കുമ്മനം കൊച്ചി മെട്രോയിൽ; സുരക്ഷാ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി

കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം എസ്പിജി ലിസ്റ്റിൽ ഇല്ലാതിരുന്ന ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തത് അതീവ സുരക്ഷാ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുരക്ഷാ വീഴ്ച്ച പരിശോധിക്കണം. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. എസ്പിജി അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ. ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചതെന്നും കടകംപള്ളി പ്രതികരിച്ചു.
Read Also : സുരക്ഷയിൽ വിള്ളലുണ്ടാക്കി കുമ്മനം; കേസ് വേണ്ടേ ?
പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് കുമ്മനത്തെ ഉൾപ്പെടുത്തിയത്. ഇ.ശ്രീധരൻ, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേർത്ത് കാണണം. സ്ഥലം എം എൽ എ പി ടി തോമസിനെ ഉൾപ്പെടുത്താനും തയ്യാറായില്ല. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം.
Read Also : ട്രോളിൽ കുളിച്ച് മെട്രോയും; കുളിപ്പിച്ചത് കുമ്മനം
ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കർശനമായ പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവർ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കുമ്മനം രാജശേഖരൻ പ്രോട്ടോകോൾ തെറ്റിച്ച് കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിയ്ക്കും ഗവർണർക്കും മുഖ്യമന്ത്രിയ്ക്കുമൊപ്പം യാത്ര ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ട്വന്റിഫോർ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here