ഇളയദളപതിയിൽ നിന്നും ദളപതിയിലേക്ക് ഉയർത്തി വിജയുടെ ‘മെർസൽ’ പോസ്റ്റർ

കഴിഞ്ഞ 25 വർഷമായി ‘ഇളയദളപതി’ എന്ന നാമത്തിലാണ് വിജയ് അറിയപ്പെടുന്നത്. എന്നാൽ മെർസലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരത്തിന്റെ പേര് ‘ഇളയദളപതി’ക്ക് പകരം ‘ദളപതി’ എന്നാണ് കൊടുത്തിരിക്കുന്നത്.
വിജയിയുടെ 61 ആം ചിത്രമാണ് മെർസൽ. ‘ഇളയദളപതി’ എന്നത് യുവാവായിരുന്നപ്പോൾ താരത്തിന് ചാർത്തിക്കിട്ടിയ പേരാണ്. കാലം ഇത്ര കഴിഞ്ഞപ്പോൾ ഇനി താരത്തിന്റെ പേരിന്റെ കൂടെ ‘ഇളയ’ എന്ന് ചേർക്കേണ്ടെന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ വാദം.
ഒപ്പം ചിത്രത്തിന് ആദ്യം തീരുമാനിച്ചിരുന്ന പേര് ‘ദളപതി’ എന്നായിരുന്നു. എന്നാൽ ഇതേ പേരിൽ 1991 ൽ ജിവി ഫിലിംസിന്റെ രജനികാന്ത് ചിത്രം ഉള്ളതിനാൽ മെർസലിന്റെ നിർമ്മാതാക്കളായ സിരി തെണ്ട്രൽ ഫിലിംസിന് ജിവി ഫിലിംസിൽ നിന്നും ഈ പേര് ഉപയോഗിക്കാനുള്ള അവകാശം ലഭിച്ചില്ല. ഇതാണോ പേര് മാറ്റത്തിന്റെ കാരണം എന്നും വ്യക്തമല്ല.
താരത്തിന്റെ 43 ആം പിറന്നാളായ ജൂൺ 22 ന് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറക്കിയിരിക്കുന്നത്.
ആറ്റ്‌ലി സംവിധാനം ചെയ്തിരിക്കുന്ന മെർസലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെവി വിജയേന്ദ്ര പ്രസാദാണ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി, സൽമാൻ ഖാൻ ചിത്രമായ ഭജ്രംഗി ഭായ്ജാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കെവി വിജയേന്ദ്ര പ്രസാദ്. എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
വിജയ്ക്ക് പുറമേ കാജൽ അഗർവാൾ, സാമന്ത, നിത്യ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം തമിഴ് ഹാസ്യതാരം വടിവേലു ഒരു ഗംഭീര തിരിച്ചുവരവ് കൂടി നടത്തുന്ന ചിത്രമായിരിക്കും മെർസൽ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ilayadalapathy Vijay new film mersal first look poster out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here