” ഇത് ആർഎസ്എസിനെതിരായ തുറന്ന പ്രതിഷേധം”

കശാപ്പ് നിരോധനത്തിനെതിരെ ഫെസ്റ്റ് നടത്തിയും ഫേസ്ബുക്ക് പോസ്റ്റിട്ടും പ്രതിഷേധിക്കുന്നതിനിടയിൽ ഈ വ്യത്യസ്ത പ്രതിഷേധം കാണാതെ പോകരുത്.
”ന്റെ ബാപ്പാക്കും ബാപ്പാന്റെ ബാപ്പാക്കും ഓൽടെ ബാപ്പാക്കും എറച്ചി വെട്ടേര്ന്ന് പണി. ഇപ്പോ നാനും നാളെ ന്റെ മക്കളും, മക്കളെ മക്കളും, ഓരുടെ മക്കളും ഇഷ്ടോള്ളോട്‌ത്തോളം കാലം ബീഫ് വെട്ടന്നെ ചെയ്യും… വെട്ടിയ ബീഫോണ്ട് ബിരിയാണീം വെക്കും” പറയണത് മലപ്പുറംകാരൻ മമ്മദ്.
ബീഫിന്റെയും ഭീകരതയുടെയും പേര് പറഞ്ഞ് മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തുന്നവർക്ക് മുന്നിലേക്ക് കഴിഞ്ഞ ദിവസമാണ് “അൽ മലപ്പുറം-അൽഭുതമാണ് മലപ്പുറം” എന്ന ഷോർട്ട് ഫിലിമുമായി ഒരു കൂട്ടം മലപ്പുറംകാരെത്തുന്നത്. എവിടെ ചെന്നാലും മലപ്പുറത്തുകാരെ, അവർ മുസ്ലീമാണെങ്കിൽ പ്രത്യേകിച്ചും കാണുന്നത് മറ്റൊരു കണ്ണിലാണ്. എന്നാൽ സൗഹാർദ്ദത്തിന്റെ നാടായ മലപ്പുറത്തെ തുറന്ന് കാട്ടുകയാണ് ഈ ചെറുപ്പക്കാർ.
ബീഫ് രാഷ്ട്രീയവുമായി ഇറങ്ങിയിരിക്കുന്നവർക്ക് മുന്നിൽ പ്രതിഷേധത്തിന്റെ പുതിയമുഖമാകുകയാണ് അൽ മലപ്പുറം. ക10ചായ എന്ന കൂട്ടായ്മയുടെ ഭാഗമായി ആഷിഖ് ഐമർ എന്ന മാധ്യമ വിദ്യാർത്ഥിയാണ് ഈ പ്രതിഷേധ ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.
മറ്റ് ജില്ലകൾക്ക് നൽകുന്ന പരിഗണന മലപ്പുറത്തിനും വേണം. സിനിമയിലും കഥകളിലുമെല്ലാം മലപ്പുറത്തുകാരെ കോമാളികളായാണ് ചിത്രീകരിക്കുന്നത്. മറ്റുള്ളവർക്ക് ചിരിക്കാൻ വക നൽകുന്നവരാണ് മലപ്പുറംകാർ. അത് മാറണമെന്നും അതാണ് ഷോർട്ട്ഫിലിമിലൂടെ പറയാൻ ശ്രമിച്ചതെന്നും ആഷിഖ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.
മലപ്പുറത്തെ ഭീകരവാദികളുടെ നാടെന്നും പാക്കിസ്ഥാനെന്നുമെല്ലാം മുദ്രകുത്തുന്നവരുടെ മുന്നിൽ ചങ്കൂറ്റത്തോടെ അവർ പറയുന്നു.” ഉള്ളും പള്ളേം നിറയ്ക്കാൻ ധൈര്യായിട്ട് മലപ്പുറത്തെത്താം അല്ലാതെ മലപ്പുറത്തുകാരുടെ സൈ്വര്യം കെടുത്താനാണേൽ ഇജ്ജൊക്കെ പുഗ്ഗൊലത്തും…”
തിരക്കഥ : ശരത് പ്രകാശ്
എഡിറ്റിംഗ് : വിപിൻ കെ
നിർമ്മാണം : അബു ഫാസിൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here