‘വീഴാത്ത പാലത്തിന്റെ പേരിൽ ഇബ്രാഹിംകുഞ്ഞിനെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചവർ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കുമോ?’; വി ഡി സതീശൻ

സംസ്ഥാനത്തെ പാലങ്ങൾ തകർന്നു വീഴുന്നതിനെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവര്‍ ഭരണത്തില്‍ ഇരിക്കുമ്പോഴാണ് സംസ്ഥാനത്ത് നിരന്തരമായി പാലങ്ങള്‍ തകര്‍ന്നു വീഴുന്നത്. അടുത്തിടെ സംസ്ഥാനത്ത് മൂന്നു പാലങ്ങളാണ് തകര്‍ന്നു വീണത്. കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലമാണ് ഇന്ന് തകര്‍ന്നത്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മാവേലിക്കരയില്‍ കീച്ചേരികടവ് പാലം തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചത്. നേരത്തെ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലവും തകര്‍ന്നു വീണിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി.
പാലാരിവട്ടത്ത് തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അതേ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നിര്‍മ്മിതികള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നത്. ഇതിലൊന്നും വകുപ്പ് മന്ത്രിക്ക് ഒരു ബാധ്യതയുമില്ലേ? മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ? എല്ലാം ജനം കാണുന്നുണ്ടെന്നത് മറക്കരുതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
Story Highlights : Opposition leader VD Satheesan reacts to the collapse of bridges in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here