മകനെ കാത്ത് കണ്ണീരോടെ ഒരച്ഛൻ; അറിയിക്കാനുള്ളത് അമ്മയുടെ മരണ വാർത്ത

സ്വന്തം അമ്മയുടെ മരണം മകനെ അറിയിക്കാൻ വഴിതേടി കണ്ണീരോടെ ഒരച്ഛൻ. പാലക്കാട് കൊടുവായൂർ സ്വദേശി ജി രാധാകൃഷ്ണനാണ് തന്റെ ഭാര്യയുടെ മരണ വാർത്തയുമായി അവസാന പ്രതീക്ഷയോടെ ഏക മകൻ ബിനോയിയെയും കാത്തിരിക്കുന്നത്.
ഫേസ്ബുക്കിലാണ് രാധാകൃഷ്ണൻ മകനെ അറിയിക്കാനായി ഭാര്യ ജലജ രാധാകൃഷ്ണന്റെ മരണ വാർത്ത നൽകിയിരിക്കുന്നത്. മാർച്ച് 15നാണ് ജലജ മരിച്ചത്. 25ന് നടക്കുന്ന മരണാനന്തര ചടങ്ങുകൾക്കെങ്കിലും മടങ്ങി വരൂ എന്ന പോസ്‌റ്റോടെയാണ് രാധാകൃഷ്ണൻ മകനെ അറിയിക്കാനായി പോസ്റ്റ് നൽകിയിരിക്കുന്നത്.
എട്ട് വർഷം മുമ്പാണ് ബിനോയിയെ രാധാകൃഷ്ണനും ഭാര്യയ്ക്കും നഷ്ടമായത്. വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. ഹോട്ടൽമാനേജ്‌മെന്റ് പഠനം പൂർത്തിയാക്കാതെ ഇടയ്ക്ക് വച്ച് പഠനം നിർത്തിയ മകനെ താൻ ചീത്ത പറഞ്ഞു. അത് അവന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ അവൻ ഇറങ്ങിപ്പോകുകയാണുണ്ടായതെന്ന് നിറകണ്ണുകളോടെ രാധാകൃഷ്ണൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.
മകന്റെ വേർപാടിലും കൂട്ടായി ഉണ്ടായിരുന്ന ഭാര്യയും മരിച്ചതോടെ നഷ്ടപ്പെട്ട മകനെ അവസാനമായി കാണാൻ വേണ്ടി മാത്രമാണ് രാധാകൃഷ്ണൻ ജീവിക്കുന്നത്. ഈ കാത്തിരിപ്പിന് അവസാനമുണ്ടാകാൻ, തന്റെ പ്രിയപ്പെട്ട മകൻ അവന്റെ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കുകയാണ് രാധാകൃഷ്ണന്റെ അവസാന ആഗ്രഹം. ഒടുവിൽ കണ്ണീരോടെ തന്റെ മകനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണേ എന്ന് പറയുമ്പോഴും ആ അച്ഛന്റെ കണ്ണിൽ പ്രതീക്ഷയുടെ നേരിയ കിരണം മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here