കാനത്തിന് മറുപടി നാളെ; കോടിയേരി കണ്ണൂരിൽ മാധ്യമങ്ങളെ കാണും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാളെ വാർത്താ സമ്മേളനം നടത്തും. സിപിഎമ്മിനെ വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ കാനത്തിന് മറുപടിയാകും കണ്ണൂരിലെ വാർത്താ സമ്മേളനം എന്ന് സൂചന.
സിപിഐയുടെ നിലപാട് പ്രതിപക്ഷത്തിന്റേതാണെന്ന പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കഴിഞ്ഞ ദിവസം കാനം രംഗത്തെത്തിയത്. സിപിഐയുടെ നിലപാട് പ്രതിപക്ഷത്തിന്റേതല്ല, ഇടത് പക്ഷത്തിന്റേതാണെന്നാണ് കാനം പറഞ്ഞത്.
മുഖ്യമന്ത്രിയെയും ഇ പി ജയരാജനെയും കാനം വിമർശിച്ചിരുന്നു. വലിയ ആളുകളെ പറ്റി പ്രതികരിക്കാൻ താൻ ആളല്ലെന്നും യുഎപിഎ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഇടത് വിരുദ്ധമാണെന്നും പോലീസിന്റെ പ്രവർത്തനത്തിൽ തൃപ്തനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാടുകളാണ് സിപിഐയുടേതെന്ന് മുന്നണിയിൽ ചർച്ച ഉയരുകയും മൂന്നാർ കയ്യേറ്റം, മാവോയിസ്റ്റ് ആക്രമണം, ജിഷ്ണുവിന്റെ മരണം എന്നീ സംഭവങ്ങളിൽ സിപിഐ മുന്നണിയെ പ്രതിക്കൂട്ടിലാ ക്കിയെന്നും വിമർശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കാനത്തിനുള്ള മറുപടിയാകും കോടിയേരിയുടെ വാർത്താ സമ്മേളനം എന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here