Advertisement

പട്ടാളക്കാർ പുറംകാലുകൊണ്ട് പുറത്താക്കിയ ‘ആംലാ ജ്യൂസ്’ ഈ റിസേർച്ചിൽ ഉണ്ടായതാണോ ?

May 3, 2017
4 minutes Read

ഇന്ന് രാജ്യത്തെ വാർത്താപത്രങ്ങളൊക്കെ ഒരു മുഴുവൻ പേജ് വിവിധ വർണ്ണത്തിലെ ഒരു പരസ്യത്താൽ സമ്പന്നവും സമ്പൂർണ്ണവുമായിരുന്നു. രണ്ടു മോഡലുകളാണ് ബ്രാൻഡിന് ഉള്ളത്. ഒന്ന് അതിന്റെ ഉടമ സാക്ഷാൽ രാം ദേവ് ബാബ. രണ്ടാമത്തെ മോഡൽ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്യത്തിൽ ആദരണീയ പ്രധാനമന്ത്രിയ്ക്ക് ഒരു വിശേഷണം കൂടിയുണ്ട്- ”രാഷ്ട്ര ഋഷി ” എന്നതാകുന്നു അത്. ‘രാഷ്ട്ര പിതാവ്’ എന്ന് മഹാത്മാ ഗാന്ധിയ്ക്ക് വിശഷണം ഔദ്യോഗികമായി ഇല്ല എന്ന് തർക്കിക്കുന്നവരാണ് ഇങ്ങനെ സ്വകാര്യ കോർപറേറ്റുകളും  ആത്മീയ വ്യാപാരികളും ചാർത്തി കൊടുക്കുന്ന പട്ടങ്ങൾ എടുത്തണിയുന്നതെന്നത് ഇവിടെ പ്രസക്തമല്ല; പറഞ്ഞു പോയി എന്ന് മാത്രം. ഇന്നത്തെ റിസേർച് ഇൻസ്റ്റിറ്റിയൂട്ട് ഉത്ഘാടനത്തിനിടെ രണ്ടു പട്ടങ്ങൾ കൂടി രാം ദേവ് പ്രധാന മന്ത്രിക്ക് നൽകി ‘രാഷ്ട്ര ഗൗരവ്’, ‘വിശ്വനായക്’ എന്നിവയാണവ.

പറഞ്ഞു വരുന്ന ബ്രാൻഡ് പതഞ്‌ജലി. ഫോബ്‌സ് മാഗസീൻ പുറത്തു വിട്ട കണക്കു പ്രകാരം നരേന്ദ്ര മോദി മോഡലായ പേയ് ടി എം , പതഞ്‌ജലി എന്നീ രണ്ടു ബ്രാൻഡുകളും അതിന്റെ സി ഈ ഓ മാരും കഴിഞ്ഞ ഒരു വർഷം കൊണ്ട് രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി. അതായത് ഇതൊന്നും പാപമോക്ഷത്തിനോ ആത്മീയ സുഖത്തിനോ രാജ്യനന്മയ്ക്കോ വേണ്ടി നടത്തുന്ന കച്ചവടം അല്ല ; മറിച്ച് പണം ഉണ്ടാക്കാൻ തന്നെ എന്ന് വ്യക്തം. ഇത്തരം കച്ചവടങ്ങൾക്ക് മോഡലാകുമ്പോൾ മോദിയും അത് പോലുള്ള ഭരണ തലവന്മാരും പല വട്ടം ചിന്തിക്കണം.

