പ്രമേഹ ബാധിത കുട്ടികൾക്കായി സർക്കാറിന്റെ ‘മിഠായി’

ജുവനൈൽ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര പരിരക്ഷ നൽകുന്ന സാമൂഹിക സുരക്ഷ മിഷൻ പദ്ധതി ‘മിഠായി’ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. രോഗം ബാധിച്ച കുട്ടികൾക്ക് ഗ്ലൈക്കോ മീറ്ററും ഇൻസുലിൻ പമ്പും നൽകി ആധുനിക രീതിയിലുള്ള പ്രമേഹ ചികിത്സ നൽകാനാണ് പദ്ധതിയിലക്ഷ്യമിടുന്നത്.പദ്ധതിക്ക് ഈ വർഷം രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. കൂടാതെ, സി.എസ്.ആർ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ലഭിക്കും.
18 വയസ്സിന് താഴെയുള്ള കേരളത്തിൽ സ്ഥിരതാമസക്കാരായ രണ്ടുലക്ഷത്തിൽ താഴെ കുടുംബ വരുമാനമുള്ള രോഗികളായ കുട്ടികളാണ് പദ്ധതിയുടെ പരിധിയിൽ വരുക. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിലായി ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 150 കുട്ടികൾക്കുപുറമെ 150 കുട്ടികളെക്കൂടി ഉൾപ്പെടുത്തി 300 പേർക്ക് സൗജന്യ ചികിത്സ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിെൻറ ഭാഗമായി ആശുപത്രികളിൽ തുടങ്ങുന്ന ഡയബറ്റിസ് സെൻററുകളിൽ ഒരു എം.എസ്സി നഴ്സിെൻറയും ഡയറ്റീഷെൻറയും സേവനം ലഭ്യമാക്കും. രോഗബാധിതരായ കൂടുതൽ കുട്ടികൾ എത്തിയാൽ അവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
മെഡിക്കൽ കോളജുകളിൽ ടൈപ് വൺ ഡയബറ്റിസ് സെൻറർ, കുട്ടികൾക്കും കൗമാരക്കാർക്കും ഒരു ഡി.എം മാനേജ്മെൻറ്, സംസ്ഥാനതലത്തിൽ പ്രോജക്ട് സപോർട്ട് സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഉദ്ദേശിച്ചിട്ടുള്ളത്. മാതാപിതാക്കൾക്കുള്ള പരിശീലനവും പരിപാടിയിലുണ്ട്. മധുരം കഴിക്കാനാവാത്ത കുഞ്ഞുങ്ങളെ സാധാരണ കുട്ടികളുടെ അവസ്ഥയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here