ബുള്ളറ്റ് ഓടിക്കുന്ന സ്ത്രീയെ സങ്കൽപ്പിക്കാൻ പോലുമാകാത്ത ജനതയുടെ ഇടയിലേക്ക് 10 വർഷങ്ങൾക്ക് മുമ്പ് ബുള്ളറ്റ് ഓടിച്ച് കയറിയ വനിത

സ്ത്രീകൾ ബുള്ളറ്റ് ഓടിക്കുന്നത് ഇപ്പോൾ സാധാരണമാണെങ്കിലും ഇന്നും മലയാളികൾക്ക് അതൊരു കൗതുകമാണ്. നിരത്തിലൂടെ ബൈക്കിൽ പാഞ്ഞു പോകുന്ന സ്ത്രീയെ കണ്ടാൽ ഇന്നും ആളുകൾ അസൂയയും ആരാധനയും കൗതുകവും കലർന്ന കണ്ണോടെയാണ് നോക്കുന്നകത്. അത് ഇന്നത്തെ കഥ.
എന്നാൽ പത്ത് വർഷം മുമ്പ് സ്ത്രീകൾ ബൈക്ക് ഓടിക്കുന്നത് ചിന്തിച്ചിട്ട് പോലുമില്ലാത്ത ജനതയുടെ ഇടയിലേക്കാണ് ഷൈനി രാജ്കുമാർ എന്ന ഈ തിരുവനന്തപുരം കാരി ബൈക്കോടിച്ച് കയറുന്നത്.
ആദ്യ ബൈക്ക് യാത്ര…
ചെറുപ്പം മുതലേ ബൈക്ക് യാത്രകളുടെ ആരാധികയാണ് ഷൈനി. തന്റെ അമ്മാവൻ ബൈക്കിൽ വരുന്നത് കണ്ട അന്നുമുതലാണ് ഷൈനി ബൈക്കുകളെ പ്രണയിച്ച് തുടങ്ങിയത്. ഷൈനി ആദ്യം സ്വന്തമാക്കിയ ബൈക്ക് പൾസർ ആണ്. തന്റെ കോളേജ് കാലഘട്ടം കഴിഞ്ഞ് ഗോരഖപൂരിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായി ജോലി നോക്കുന്ന സമയത്താണ് ഷൈനി ബൈക്കോടിച്ച് ജോലി സ്ഥലത്ത് പോയി തുടങ്ങിയത്.
പിന്നീട് ഷൈനി ദില്ലി പോലീസിൽ ചേർന്നു. ശേഷം സ്വന്തം നാടായ കേരളത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
അനുഭവങ്ങൾ….
കേരളത്തിൽ ബൈക്ക് ഓടിക്കാൻ തുടക്കത്തിൽ അൽപം മടിയുണ്ടായിരുന്നു ഷൈനിക്ക്. നാട്ടുകാരുടെ തുറിച്ചു നോട്ടങ്ങളും, മോശം കമൻഡുകളും കേൾക്കേണ്ടി വരുമല്ലോ എന്നോർത്തായിരുന്നു അത്. എന്നാൽ ഷൈനിക്ക് വീട്ടിൽ നിന്ന് കിട്ടിയ പിന്തുണയും ഒപ്പം ഷൈനിയുടെ മനോധൈര്യവുമാണ് ഷൈനിയെ ഇന്ന് കേരളം അറിയപ്പെടുന്ന ബൈക്ക് റൈഡറാക്കി മാറ്റിയത്.
ആദ്യകാലത്ത് നിരവധി മോശം അനുഭവങ്ങൾ ഷൈനിക്ക് ഉണ്ടായിട്ടുണ്ട്. രാത്രി റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന പെൺകുട്ടിയെ കാണുമ്പോൾ ചില പുരുഷന്മാർക്ക് ഉണ്ടാകുന്ന ‘പ്രശ്‌നങ്ങൾക്ക്’ വേണ്ട ചികിത്സ താൻ അപ്പോൾ തന്നെ നൽകാറുണ്ടെന്നും ഷൈനിപറയുന്നു. അതുകൊണ്ട് തന്നെ ഷൈനി പല സ്ത്രീകളും സ്വപ്‌നം കാണുന്ന രാത്രി യാത്രയ തെല്ലും ഭയമില്ലാതെ തന്നെ നടത്തുന്നു. പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന രാത്രി കാല ഡ്രൈവും, തട്ടുകടയിലെ ചൂട് ഭക്ഷണവുമെല്ലാം ആസ്വദിച്ചാണ് ഷൈനി ജീവിക്കുന്നത്…ഇങ്ങനെയൊക്കെയാണ് ഷൈനി തന്റെ ജീവിതം ആഘോഷമാക്കുന്നത്.
ഷൈനിയുടെ വാക്കുകളിൽ ഭയമാണ് സ്ത്രീകളുടെ ശത്രു. നാം ഭയന്നു എന്ന് തോന്നിയാൽ ആർക്കും നമ്മെ കീഴ്‌പ്പെടുത്താം. അതുകൊണ്ട് തന്നെ കുറഞ്ഞത് ഒരു മൂന്ന് ആളുകൾ എതിരെ വന്നാലും നേരിടാനുള്ള തന്റേടവും കരുത്തും സ്ത്രീകൾക്ക് വേണമെന്ന് ഷൈനി പറയുന്നു.