ചുവന്ന ബീക്കൺ പോലെ തന്നെ ഇതും നിരോധിക്കാം

സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പരസ്യം (അത് ഉത്ഘാടന അടിയന്തിരമായാലും) രൂപപ്പെടുത്തുമ്പോൾ അതിൽ ഭരണകർത്താക്കളുടെ ചിത്രങ്ങൾ ചേർക്കാൻ പാടില്ല എന്ന് ഉത്തരവിറക്കണം. ചുവന്ന ബീക്കൺ ലൈറ്റ് കാണുമ്പോൾ ഉള്ളിലുള്ളത് വി ഐ പി ആണെന്ന് കരുതുന്നതിനേക്കാൾ അപകടകരമാണ് മോദിയുടെ പടം കാണുമ്പോൾ ഉത്പ്പന്നം സർക്കാരിന്റെതാണെന്നു കരുതുന്നത്. ജനത്തെ കബളിപ്പിക്കലാണത്. നോട്ട് നിരോധനം വന്ന രാത്രി മാറി നേരം പുലർന്നപ്പോൾ മോദിയുടെ പടവും വച്ച് ഒന്നാം പേജിൽ പേയ് ടി എം പരസ്യം വന്നത് സാധാരക്കാരായ ജനത്തെ കുറച്ചല്ല തെറ്റിദ്ധരിപ്പിച്ചത്. സർക്കാരിന്റെ ബദൽ സംവിധാനമാണ് പേയ് ടി എം എന്ന് ധരിക്കുന്നവർ ഇന്നുമുണ്ട്.

നെല്ലിക്കാ വെള്ളവും ഈ റിസേർച്ചിലാണോ ഉണ്ടായി വന്നത്?

രാം ദേവ് പതഞ്‌ജലി ബ്രാൻഡിൽ ആദ്യമെത്തിയത് ‘ആംല ജ്യൂസ്’ എന്ന ഉത്പ്പന്നവുമായാണ്. നെല്ലിക്കാ വെള്ളം! നെല്ലിക്കയുടെ ഔഷധ ഗുണം എല്ലാവർക്കും അറിവുള്ളതു കൊണ്ട് തന്നെ നെല്ലിക്കാ ജ്യൂസ് സ്വീകാര്യമായി. ബാബയുടെ യോഗാ കേന്ദ്രങ്ങൾ വിപണനത്തിന്റെ ആദ്യ പിടിവള്ളിയുമായി. സൈനികരുടെ
ക്യാമ്പുകളിലും കാന്റീനുകളിലും പതഞ്‌ജലി ആംലാ ജ്യൂസ് ഔദ്യോഗികമായി വാങ്ങി. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് നെല്ലിക്കാ വെള്ളത്തിൽ ബാബ മായം ചേർത്തെന്ന് ടെസ്റ്റ് റിപ്പോർട്ട് വന്നത്.

പട്ടാളം ‘ആംല ജ്യൂസിനെ’ പുറത്താക്കി

രാജ്യത്തെ മുഴുവൻ കാന്റീനുകളിൽ നിന്നും പതഞ്ജലിയുടെ ആംലാ ജ്യൂസ് എടുത്തു മാറ്റി. ബാക്കി ഇരുന്നത് മുഴുവൻ മടക്കി നൽകാൻ സേന തീരുമാനിക്കുകയും ചെയ്തു. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് ജ്യൂസ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി . ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍.

http://twentyfournews.com/2017/04/25/pathanjali-amla-juice/

ഏപ്രില്‍ മൂന്നിന് രാജ്യത്താകെയുള്ള ആര്‍മി ക്യാന്റീനുകളില്‍ ബാക്കിയുള്ള നെല്ലിക്കാ ജ്യൂസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് സിഎസ്ഡി കത്തയച്ചു. ഏപ്രിൽ 24 നാണ് ഈ വിവരം ലോകം അറിഞ്ഞത്. ഒരാഴ്ച പിന്നിടുമ്പോഴേക്കും രാജ്യം ഭരിക്കുന്ന മോദി വീണ്ടും ഇതിൽ തല വയ്ക്കുന്നത് തീർത്തും അനുചിതമാണ്.

