Advertisement

റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ കുടുങ്ങിയ സിനിമാലോകം

February 22, 2017
2 minutes Read

അരവിന്ദ് വി / ക്രിമിനൽ വേഷങ്ങൾ സിനിമയിലെത്തുമ്പോൾ  2

കഴിഞ്ഞ ദിവസങ്ങളിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിനിമ സംഘടനകൾ എല്ലാം നിരന്തരം യോഗങ്ങൾ കൂടുന്നു , പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു, പൊട്ടിക്കരയുന്നു , ആക്രോശിക്കുന്നു… കുറെ പുതിയ തീരുമാനങ്ങളും കൂടെ നിയമമായി പുറത്തിറങ്ങുന്നുണ്ട്. സ്ത്രീ നടികൾ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നായിരുന്നു അതിൽ സുപ്രധാനമായ ഒരു ഭൂദോദയം. ഗബ്രിയേല മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങൾ ഇക്കൂട്ടർ വായിച്ചിരുന്നെങ്കിൽ ജോസ്‌ ആര്‍ക്കേഡിയോ ബുവേന്‍ഡിയൊയുടെ പത്‌നി ഉര്‍സുല ബുവേന്‍ഡിയയെ ധരിപ്പിച്ചത് മാതിരി ഇരുമ്പു വസ്ത്രങ്ങൾ ധരിക്കണമെന്നും അതിനു ഒരു പൂട്ട് പിടിപ്പിക്കണമെന്നും ചിലപ്പോൾ പ്രമേയം പാസ്സാക്കിയേനെ.

കുറേകാലം മുൻപ് ഒരു നിയമം വന്നതോർക്കുന്നു. മലയാള സിനിമയുടെ തകർച്ചയ്ക്ക് കാരണം സിനിമാതാരങ്ങൾ ടെലിവിഷൻ മാധ്യമങ്ങളിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നതാണെന്നായിരുന്നു ആ കണ്ടുപിടിത്തവും തുടർന്ന് വന്ന നിയമവും. ടെലിവിഷനിൽ താരങ്ങൾ പ്രത്യക്ഷപ്പെടരുത്. എന്നിട്ടും പക്ഷെ സിനിമ അന്ന് രക്ഷപ്പെട്ടില്ല. ഞങ്ങളെ വേണ്ടാത്ത നിങ്ങളെ ഞങ്ങൾക്കും വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ചത് വിരലിൽ എണ്ണാവുന്ന ടെലിവിഷൻ പ്രവർത്തകർ മാത്രമായിരുന്നു. പക്ഷെ ആ ശബ്ദങ്ങൾ ഓരോ ചാനലിലെയും ന്യൂനപക്ഷവും ആയിരുന്നു.

വേണ്ടിയിരുന്നതും വേണ്ടതും ഒറ്റ നിയമം

അഭിനയിക്കാൻ വന്നാൽ അഭിനയിച്ചിട്ട് പൊക്കോണം, സംവിധാനം ചെയ്യാൻ വന്നാൽ അതും. അതിനു പകരം ഭൂമിക്കച്ചവടവും, അച്ചാറിടലും, പപ്പടക്കച്ചവടവും വച്ചുനടത്തരുതെന്ന ഒരൊറ്റ നിയമം കൊണ്ടുവന്നിരുന്നുവെങ്കിൽ കുറഞ്ഞപക്ഷം വടിവാൾ വാസുവും ക്വട്ടേഷൻ അച്ചുവും പൾസർ സുനിയുമൊക്കെ ഇങ്ങനെ വിരിഞ്ഞാടാതെയെങ്കിലും ഇരുന്നേനെ.

