ദിലീപിന്റെ അറസ്റ്റ് കേട്ടത് ഞെട്ടലോടെ; കടുത്ത ശിക്ഷ കിട്ടുകതന്നെ വേണമെന്ന് ഇന്നസെന്റ്

ദിലീപിന്റെ അറസ്റ്റ് കേട്ടത് ഞെട്ടലോടെയെന്ന് നടനും ലോക്‌സഭാ അംഗവുമായ ഇന്നസെന്റ്. ഗൂഢാലോചന അതീവ ഗുരുതരമായി മാത്രമേ കാണാനാകൂ. പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടുകതന്നെ വേണമെന്നും ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
നടൻ ദിലീപ് ഉൾപ്പെട്ട ഗൂഡാലോചനയുടെ വിവരങ്ങൾ ഞെട്ടലോടെയാണ് ഞങ്ങൾ ഓരോരുത്തരും കേട്ടത്. ഞങ്ങളുടെ സഹോദരിക്ക് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ ഞങ്ങൾക്ക് കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇത്തരമൊരു ഹീനകൃത്യത്തിൽ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണം. കേസിൽ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ ദിലീപിന്റെ അഗത്വം റദ്ദാക്കാൻ തീരുമാനിച്ചത്. ഇത്തരമൊരു കേസിൽ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയിൽ ഒരു കാരണവശാലും ഉൾപ്പെടുത്താനാകില്ല. രോഗത്തെത്തുടർന്നു ആശുപത്രിയിലായതിനാൽ എനിക്കു അമ്മയുടെ യോഗത്തിൽ പങ്കെടുക്കാനായില്ല. എന്നാൽ എന്റെ സഹപ്രവർത്തകർ ഫോണിൽ കൂടിയാലോചന നടത്തിയിരുന്നു. അമ്മ നേരത്തെ ഇക്കാര്യത്തിൽ എടുത്ത നിലപാട് വിമർശന വിധേയമായിരുന്നു. ഗൂഢാലോചനയുടെ വിശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകൾ എടുക്കുന്നതിൽ പരിമിതികൾ ഉണ്ട്. ഇതിനർഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തിൽ ആർക്കെങ്കിലും കുറ്റവാളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസം മുതൽ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്.
ഗൂഡാലോചനയിൽ ദിലീപിനുള്ള പങ്ക് പുറത്തു വന്ന ഉടനെ ഏകകണ്ഠമായാണ് അമ്മ തീരുമാനം എടുത്തത്. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നിൽക്കുമെന്നു അമ്മ ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. കേരള പൊലീസും സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയിൽ അമ്മയ്ക്കുളള സന്തോഷം അറിയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here