നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ പി.ഡബ്ല്യൂ.ഡി. അഡിഷണൽ ചീഫ് സെക്രട്ടറിയായ സുബ്രതോ ബിശ്വാസിനെ ആഭ്യന്തര വിജിലൻസ് സെക്രട്ടറിയായും നിയമിക്കാൻ തീരുമാനമായി.
പ്ലാനിംഗ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ വി.എസ്. സെന്തിലിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി നൽകും. ആശ തോമസാണ് പുതിയ പി.ഡബ്ല്യൂ.ഡി. പ്രിൻസിപ്പൽ സെക്രട്ടറി. റോഡ്‌സ് & ബ്രിഡ്ജ്‌സ്, കോർപ്പറേഷൻ എം.ഡി.യായി ആശാതോമസ് തുടരും.
ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസിന് പരിസ്ഥിതി വകുപ്പിൻറെ അധിക ചുമതല കൂടി നൽകി. സത്യജിത് രാജൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. ഷീലാ തോമസ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. ഇപ്പോൾ സത്യജിത് രാജൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിൻറെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ഹരിത വി കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കും. ഇപ്പോൾ പഞ്ചായത്ത് ഡയറക്ടറായ ബാലകിരണിനെ ടൂറിസം ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു.
1986 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ പി.എച്ച്. കുര്യൻ (റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി), ജെയിംസ് വർഗീസ് (ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി) എന്നിവരെ അഡിഷണൽ ചീഫ് സെക്രട്ടറിമാരായി പ്രൊമോട്ട് ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here