റിയൽ എസ്റ്റേറ്റ് എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെടുന്ന ഭൂമിക്കച്ചവടവും ഇടനിലയും കൊണ്ട് കോടികൾ സമ്പാദിക്കുന്നവർ സിനിമയെ അവരുടെ കച്ചവടത്തിനുള്ള എളുപ്പവഴിയായാണ് കാണുന്നത്. സമീപ കാലത്തു നടന്ന സിനിമാ രംഗത്തെ ഏതാണ്ട് എല്ലാ കുറ്റകൃത്യങ്ങളുടെയും അടിസ്ഥാനം ഈ ഭൂമിക്കച്ചവടവും , മയക്കുമരുന്ന് വ്യാപാരവും തന്നെയാണ്. പണം വന്നാലേ മയക്കുമരുന്നിന് സാധ്യതയുള്ളൂ എന്നതിനാൽ റിയൽ എസ്റ്റേറ്റ് തന്നെയാണ് സിനിമയിലെ മുഖ്യ വില്ലൻ.

“പഴയകാല വിഡ്ഢിത്തങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഭൂമി വാങ്ങുന്നത്…”

”ഭൂമിവാങ്ങുന്നത് നിയമപരമായാണ്. പഴയകാല സിനിമാതാരങ്ങളും മറ്റും സമ്പാദിക്കുന്നത് മുഴുവൻ കളഞ്ഞു കുളിച്ച് കടം കയറി നരകിച്ചു മരിക്കുന്ന കാഴ്ചകൾ കണ്ട് സിനിമയിലേക്ക് വന്ന ആളാണ് ഞാൻ.” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു താരം ട്വൻറിഫോർ ന്യൂസിനോട് പറഞ്ഞു.

”പക്ഷെ, സ്വന്തം സമ്പാദ്യം എന്ന നിലയിൽ നിന്നും ഇതൊരു വരുമാന മാർഗമായി ചിലർ സ്വീകരിച്ചു. വാങ്ങലും വിൽക്കലും തുടർന്നപ്പോൾ കയ്യിൽ കോടികൾ വന്നവർ ഉണ്ട്. ആണും പെണ്ണും ഉണ്ട്. നടന്മാരും , നടികളും, സംവിധായകരും, നിർമാതാക്കളും, ഗായകരും ഉണ്ട്. ജേർണലിസ്റ്റുകളും ടെലിവിഷൻ താരങ്ങളും, അവതാരകരും ഈ കണ്ണികളിലുണ്ട്. വേണ്ടി വന്നാൽ ഞാൻ തെളിവുകൾ നൽകാം. പക്ഷെ ഇതൊന്നും നിയമപരമായി തെറ്റല്ല. ഒക്കെ നിയമം അനുസരിച്ച് തന്നെ. പക്ഷെ ചില കച്ചവടങ്ങൾ മുടങ്ങാതെ നടത്താനും ചിലതു മുടക്കാനും ഒക്കെ ഇവർ ചിലരുടെ സഹായങ്ങൾ തേടി. എല്ലാ രഹസ്യങ്ങളും അറിയുന്നവരാണല്ലോ ഡ്രൈവർമാർ. അവർ പലപ്പോഴും സഹായികളായി അവതരിച്ചു. അവരിൽ ചിലർ സമ്പന്മാരായി, ഗുണ്ടാനേതാക്കളായി.” നടൻ തുടർന്നു.

ചോദ്യം : താങ്കളും ഭൂമി വാങ്ങിയിട്ടുണ്ടല്ലോ ?
നടൻ : ഉണ്ട് , ചെറുതും വലുതുമായി ആകെ മൂന്നു സ്ഥലങ്ങൾ. മുതൽ മുടക്ക് 75 ലക്ഷമാണ് എല്ലാം കൂടി. രജിസ്‌ട്രേഷൻ ലാഭിക്കാൻ കുറച്ചു കാണിക്കണം എന്ന് പറഞ്ഞിട്ട് പോലും 55 ലക്ഷം കാണിച്ചിട്ടുണ്ട്. എന്റെ പേര് പറയരുത്. ഇതൊക്കെ പറഞ്ഞാൽ എന്നെ ചിലപ്പോൾ ഇവരൊക്കെ കൂടി എന്നെ പിടിച്ചു ബാൻ ചെയ്യും. അതാ ഇപ്പൊ ഫാഷൻ. പിന്നെ, ഞാൻ വാങ്ങിയ ഒരു സ്ഥലവും ഇത് വരെ മറിച്ചു വിറ്റു ലാഭം ഉണ്ടാക്കിയിട്ടില്ല. (അഭിമുഖത്തെ ഇവിടെ തല്ക്കാലം ഉപേക്ഷിക്കുന്നു.)

