Advertisement

ഷാനി പ്രഭാകരന് നേരെ ലൈംഗികാധിക്ഷേപം

June 17, 2017
1 minute Read
shani prabhakar

മാധ്യമ പ്രവർത്തക ഷാനി പ്രഭാകറിന് നേരെ ഹിന്ദു സംഘടനകളുടെ ലൈംഗികാധിക്ഷേപം . മനോരമയിലെ വാർത്താ അവതാരകയാണ് ഷാനി. കഴിഞ്ഞ ദിവസങ്ങളിൽ ബ്രണ്ണൻ കോളേജ് മാഗസിൻ വിവാദത്തെ കുറിച്ചുള്ള മനോരമ ചർച്ചയാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്. ഫേസ്ബുക്കിലെ കാവിപ്പട എന്ന ഗ്രൂപ്പിൽ ആർ എസ് എസ്സിന്റെയും ബി ജെ പിയുടെയും പ്രവർത്തകരും അനുഭാവികളും കേട്ടാൽ അറയ്ക്കുന്ന ലൈംഗികാധിക്ഷേപ വാക്കുകകളാണ് ഷാനിയുടെ ചിത്രവും നൽകി പ്രചരിപ്പിക്കുന്നത്.

പോസ്റ്റിനേക്കാൾ അറപ്പുളവാക്കുന്നത് ഇതിലെ കമന്റുകളാണ്. ആർഷ ഭാരത സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയും വീമ്പ് പറച്ചിൽ നടത്തുന്ന ഹിന്ദു രാഷ്ട്രീയത്തിന്റെ പതാക വാഹകർ ഷാനിയുടെ ചിത്രത്തിന് താഴെ എഴുതിക്കൂട്ടുന്നത് വായിച്ചാൽ സംസ്‌കാരത്തിന്റെ കണിക പോലും കണ്ടെത്താൻ ആകില്ല. ഒരു പ്രത്യേക മത വിഭാഗത്തെ അധിക്ഷേപിക്കുന്ന ചിത്രവും കമന്റുകളുടെ കൂട്ടത്തിലുണ്ട്.

എതിർക്കുന്നവരെയെല്ലാം ശൂലത്തിൽ കോർത്തും കൂട്ടക്കുരുതി നടത്തിയും ആഘോഷിക്കുന്നവരുടെ രാജ്യത്ത് നിലപാടുകളുള്ള ഒരു മാധ്യമപ്രവർത്തകയും വേണ്ട എന്ന തീർപ്പുമായി ഇറങ്ങി തിരിച്ചവരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ. സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന അസഹ്യമായ കമന്റുകൾകൊണ്ട് നിറഞ്ഞ കാവിപ്പട എന്ന ഗ്രൂപ്പ് സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നു.

ഷാനിയെ സോഷ്യൽ മീഡിയാ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങിയിട്ട് കാലമേറയായി. ഷാനിയുടെ വീട്ടിൽ റെയ്ഡ് നടത്തിയെന്നും കള്ളപ്പണം കണ്ടെത്തിയെന്നുമുള്ള വ്യാജപ്രചാരണങ്ങളിലായിരുന്നു തുടക്കം. അതുകൊണ്ടൊന്നും പിൻമാറുന്നില്ലെന്ന് കണ്ടിട്ടാകണം കേട്ടാൽ അറപ്പുളവാക്കുന്ന, ഭരണിപ്പാട്ട് തോൽക്കുന്ന തെറികളുമായി ഇത്തരം കാവിയുടുത്ത ഗ്രൂപ്പുകൾ രംഗത്തിറങ്ങിയിരിക്കുന്നത്.

കാമസൂത്രയെയും ഗജുരാഹോയിലെ രതിശിൽപ്പങ്ങളെയും പേടിക്കുന്നവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതാകട്ടെ അറപ്പും വെറുപ്പും തോന്നുന്ന പോസ്റ്റുകളും കമന്റുകളും. അതിന് വേണ്ടി ഉപയോഗിക്കുന്നതോ, ഇത്തരക്കാരെ കാര്യകാരണങ്ങൾ നിരത്തി നിശിതമായി വിമർശിക്കുന്നവരെ. ആശയങ്ങളെ ആശയങ്ങൾകൊണ്ട് എതിർക്കാനാകാതെ വരുമ്പോഴാണല്ലോ ഒളിഞ്ഞും തെളിഞ്ഞും കൂകിയും മതിലുകളിൽ അശ്ലീല ചിത്രങ്ങളും കമന്റുകളും വരച്ചു വച്ചും ആത്മ നിർവൃതി അടയുക.

ലൈംഗികാക്രമണം ശാരീരികമായി മാത്രമല്ല, വാക്കുകളിലൂടെയും നോക്കുകളിലൂടെയും സംഭവിക്കുന്നുണ്ട്. ഇത്തരത്തിൽ വാക്കുകളിലൂടെയുള്ള ലൈംഗികാക്രമണം നേരിടാൻ നിവൃത്തിയില്ലാതെ ഷാനിയടക്കമുള്ളവർ പിന്മാറുമെന്നാണ് പലരും കരുതുന്നത്. ഒപ്പം ഇനി എതിർക്കാൻ അവരുടെ നാവുപൊന്തരുതെന്നും ഈ കൂട്ടർ ലക്ഷ്യം വയ്ക്കുന്നു.

‘സഖാക്കൾക്കൊപ്പം സിനിമയ്ക്ക് പോയാൽ തീരുന്ന പ്രശ്‌നമേ ഷാനിയ്ക്കുള്ളൂ’ എന്ന് ലോകം മുഴുവൻ കാണുന്ന ഫേസ്ബുക്കിൽ എഴുതിയിട്ടിട്ടുണ്ടെങ്കിൽ ആ കമന്റിന്റെ ഉടയോന്റെ ഉള്ളിൽ ഇതിലും ആയിരം ഇരട്ടി വിഷം ഒളിഞ്ഞിരിപ്പുണ്ടെന്നതിൽ സംശയമില്ല. കാരണം കാണുന്നതിൽ പകുതിയെ നമ്മൾ ചിന്തിക്കാറുള്ളൂ, ചിന്തിക്കുന്നതിന്റെ നൂറിലൊന്ന് മാത്രമേ നമ്മൾ പറയാനാഗ്രഹിക്കാറുള്ളൂ, ആഗ്രഹിക്കുന്നതിന്റെ ഒരംശം മാത്രമേ നമ്മിലൂടെ പുറത്തേക്ക് വരികയുള്ളൂ… അപ്പോൾ ആ വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വിഷം എത്രയാണ്.

കാലമെത്രകഴിഞ്ഞാലും സ്ത്രീകളോടുള്ള ഇത്തരക്കാരുടെ മനോഭാവം മാറുമെന്ന് കരുതുന്നത് മൂഢതയാണ്. ബേട്ടാ പഠാവേ ബേട്ടാ ബച്ചാവോ ഒക്കെ ഇത്തരക്കാരെയാണ് ഒന്ന് കാണിക്കേണ്ടത് ജീ…

ദയവായി ചിത്രങ്ങളിലെ വാചകങ്ങൾ കുട്ടികൾ വായിക്കാതിരിക്കുക

 








ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top