മൂന്ന് സ്വപ്‌നങ്ങൾ…
ഒരു അധ്യാപികയാവുക എന്നത് ഷൈനിയ്ക്ക് എന്നും പ്രിയപ്പെട്ട ഒന്നായിരുന്നു. ഗോരഖ്പൂരിൽ ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനറായതോടെ ആ സ്വപ്‌നം ഷൈനി
പൂവണിയിച്ചു. പിന്നീട് പോലീസ് ആവാൻ മോഹിച്ച ഷൈനി ദില്ലി പോലീസ് സേനയിൽ അംഗമായി. ശേഷം ഷൈനി കണ്ട സ്വപ്‌നമാണ് ഷൈലയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്.
ഡോൺട്‌ലെസ് റോയൽ എക്‌സ്‌പ്ലോറേഴ്‌സ്…..
ബൈക്കുകളെ പ്രണയിച്ച ഷൈനിയ്ക്ക് സ്വന്തമായി ബുള്ളറ്റ് റൈഡേഴ്‌സ് അസോസിയേഷൻ തുടങ്ങണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. അതും സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ളതത്. അങ്ങനെയാണ് ഡോൺട്‌ലെസ് റോയൽ എക്‌സ്‌പ്ലോറേഴ്‌സ് എന്ന സംഘടന രൂപം കൊള്ളുന്നത്.
കഴിഞ്ഞ നവംബറിലാണ് ഷൈനി ആദ്യമായി ബുള്ളറ്റ് ക്ലബ് തുടങ്ങുന്നത്. തിരുവനന്തപുരത്താണ് ഡോൺട്‌ലെസ് റോയൽ എക്‌സ്‌പ്ലോറേഴ്‌സ് എന്ന ഓൾ കേരളാ വുമൻ ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ് ഷൈനി തുടങ്ങുന്നത്. ഒരു പക്ഷേ കേരളത്തിലെ തന്നെ ആദ്യ രജിസ്റ്റേർഡ് വുമൻ ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബായിരിക്കും ഇത്.
ഷൈനി ഇവിടെ ഒരു റൈഡർ മാത്രമല്ല, ഒരു, അധ്യാപികയും കൂടിയാണ്. ബുള്ളറ്റോ ബൈക്കോ ഓടിക്കാൻ പഠിക്കണമെന്ന് താൽപര്യമുള്ള നിരവധി പെൺകുട്ടികൾ ഷൈനിയുടെ അടുത്ത് വരാറുണ്ട. അവരെയെല്ലാം നല്ല ആത്മിവിശ്വാസമുള്ള റൈഡർമാരാക്കിയാണ് ഷൈനി തിരിച്ചയക്കുന്നത്.
ക്ലബ് തുടങ്ങിയതിൽ പിന്നെ എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ച ബൈക്ക് റാലികൾ സംഘടിപ്പിക്കാറുണ്ട് ഷൈനിയും സംഘവും.
ഇവരുടെ ആദ്യ യാത്ര ബ്രെയ്‌മോറിലേക്കായിരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന സന്ദേശത്തോടെയായിരുന്നു ഈ റാലി. ഇത് കൂടാതെ നിരവധി പേര് വിവിധ പരിപാടികളുടെ ഭാഗമായി ബൈക്ക് റാലികൾ സംഘടിപ്പിക്കാറുണ്ട്.
സ്ത്രീകൾക്കെതിരെ അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ അണിനിരത്തുക എന്ന ഉദ്ദേശവുമായി അടുത്തിടെ യുകെഎഫ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ആന്റ് ടെക്‌നോളജി സംഘടിപ്പിച്ച പരിപാടിയിൽ ഡോൺട്‌ലേസ് റൈഡേഴ്‌സ് ബൈക്ക് റാലി നടത്തിയിരുന്നു. വർക്കല ബീച്ച് മുതൽ കൊല്ലം ബീച്ച് വരെയായിരുന്നു റാലി. മാർച്ച് 30 നായിരുന്നു വുമൻ ഓൺ വീൽസ് എന്ന ഈ പരിപാടി നടത്തിയത്. ഇനി കൊച്ചയിലും റാലി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഷൈനിയും കൂട്ടരും.
ഇന്നും ബൈക്കുമായി നിരത്തിൽ ഇറങ്ങുമ്പോൾ സ്ത്രീകൾ ബൈക്ക് ഓടിക്കുന്നത് സഹിക്കാൻ വയ്യാത്ത ചില മെയിൽ ഷോവനിസ്റ്റുകൾ ഷൈലയെ കളിയാക്കുകയും, പുച്ഛിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും, അവരെ അവഗണിച്ച് അവരുടെ മുന്നിലൂട തന്നെ തല ഉയർത്തി പിടിച്ച് തന്നെ തന്റെ പെൺപടയുമായി ബൈക്ക് റാലി നടത്തി കാണിക്കുകയാണ് ഷൈനി.
life story of bullet rider shaila rajkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here