മെട്രോ ഉദ്ഘാടനം; മൂന്നുപേരെ കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാർ

കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ ഡി.എം.ആർ.സി പ്രിൻസിപ്പൽ അഡ്വൈസർ ഡോ.ഇ. ശ്രീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എൽ.എ പി.ടി.തോമസ് എന്നിവരെകൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ഗവൺമെൻറ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, ഗവർണർ, കെ.വി. തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, മേയർ സൗമിനി ജയിൻ എന്നീ ഏഴുപേരേ വേദിയിലുണ്ടാകൂ. അവരിൽത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവർക്ക് മാത്രമാണ് സംസാരിക്കാൻ അവസരം. സ്വാഗതം പറയുന്ന കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം. ഗവർണർ ഉൾപ്പെടെ നാലുപേർക്ക് വേദിയിൽ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാൻ അവസരമില്ല.
സംസ്ഥാന സർക്കാർ നിർദ്ദേശിച്ച പരിപാടി പ്രകാരം 17 പേർക്ക് വേദിയിൽ ഇരിപ്പിടമുണ്ടായിരുന്നു. 10 പേർക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവർക്ക് പുറമെ ഗവർണർ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ഇ. ശ്രീധരൻ, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, കെ.എം.ആർ.എൽ എം.ഡി. ഏലിയാസ് ജോർജ്, എന്നിവർക്കായിരുന്നു സംസാരിക്കാൻ അവസരം.
സർക്കാർ നിർദ്ദേശപ്രകാരം വേദിയിൽ സ്ഥാനം ലഭിക്കേണ്ടവർ: മേയർ സൗമിനി ജയിൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പി.ടി.തോമസ്. എം.എൽ.എ, മന്ത്രിമാരായ തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരൻ, മാത്യു. ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗുഹ, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ്. മൂന്നുപേരെ കൂടി ഉൾപ്പെടുത്താൻ അപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്.
അതേ സമയം ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അവസരം ലഭിക്കാത്തതിൽ പ്രതിഷേധം മുറുകുകയാണ്. സംസ്ഥാന സർക്കാരിന്റെ അശ്രദ്ധയാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here