Advertisement

ലജ്ജയില്ലേ മുഖ്യമന്ത്രി ?

April 5, 2017
Google News 1 minute Read
editorial

ഒരു സർക്കാരിൽനിന്ന് സാധാരണക്കാരന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ചെറിയ ഔദാര്യമാണ് മനുഷ്യത്വം. അതിന്, നീതിയുടെയോ നിയമത്തിന്റെയോ നൂലാമാലകൾ കടക്കേണ്ടതില്ല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഇന്ന് അരങ്ങേറിയത് മനുഷ്യത്വമില്ലായ്മയാണ്. ജിഷ്ണു പ്രണോയിയുടെ അമ്മയും അച്ഛനും, കുടുംബാംഗങ്ങളും ഡിജിപി ഓഫീസിന് മുമ്പിൽ പൊടുന്നനെ എത്തിയതല്ല. മുൻകൂർ പ്രഖ്യാപനം നടത്തിയ ശേഷം സത്യാഗ്രഹത്തിനെത്തിയതാണ്, ജനശ്രദ്ധ ലഭിക്കുമെന്നുറപ്പുണ്ടായിരുന്ന ഈ സമരത്തെ നേരിടാൻ എന്ത് മുന്നൊരുക്കമാണ് ആഭ്യന്തരമന്ത്രിയും പോലീസ് മേധാവിയും നടത്തിയത് ?

മകൻ മരിച്ച ഒരമ്മയെ, പോലീസ് പേക്കൂത്തിന് വിട്ടുനൽകിയാൽ, നാട് ഭരിക്കുന്നവരുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ വയ്ക്കാനാവുന്ന കാട്ടുനീതിയുടെ വചനം ആരാണ് മുഖ്യമന്ത്രിയ്ക്ക് ഓതി നൽകിയത് ? തുടരെത്തുടരെ വൻവീഴ്ചകളുണ്ടായിട്ടും, യാതൊരു മുൻകരുതലുകളുമില്ലാതെ ആഭ്യന്തരഭരണം തുടരുന്ന പിണറായി വിജയന് എന്ത് വിശ്വാസ്യതയാണ് കേരള ജനത കൽപിച്ചു നൽകേണ്ടത് ?

ലോക്‌നാഥ് ബെഹ്‌റയ്ക്കല്ല കേരളം മൃഗീയ ഭൂരിപക്ഷം നൽകിയത്, ഇനിയും അവശേഷിക്കുന്ന മനുഷ്യത്വത്തിന്റെ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടതുപക്ഷത്തിനാണ്.

തെരഞ്ഞെടുത്ത ജനതയുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച്, ഏതെങ്കിലും ചില ഉദ്യോഗസ്ഥന്മാരുടെ വീഴ്ചകൾക്കും കൊള്ളരുതായ്മകൾക്കും മാപ്പ് പറഞ്ഞ് അധികാരത്തിൽ തുടരുന്ന ദയനീയ മുഖമായി മാറിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയെ ആരാണ് നിയന്ത്രിക്കുന്നത് ?

ജിഷ്ണു പ്രണോയിയുടെ കുടുംബം സമരത്തിനെത്തുന്ന സാഹചര്യത്തെ നയതന്ത്രതയോടെ സമീപിക്കുവാൻ മുഖ്യമന്ത്രിയ്ക്ക് കഴിയുമായിരുന്നു. തെരുവിലേക്കും തുടർന്ന് രാഷ്ട്രീയ മുതലെടുപ്പുകളിലേക്കും ഈ കുടുംബത്തെ വിട്ടുകൊടുത്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുത്തേ മതിയാകൂ – മകൻ മരിച്ച ഒരമ്മയുടെ കണ്ണുനീരിൽ ചില അഹന്തകൾ എരിഞ്ഞ് തീരട്ടെ. സ്വന്തം കസേരയുടെ വലിപ്പം ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ലജ്ജാകരം എന്നേ മുഖ്യമന്ത്രിയോട് പറയാനാകൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here