കഴിഞ്ഞ ആഴ്ചയിലെ ഒരു വാർത്തയിലേക്ക് പോകാം.

ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് ഭൂമി വാഗ്ദാനം നല്‍കി 25 ലക്ഷം രൂപ തട്ടിയെടുത്തയാളെ പോലിസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കാഞ്ചിയാര്‍ പുളിമൂട്ടില്‍ പി ജെ വര്‍ഗീസി(55)നെയാണ് കടവന്ത്ര പോലിസ് അറസ്റ്റ് ചെയ്തത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം വാങ്ങിയശേഷം ഭൂമി നല്‍കാതെയും പണം തിരികെ നല്‍കാതെയും വഞ്ചിച്ചുവെന്ന കുഞ്ചാക്കോ ബോബന്റെ പരാതിയിലാണ് കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പ് പുത്തന്‍കുരിശിലുള്ള രണ്ടര ഏക്കര്‍ സ്ഥലം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വര്‍ഗീസ് കുഞ്ചാക്കോ ബോബനില്‍ നന്നും മുന്‍കൂര്‍ പണം വാങ്ങിയത്.

സിനിമയിൽ സജീവമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഭൂമിക്കച്ചവടം നടത്തിയതിലൂടെയാണ് തന്റെ പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് കുഞ്ചാക്കോ ബോബൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ സിനിമാലോകത്തെ പുതിയ പ്രതിസന്ധിയായി റിയൽ എസ്റ്റേറ്റ് ഒരു വില്ലൻ രൂപം പ്രാപിക്കുമ്പോൾ ഒരു വാർത്തയും അപ്രധാനമാകുന്നില്ല.

ബാബുരാജിന് സംഭവിച്ചതെന്ത് ?

ബാബു രാജിന് വെട്ടേറ്റ സംഭവം നടന്നത് നടിയെ തട്ടിക്കൊണ്ടു പോയ രാത്രിയ്ക്കും ഏതാനും മണിക്കൂറുകൾക്കു മുൻപ് മാത്രമാണ്. അടിസ്ഥാന പ്രശ്നം ഭൂമിയും റിയൽഎസ്റ്റേറ്റും തന്നെ. ആ വാർത്ത ഇങ്ങനെ –

തന്നെ വെട്ടിയ സണ്ണി എന്ന ആളില്‍ നിന്ന് നാല് വര്‍ഷം മുമ്പാണ് താന്‍ ഈ സ്ഥലം വാങ്ങിയതെന്ന് ബാബുരാജ് പറയുന്നു. അയാള്‍ നിര്‍ബന്ധിച്ചാണ് സ്ഥലം വാങ്ങിയത്. എഗ്രിമെന്റ് ഒന്നും ഇല്ലാതെ രണ്ട് ലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. കുറച്ച് നാള്‍ കഴിഞ്ഞു സണ്ണിയുടെ സഹോദരിയുടെ ഒരു വക്കീല്‍ നോട്ടിസ് തനിക്ക് ലഭിച്ചു. അച്ഛന്റെ പേരില്‍ ഉണ്ടായിരുന്ന സ്ഥലം അയാള്‍ അറിയാതെ സണ്ണി തനിക്ക് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും ബാബുരാജ് പറയുന്നു.

സമീപ കാലത്താണ് ബാബുരാജ് സിനിമയിൽ ഏറെ സജീവമായത്. അതിന്റെ വരുമാനവും ലഭിച്ചു. ഇതോടെ ബാബുരാജ് റിയൽ എസ്റേറ്റിലേക്കു ചുവടുമാറി. അതിന്റെ കായികമായ ഇടപെടലുകളിൽ പ്ലാസ്റ്റിക് സർജറിയും ചെയ്ത് ആശുപത്രിയിലുമായി.

