പോലീസ് അന്വേഷണത്തെക്കാൾ കുരുക്ക് ജുഡീഷ്യൽ എൻക്വയറിക്ക് ; ‘ഹണി ട്രാപ്പ്’ ചാനലിന് ഊരാക്കുടുക്ക്

24 ന്യൂസ് സ്പെഷ്യൽ
പാതിവഴിയിൽ നിലച്ചു പോകാവുന്ന പോലീസ് അന്വേഷണത്തെക്കാൾ ജുഡീഷ്യൽ എൻക്വയറിയാണ് ചാനലിനെ പൂട്ടാൻ നല്ലതെന്ന് നിയമ വിദഗ്ദ്ധർ. ഗൗരവം മനസിലാക്കി സർക്കാരുമായി സന്ധി ചെയ്യാനാണ് ചാനലിന്റെ പുതിയ നീക്കം.
കൃത്യമായ പരാതി ഇല്ലാതെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെയുള്ള സമാന്തര അന്വേഷണമാണ് ഇപ്പോൾ പോലീസും ഇന്റലിജൻസും നടത്തുന്നത്. ‘ഹണി ട്രാപ്പ്’ ആണ് നടന്നതെങ്കിൽ അത് നടപ്പിലാക്കാൻ പിന്നണിയിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു പോലീസിനും ഇന്റലിജെൻസിനും നിർദേശം ലഭിച്ചിരുന്നത്. എ കെ ശശീന്ദ്രനോട് ഒരു പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും ഇത് വരെ അദ്ദേഹം അതിനു തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പോലീസ് അന്വേഷണം അപ്രസക്തമാകും. അത് കൊണ്ട് തന്നെ പോലീസ് ശേഖരിച്ച വിവരങ്ങൾക്ക് സാധുതയുണ്ടാവാൻ ഒരു അന്വേഷണ സംവിധാനത്തിലൂടെ മാത്രമേ കഴിയൂ.
ജുഡീഷ്യൽ കമ്മീഷന് മുന്നിൽ ടേപ്പ് മുഴുവനും എത്തും
തെളിവെടുപ്പിന്റെ ഭാഗമായി ജുഡീഷ്യൽ കമ്മീഷൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽകാൻ ചാനൽ ബാധ്യസ്ഥമാകും. ഇപ്പോൾ പോലീസും ഇന്റലിജൻസും ശേഖരിച്ച തെളിവുകൾ കമ്മീഷന് സ്വാഭാവികമായും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. അതായത് ;-
1 . എഡിറ്റ് ചെയ്യാത്ത ടേപ്പ് ചാനൽ ഹാജരാക്കേണ്ടി വരും.
2 . ടേപ്പ് എത്തിയാൽ പരാതിക്കാരിയുടെ ശബ്ദം കമ്മീഷന്റെ അന്വേഷണ വിഷയം ആകും.
3 . ടേപ്പിലെ ശബ്ദങ്ങൾ സാക്ഷ്യപ്പെടുത്തും.
4 . മന്ത്രി തന്റെ അധികാരം ദുർവിനിയോഗം ചെയ്ത രീതി അന്വേഷിക്കപ്പെടും.
5 . ‘അഗതിയായ പരാതിക്കാരി’യുടെ പരാതി എന്തെന്നും അന്വേഷിക്കപ്പെടും.
6 . ആ പരാതി ‘സ്ത്രീ ശബ്ദത്തിനു’ നേരിട്ട് ഹാജരായി തെളിവ് സാക്ഷ്യപ്പെടുത്തേണ്ടി വരും.
7 . ‘ആ സ്ത്രീ ശബ്ദം’ ചാനലിലെ വനിതാ റിപ്പോർട്ടർ ആണെങ്കിൽ കഥ മുഴുവൻ മാറും.
അതായത് ജുഡീഷ്യൽ അന്വേഷണം ഇപ്പോൾ മന്ത്രിയെ അല്ല , ചാനലിനെ ആണ് വീഴ്ത്താൻ പോകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിൽ ‘ഉറവിടം വെളിപ്പെടുത്തണ്ട’ എന്ന കാലങ്ങൾ പഴക്കമുള്ള പഴഞ്ചൊല്ല് ജുഡീഷ്യൽ ഫോറത്തിന് മുന്നിൽ വിലപ്പോവില്ല. ആ പഴഞ്ചൊല്ല് ഒരു വെറും മറയാണെന്ന് ന്യായാധിപൻ കൂടി ആയിരിക്കുന്ന ഒരു അന്വേഷകന് അറിയാമെന്നിരിക്കെ അന്വേഷണത്തോട് സഹകരിക്കാതിരിക്കാൻ ചാനലിന് മറ്റു മാർഗ്ഗങ്ങൾ നോക്കേണ്ടി വരും. ആ മാർഗ്ഗം പൊതുജനത്തിന് സ്വീകാര്യമാവുക എന്നത് ഒരു വാർത്താ ചാനലിന് ഉറപ്പാക്കേണ്ടി വരും എന്നതാണ് സുപ്രധാനം .
ബാക്കിയുള്ള തലകൾ ഇതുവരെ വീണില്ല ?
ഇനിയും ചിലർ ഉണ്ടെന്ന് ചാനൽ ആദ്യ ദിനം തന്നെ പറഞ്ഞിരുന്നു. എന്നാൽ ആദ്യ ശ്രമം തന്നെ ഗതിമാറിയപ്പോൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞ ശബ്ദരേഖ ചാനൽ പുറത്തെടുത്തില്ല എന്ന് വേണം കരുതാൻ. തങ്ങളുടെ ആദ്യ വാർത്താ വിസ്ഫോടനം ന്യായീകരിക്കാൻ സ്വന്തം വാദങ്ങളോട് യോജിക്കുന്ന പാനലിസ്റ്റുകളെ (അവരിൽ ഏറെയും അതെ ചാനലിലെ ജീവനക്കാർ തന്നെ ) അണിനിരത്തിയുള്ള പരിപാടിയിൽ ഏറെയൊന്നും പിടിച്ചു നിൽക്കാനോ ജനങ്ങളിൽ ഉണ്ടായിരിക്കുന്ന സംശയം ദുരീകരിക്കാനോ ചാനൽ പത്രാധിപസംഘത്തിന് കഴിഞ്ഞില്ല. മാത്രമല്ല , ആക്രമിച്ചുള്ള വാദങ്ങളും ഉണ്ടായില്ല. മന്ത്രി നടത്തിയ അഴിമതി , സ്വജന പക്ഷപാതം , വഴിവിട്ട ഉപകാരങ്ങൾ എന്നിവയൊന്നും സ്ഥാപിച്ചെടുക്കാൻ ചാനൽ പത്രാധിപർക്ക് കഴിഞ്ഞില്ല.
ജുഡീഷ്യൽ അന്വേഷണത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ ഇനിയും വന്നിട്ടില്ല. അന്വേഷണ വിഷയങ്ങൾ എന്തൊക്കെ എന്ന് സർക്കാർ ആകും തീരുമാനിക്കുക. അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സ് മന്ത്രിസഭായോഗം തീരുമാനിക്കും.ഇതിൽ അയവു വരുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് ഇനി ചാനലിന് മുന്നിലുള്ള മാർഗ്ഗം. അതിനവർ തയ്യാറാകുമോ അതോ കയ്യിൽ ബാക്കിയുള്ള വിസ്ഫോടനങ്ങൾക്കു വീണ്ടും തിരി കൊളുത്തുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
judicial inquiry is better than police inquiry in A K Saseendran case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here