തീൻമേശയിൽ ഒരുക്കാം കിളിക്കൂട് !!

പരിശുദ്ധ റമദാൻ മാസത്തിന് തുടക്കമായി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇനി പകൽ മുഴുവൻ ഉപവാസം അനുഷ്ഠിക്കും. വൈകുന്നേരം മഗ്രിബ് ബാങ്ക് വിളി കേൾക്കുമ്പോഴാണ് ആ ദിവസത്തെ ഉപവാസം അവസാനിപ്പിക്കുന്നത്. വെള്ളമോ, ഈന്തപ്പഴമോ കഴിച്ചാണ് വിശ്വാസികൾ നോമ്പ് മുറിക്കുന്നത്. ശേഷമാണ് മറ്റ് ആഹാര വസ്തുക്കൾ കഴിക്കുക.
നോമ്പ് കാലമായാൽ വൈവധ്യമാർന്ന നിരവധി ഭക്ഷണങ്ങളും തീൻമേശയിൽ നിറയും. പണ്ട് മലബാർ മേഖലയിൽ മാത്രം പാകം ചെയ്തിരുന്ന ഉന്നക്കായ്, മുട്ട മാല, മുട്ട സുർക്ക, കിളിക്കൂട് എന്നിവയെല്ലാം ഇന്ന് കേരളത്തിലെ എല്ലാ വീടുകളിലും സുപരിചിതമായിരിക്കുന്നു.
നോമ്പിന്റെ ആദ്യദിനമായ ഇന്ന് ചിക്കന്റെ സ്വാദും വെർമിസെല്ലിയുടെ കരുകരുപ്പും ഒത്ത് ചേർന്ന കിളിക്കൂട് പരീക്ഷിക്കാം.
ആവശ്യമായ സാധനങ്ങൾ
എല്ലില്ലാത്ത ചിക്കൻ ഒരു കിലോ
വലിയ ഉള്ളി അരക്കിലോ
പച്ചമുളക് ആറെണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് രണ്ട് ടേബിൾസ്പൂൺ
കറിവേപ്പില രണ്ട് തണ്ട്
മല്ലിയില, പുതീന അരിഞ്ഞത് ഒരു ചെറിയ കപ്പ്
മഞ്ഞൾപ്പൊടി രണ്ടു ടീസ്പൂൺ
കുരുമുളകുപൊടി രണ്ടു ടേബിൾസ്പൂൺ
ഉപ്പ് പാകത്തിന്
ഉരുളക്കിഴങ്ങ് വലുത് ആറെണ്ണം
സേമിയ ആവശ്യത്തിന്
അരിപ്പൊടി രണ്ടുകപ്പ്
സൺഫ്‌ലവർ ഓയിൽ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കോഴി കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ച് മാറ്റിവെക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ച് എടുക്കുക. ഉള്ളി അരിഞ്ഞ് എണ്ണയിൽ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. വേവിച്ച് വച്ച കോഴി കഷണങ്ങൾ ഇതിൽ ചേർത്ത് വഴറ്റുക. മല്ലിയില, പുതീനയില എന്നിവ ചേർത്തശേഷം മാറ്റിവെക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് ഇതിൽ ചേർത്ത് കുഴയ്ക്കുക. അതിനു ശേഷം ഉരുളകളാക്കി മാറ്റിവെക്കുക. അരിപ്പൊടി ഉപ്പുചേർത്ത് വെള്ളത്തിൽ കലക്കി വെക്കുക. ഉരുളകൾ അരിമാവിൽ മുക്കി ശേഷം സേമിയ പൊടിച്ചതിലും മുക്കി എണ്ണയിൽ വറുത്തു കോരിയാൽ സ്വാദിഷ്ടമായ കിളിക്കൂട് തയ്യാർ.
kilikkoodu recipe, ramzan special
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here