കലാഭവൻ മണി അവശേഷിപ്പിക്കുന്നതും റിയൽ എസ്റ്റേറ്റ്

തെക്കേ ഇന്ത്യ മുഴുവനും അറിയപ്പെടുന്ന നടനായിരുന്നു കലാഭവൻ മണി. തെക്കേ ഇന്ത്യ മുഴുവനും അദ്ദേഹത്തിന് ഭൂസ്വത്ത് ഉണ്ടായിരുന്നുവെന്നും അടുപ്പമുള്ളവർ പറയുന്നു. പലതും ബിനാമി പേരുകളിൽ. മരണത്തോടെ ഈ ഭൂമി എവിടെ ആരുടെ പേരിൽ എന്നതും ആർക്കുമറിയില്ല. സ്വത്തുക്കൾ തട്ടിയെടുക്കാൻ മണിയുടെ ജീവൻ ചിലർ അപഹരിച്ചതാണെന്ന് ബന്ധുക്കൾ ഇപ്പോഴും ആരോപിക്കുന്നു. അവിടെയും ലാഭക്കൊതിയുടെ റിയൽ എസ്റ്റേറ്റ് തന്നെ വില്ലൻ.

വ്യാജ സ്വർണ്ണം മുതൽ വിസതട്ടിപ്പു വരെ ആരോപിക്കപ്പെട്ട വിജയകുമാർ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശികളില്‍ നിന്ന് എട്ടുലക്ഷത്തോളം രൂപതട്ടിയെടുത്ത കേസില്‍ സിനിമാ നടന്‍ വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി പൊലീസാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്‌തത് – വാർത്ത 2010 , മെയ് 18 നായിരുന്നു. തിരുവനന്തപുരം ബീമാപള്ളിക്കു സമീപം ലൂക്കോസ് ഡിക്രൂസില്‍ നിന്ന് അമേരിക്കയില്‍ ജോലി നല്കാമെന്നു പറഞ്ഞ് മൂന്നര ലക്ഷം രൂപയും, ലണ്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് മുരളീധരന്‍ എന്നയാളില്‍ നിന്ന് 4.19 ലക്ഷം രൂപയും വിജയകുമാര്‍ വാങ്ങിയിരുന്നു.

പിന്നീട് 2013 ഡിസംബറിൽ വന്ന ഒരു വാർത്ത ഞെട്ടിക്കുന്നതായിരുന്നു

വ്യാജ സ്വര്‍ണം പണയം വച്ച് നടന്‍ വിജയകുമാര്‍ വന്‍ തട്ടിപ്പു നടത്തുന്നതായി ഇന്ത്യാ വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. ചെമ്പ് ആഭരണങ്ങളില്‍ സ്വര്‍ണം പൂശിയാണ് തട്ടിപ്പ് നടത്തുന്നതത്രേ. വിജയകുമാറിന്റെ തട്ടിപ്പു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. ഇത്തരത്തില്‍ പണയം സ്വീകരിച്ച യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനം അടക്കം നിരവധി ബാങ്കുകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണം താന്‍ നിര്‍മിക്കുന്നതാണെന്നും കെഎസ്എഫ്ഇയുടെ ഗവണ്‍മെന്റ് വിഭാഗത്തില്‍ വരെ പണയം വച്ചിട്ടുണ്ടെന്നും വിജയകുമാര്‍ വെളിപ്പെടുത്തുന്ന രംഗങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

