തച്ചങ്കരിക്കെതിരായ ആരോപണം; സർക്കാർ പ്രതികരിക്കണമെന്ന് ഹൈക്കോടതി

ടോമിൻ ജെ തച്ചങ്കരിക്കെതിരായ ആരോപണങ്ങളിൽ സർക്കാർ വീണ്ടും പ്രതികരിക്കണമെന്ന് ഹൈക്കോടതി. തച്ചങ്കരിക്കെതിരായ ആരോപണങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ അറിയിക്കണം. കേസ് അങ്ങനെ തീർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഹർജിക്കാരൻ തച്ചങ്കരിക്കെതിരെ വാദത്തിനിടെ ഉന്നയിച്ച മൂന്നു ഗുരുതര ആരോപണങ്ങളിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തച്ചങ്കരിയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നുവെന്നും അങ്ങനെയുള്ള ആളാണ് ഉന്നത പദവിയിൽ ഇരിക്കുന്നതെന്ന് ഹർജി ഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സർക്കാർ അറിയിക്കണമെന്ന്
ചീഫ് ജസ്റ്റീസ് ഉത്തരവിൽ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് തച്ചങ്കരി ചുമതല ഏറ്റ ശേഷം അതീവ രഹത്യ സ്വഭാവമുള്ള 20 ഫയലുകൾ കാണാനില്ലെന്ന ആരോപണവും ഹർജിക്കാരൻ ഉന്നയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
തച്ചങ്കരിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഒരു കേസിൽ വിചാരണ നിലവിലുണ്ടെങ്കിലും തച്ചങ്കരി കോടതിയിൽ ഹാജരാവുന്നില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. ഇക്കാര്യങ്ങളും സർക്കാർ വിശദീകരിക്കണം
ഹർജിക്കാരൻ ഉന്നയിച്ച മൂന്നു ആരോപണങ്ങളും ഗുരുതരമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ് തച്ചങ്കരിക്ക് വേണ്ടി ഒരഭിഭാഷകൻ കോടതി മുറിയിൽ എഴുന്നേറ്റെങ്കിലും, തച്ചങ്കരിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും വാദം വേണ്ടന്നും കോടതി വിലക്കി. കേസ് അടുത്ത മാസം 10 ന് പരിഗണിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here