സിക വൈറസ് സാന്നിദ്ധ്യം ഇന്ത്യയിലും

ബ്രസീലിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ സിക വൈറസ് ഇന്ത്യയിലും. അഹമ്മാദാബാദിലെ ബാപ്പുനഗർ പ്രദേശത്തെ ഗർഭിണിയടക്കം മൂന്ന് പേരിൽ സിക വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇത് ആദ്യമായാണ് സിക വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്.
ബി ജെ മെഡിക്കൽ കോളേജിൽ നടത്തിയ ആർടിപിസിആർ ടെസ്റ്റ് വഴിയാണ് സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൊതുകുകൾ വഴിയാണ് സിക വൈറസ് പടരുന്നത് എന്നതിനാൽ ഗുജറാത്തിൽ രോഗം പടരാതിരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെൽത്തിലെ ഡോ.ദീപക് ബി സക്സേന പറഞ്ഞു.
ഗർഭിണികളിൽ സിക വൈറസ് ബാധിക്കുന്നത് ഗർഭസ്ഥ ശിശുവിന് ഗുരുതര രോഹങ്ങൾക്ക് കാരണമാകും. കുട്ടികളുടെ തല ചുരുങ്ങുന്ന മൈക്രോസെഫലി എന്ന അവസ്ഥയ്ക്ക് ഈ വൈറസ് കാരണമാകും.
ഡെങ്കിപനി പടർത്തുന്ന ഈഡിസ് കൊതുകു തന്നെയാണ് സിക വൈറസ് പടർത്തുന്നത്. വൈറസ് ബാധ ശക്തമായാൽ മരണംവരെ സംഭവിക്കാം. നാഡീ വ്യൂഹത്തെയാണ് ഇവ ബാധിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here