മേജര്‍ സഹദേവനൊപ്പം ദേശസ്നേഹത്തിന്റെ ആള്‍രൂപങ്ങള്‍

1971 ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധമുഖത്ത് രാജ്യത്തിന് വേണ്ടി ജീവന്‍ പണയപ്പെടുത്തി പോരാടിയ ജവാന്‍മാരോടൊപ്പം മോഹന്‍ലാല്‍. താന്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ച ഒരു യുദ്ധകാലഘട്ടത്തെ അതിന്റെ എല്ലാ ഭീകരതയോടെയും മുഖാമുഖം കണ്ട ആ ജവാന്‍മാരെ കാണാന്‍ മോഹന്‍ലാലിന് അവസരമൊരുക്കിയത് ഫ്ളവേഴ്സ് ടിവിയാണ്. ഫ്ളവേഴ്സ് വിഷു സ്പെഷ്യല്‍ പരിപാടിയ്ക്ക് വേണ്ടിയാണ് മോഹന്‍ലാലും 1971ല്‍ സേവനമനുഷ്ഠിച്ച എയര്‍ഫോഴ്സിലേയും കരസേനയിലേയും ജവാന്മാരും ഒന്നിച്ചത്..
സത്യത്തില്‍ മോഹന്‍ലാലിനെയല്ല 1971ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സിനിമയിലെ സഹദേവനെകാണാനാണ് ജവാന്മാരെത്തിയത്. കൃത്യമായി പറഞ്ഞാല്‍ 1971ലെ ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധസമയത്ത് ഇന്ത്യന്‍ സേനയ്ക്ക് വേണ്ടി ജീവന്‍ പണയം വച്ച് പോരാടിയ ഏഴ് ജവാന്മാരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഒരു താരത്തോട് സംസാരിക്കുന്നതിലുപരിയായി ഒരു സഹപ്രവര്‍ത്തകനോട് സംസാരിക്കുന്ന ഭാവമായിരുന്നു ഓരോ ജവാന്റേയും മുഖത്തപ്പോള്‍. സിനിമയിലൂടെ തങ്ങള്‍ ചെയ്ത സേവനത്തെ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച താരം അവരുടെ സഹപ്രവര്‍ത്തകനല്ലാതെ മറ്റാരാണ്??
രാജ്യസ്നേഹത്തിന്റെ രക്തം തുളുമ്പുന്ന അവരുടെ ഓര്‍മ്മകള്‍ക്കൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ എന്ന നടനും അവരുടെ ആ രാജ്യസ്നേഹത്തിന്റെ ആഴം നേരിട്ട് കണ്ടു. മോഹന്‍ലാലിനും ജവാന്‍മാര്‍ക്കുമൊപ്പം മേജര്‍ രവിയും പരിപാടിയില്‍ പങ്കെടുത്തു. വിഷുദിനത്തില്‍ വൈകിട്ട് 3. 30ന് ‘ധീര ജവാന്‍മാര്‍ക്ക് ഒരു ലാല്‍ സലാം’ എന്ന ഈ പരിപാടി സംപ്രേക്ഷണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here