മ പരിശോധന നടത്തി നവീകരിക്കപ്പെടുന്നവരാണ് ഞങ്ങൾ.
എന്നാൽ ഞങ്ങളെ തകർക്കുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ…
നിങ്ങൾ ആക്രമണം തുടർന്നു കൊണ്ടേയിരിക്കുക. ഇത്തരം ആക്രമണങ്ങൾ നേരിട്ടുകൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി ഞങ്ങൾ വളർന്നത്. ഒരു കാലത്ത് കെ.എസ്.യു.ഞങ്ങൾക്കെതിരെ നടത്തിയ സമാനതകളില്ലാത്ത അക്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളീ കേരളത്തിൽ വിദ്യാർഥികളുടെ ഹൃദയപക്ഷമായി മാറിയത്. ഇത്തരം ആക്രമണങ്ങൾ ഞങ്ങളെ തളർത്തുകയല്ല. പകരം ഞങ്ങളുടെ മാർഗലക്ഷ്യങ്ങളെ രാകി മിനുക്കി മൂർച്ച കൂട്ടാനുള്ള ആത്മവിശ്വാസമാണ് ഞങ്ങൾക്കു നൽകുക.
അതുകൊണ്ട് മാനവരും, അമാനവരും, എബിവിപിയും, ആർ.എസ്.എസും, കെ.എസ്.യുവും, എം.എസ്.എഫും, എസ്.ഐ.ഒ.യും, എ.ഐ.എസ്.എഫും എല്ലാവരും ഒന്നിച്ചു ചേർന്ന് ഞങ്ങളെ ആക്രമിച്ചു കൊണ്ടേയിരിക്കുക. നിങ്ങൾ ഞങ്ങളെ അക്രമിച്ചു കൊണ്ടേയിരിക്കുമ്പോൾ ഞങ്ങൾക്കു തീർച്ചയാണ് ഞങ്ങളുടെ വളർച്ചയെ നിങ്ങൾ ഭയപ്പെടുന്നുണ്ടെന്ന്. വർഗീയതയ്ക്കും, ജാതീയതയ്ക്കും, റാഗിംഗിനും, ലിംഗാസമത്വങ്ങൾക്കുമെതിരെയുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ നിങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടെന്ന്. നക്ഷത്രാങ്കിത ശുഭ്രപതാകയുടെ കീഴിൽ സ്വാതന്ത്ര്യത്തിന്റേതും ജനാധിപത്യത്തിന്റേതും, സോഷ്യലിസത്തിന്റേതുമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് കൂടുതൽ കൂടുതൽ വിദ്യാർഥികൾ കൈകോർക്കുമ്പോൾ നിങ്ങളുടെ എതിരാളികൾ ഞങ്ങളാവുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ
മുന്നോട്ടുള്ള ഈ പ്രയാണത്തിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടായാൽ ഞങ്ങൾ അത് കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.
അവസാനമായി, ഒരു കാലത്തും എസ്.എഫ്.ഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്.എഫ്.ഐ.ക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തിൽ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട് ഈ സംഘടനയിൽ നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവു ചെയ്ത് അവർ ഈ സംഘടനയിൽ നിന്നും പുറത്തു പോകണം. അല്ലായെങ്കിൽ കൃത്യമായ പരിശോധന നടത്തുമ്പോൾ ഞങ്ങൾക്ക് നിങ്ങളെ പുറത്തേക്ക് നയിക്കേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here