നിയമക്കുരുക്കിൽ പതഞ്‌ജലി

രാജ്യത്തെ വിവിധ ലാബുകളിൽ പതഞ്‌ജലിക്കെതിരെ വിവിധ കണ്ടെത്തലുകളാണ് നിലവിലുള്ളത്. എല്ലാം നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിന്റ പതഞ്​ജലി ഗ്രൂപ്പിന്​ 11 ലക്ഷം രൂപ പിഴ ഒടുക്കേണ്ടി വന്നു. ഹരിദ്വാർ അഡീഷണൽ ഡിസ്​ട്രിക്​ട്​​ മജിസ്​ട്രേറ്റ്​ ലളിത്​ നരേൻ മിസ്രയാണ്​​ പിഴ വിധിച്ചത്​. ​ മറ്റ്​ കമ്പനികൾ നിർമ്മിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതും അവയുടെ പരസ്യം നൽകിയതുമാണ്​ പിഴയ്ക്ക് കാരണമായത്​. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52, 53 വകുപ്പുകളും പാക്കേജിങ്​ ആൻഡ്​ ലേബലിങ്​ ആക്​ടി​ലെ വകുപ്പുകൾ പ്രകാരവുമാണ്​ പിഴ.

പതഞ്‌ജലിയുടെ വിവിധ ഉത്പ്പന്നങ്ങൾ തെറ്റായ ഉള്ളടക്കം ഉള്ളതാണെന്ന് കണ്ടെത്തി പല സംസ്ഥാനങ്ങളിലും നിരോധനം നേരിടുകയാണ്. ഇതിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉണ്ട്.

ഇന്നിപ്പോൾ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട റിസേർച് സെന്ററിൽ ആണോ പട്ടാളക്കാർ പുറംകാലുകൊണ്ട് പുറത്താക്കിയ ‘ആംലാ ജ്യൂസ്’ എന്ന നെല്ലിക്കാ വെള്ളവും പിറവിയെടുത്തത് ? അങ്ങനെയെങ്കിൽ പട്ടാളക്കാരോടുള്ള സ്നേഹം ഫേസ്ബുക്കിൽ കുറിച്ചാൽ മാത്രം പോരാ ; ഇത്തരം പരസ്യങ്ങൾ കൂടി നിരോധിക്കാൻ ബി ജെ പി ഉൾപ്പെടുന്ന സംഘ പരിവാർ പ്രവർത്തകർ സമ്മർദ്ദം ചെലുത്തണം. അല്ലങ്കിൽ ഒരൊറ്റ ചിത്രം കൊണ്ട് ഉമ്മൻ ചാണ്ടിയെ ‘മോഡൽ’ ആക്കി സോളാർ വിറ്റ പോലെയാകും. നാളെ നിങ്ങളും ന്യായീകരണം കൊണ്ട് ഇറങ്ങേണ്ടി വരും.

ഭരണകർത്താക്കൾ ബ്രാൻഡ് മോഡലുകളാകരുത്

തന്റെ പതഞ്‌ജലി ഉൽപ്പന്നത്തിന് ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ബാധകമല്ല എന്ന് രാം ദേവ് പരസ്യമായി വെല്ലുവിളി നടത്തിയതും പോയ വാരത്തിലാണ്.  അത് കൂടി കണക്കിലെടുക്കണമായിരുന്നു മോഡലായി മാറിയ പ്രധാനമന്ത്രി.

രാജ്യം ഭരിക്കുന്നവർക്ക് മോഡലുകളാകാൻ കൊതിയുണ്ടങ്കിൽ അത് സർക്കാരിന്റെ നൂറുകണക്കിന് പ്രോജക്ടുകളിൽ ആകണം. അല്ലാതെ നവ കോർപ്പറേറ്റുകൾക്ക് വേണ്ടി ചെയ്യരുത്. അത് മോദി ആയാലും പിണറായി ആയാലും ചെയ്യരുത്. ഏതാനും ദിവസം മുൻപ് ഒരു അരപ്പേജിൽ ഒരു സിദ്ധവൈദ്യ ശാലയുടെ ‘മോഡലായി’ പിണറായി വിജയൻ നിൽക്കുന്ന വലിയ പരസ്യ ചിത്രം കൂടി ചേർത്തു വായിക്കേണ്ടതാണ്.

 

http://twentyfournews.com/2016/12/15/baba-ramdevs-patanjali-fined-rs-11-lakh/

 

http://twentyfournews.com/2017/01/21/advertisements-of-pathanjali-misleading-and-unsubstantiated/

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top