പണം മുടക്കുന്നവർ പിന്നിൽ, ഗ്ലാമറുള്ളവർ മുന്നിൽ

റിയൽ എസ്റ്റേറ്റ് രംഗത്ത് പണമല്ല വിശ്വാസത്തിനും ബന്ധങ്ങൾക്കുമാണ് മാർക്കറ്റ്. പ്രശസ്തരായ സിനിമാക്കാർക്ക് ഈ രംഗത്തേക്കുള്ള വാതിലുകൾ തുറക്കുന്നത് വർഷങ്ങളായി ഭൂമിക്കച്ചവടം നടത്തുന്നവരാണ്. പണം മുടക്കി ഭൂമി വാങ്ങിയിടുന്നത് അവരായിരുന്നു. പിന്നീട് മറിച്ച് വിൽക്കാൻ നേരത്താണ് നടനും നടിയുമൊക്കെ ആവശ്യമാകുന്നു. അവരുടെ പ്രശസ്തിയും വിദേശ യാത്രകളും മെച്ചപ്പെട്ട ആവശ്യക്കാരെ കിട്ടാൻ എളുപ്പമാക്കുന്നു. കൊച്ചിയിൽ 2016 ൽ ഒരു നടി ഇടനിലയായി വിൽപ്പന നടത്തിയത് 50 കോടി രൂപയുടെ ഒരു വസ്തുവാണ്. ഒന്നര കോടി രൂപയാണ് ഒരു മുതൽ മുടക്കമില്ലാതെ നടിയുടെ ബാഗിലേക്കെത്തിയത്. സിനിമാതാരത്തിന്റെ പരിവേഷമുള്ള ഒരു ടെലിവിഷൻ ആങ്കറും 2012- 2016 കാലയളവിൽ കോടികൾ കമ്മീഷൻ നേടിയിട്ടുണ്ട്. അതും പണം മുടക്കില്ലാതെ ഒരു ഗായിക കമ്മീഷൻ ആയി ആവശ്യപ്പെടുന്നത് തുകയ്ക്ക് തുല്യമായ അളവിൽ സ്ഥലം തന്നെയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

”ഇതൊരു നടിയിൽ തീരുമോ എന്നറിയില്ല, കൊലപാതകം വരെ നടക്കും. 5000 കോടിയാ കുടുങ്ങിക്കിടക്കുന്നത് ”

”ഇതിപ്പോ പലരുടെയും പണം കുടുങ്ങിക്കിടക്കുകയാ… വയലും മലയും കുന്നുമൊക്കെയായി വാങ്ങിക്കൂട്ടിയ സ്ഥലങ്ങളൊക്കെ നവംബർ മുതൽ അനങ്ങുന്നില്ല. കപ്പയോ വാഴയോ വച്ചാൽ മുതലാകുകയും ഇല്ല. അതിനൊട്ട് ഇവർക്കൊന്നും അറിയുകയുമില്ല. അപ്പൊ വേറെ വഴി നോക്കും. കിട്ടാനുള്ളത് ഗുണ്ടകളെ കൊണ്ട് പിടിച്ചു വാങ്ങിപ്പിക്കും. ബ്ലാക്‌മെയിലും നടക്കും. കൊലപാതകം നടന്നാൽ പോലും അതിശയിക്കാനില്ല. അത്രയ്ക്ക് പണമാണ് കുടുങ്ങിക്കിടക്കുന്നത്. പ്രാന്തന്മാരായി ഓടിനടക്കുകയാ…”

നോട്ട് നിരോധനം വില്ലനായി വന്ന നവംബർ മുതൽ ക്രിസ്മസ് റിലീസ് താളം തെറ്റിയ തീയറ്റർ സമരം നടന്ന ഡിസംബർ വരെയും അതിനു ശേഷവും ഊഹക്കച്ചവടങ്ങൾ തെറ്റിപ്പോയ സിനിമയിലെ ഭൂവുടമകൾക്ക് ഭ്രാന്തിളകി ഓടി നടക്കുകയാണെന്ന് വെളിപ്പെടുത്തുന്നത് സിനിമാ രംഗത്തുള്ളവർ തന്നെ.

( മൂന്നാം ഭാഗത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ  – എറണാകുളം അച്ചുതണ്ട് മാത്രം; കൊടുങ്ങല്ലൂർ മുതൽ മൂന്നാർ വഴി ആലപ്പുഴ വരെ സിനിമാ പണം ഒഴുകുന്ന റൂട്ട്  ! – ഫെബ്രുവരി 23 വ്യാഴം )

 

criminals in malayalam cinema 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top