കോടികൾ തട്ടി എസ് ജി എസ് അഗ്രോ ഫാം; പറ്റിക്കപ്പെട്ടത് പതിനായിരങ്ങൾ

ആട് ,മാഞ്ചിയം , തേക്ക് പിന്നെ ശബരി പക്ഷേ പണം നിക്ഷേപിക്കാൻ പുതുവഴികൾ തുറന്ന് വരുന്നവർക്ക് മുന്നിൽ ഇപ്പോഴും മലയാളികൾ പകച്ചു നിൽക്കും. സമാനമായ പുതിയൊരു കേസും ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുകയാണ്. എസ് ജി എസ് അഗ്രോ ഫാം എന്ന കമ്പനിയുടെ മറവില്‍ ഇന്‍വെസ്റ്റ് പെമെന്റ് പ്ലാന്‍ എന്ന പേരില്‍ തുടങ്ങിയ സ്കീമില്‍ അംഗങ്ങളായവരാണ് കബളിക്കപ്പെട്ടിരിക്കുന്നത്.

2008ല്‍ കേരളത്തില്‍ തുടങ്ങിയ എസ്ജിഎസ് ആഗ്രോ ഫാം ലിമിറ്റഡ് എന്ന സ്ഥാപനം നിക്ഷേപകരില്‍ നിന്നായി മുക്കിയത് കോടിക്കണക്കിന് രൂപയാണ്. രണ്ട് വര്‍ഷമായി നിക്ഷേപിച്ച തുകയോ പലിശയോ ലഭിക്കാതെ കേരളത്തില്‍ മാത്രം വഞ്ചിക്കപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് പേരാണ്. കമ്പനിയുടെ പിണിയാളുകളായി കേരളത്തില്‍ നിന്നവരാണ് നിക്ഷേപകരുടേയും കമ്പനിയുടേയും കാലുവാരിയത്.

Selection_387

കേട്ടാല്‍ ആകര്‍ഷിക്കപ്പെടുന്ന പരസ്യ വാചകങ്ങളും പ്ലാനുകളും നിരത്തിയാണ് ഇവര്‍ തട്ടിപ്പിന് കളമൊരുക്കിയത്. ഈ പണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രൊപ്പര്‍ട്ടി ഇന്‍വെസ്റ്റ്മെന്റ് നടത്തിയശേഷം റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലൂടെ ലാഭം കൊയ്ത് കാലാവധി തീരുമ്പോള്‍ നിക്ഷേപിച്ച പണവും പലിശയും നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇരുന്നൂറ് രൂപ മുതല്‍ പതിനായിരം രൂപവരെ മാസം അടച്ച് പദ്ധതിയില്‍ ചേര്‍ന്നവരുണ്ട്. സാധാരണക്കാരന് താങ്ങുന്ന ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥകളായത് കൊണ്ട് തന്നെ നിരവധി പേരെ ആകര്‍ഷിക്കാന്‍ ഈ കമ്പനിയ്ക്കായി. ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളാണ് പറ്റിക്കപ്പെട്ടത്.

2008 ല്‍ സൈലന്റ് വാലി സ്വദേശി സിഎം ബേബി എന്നയാളാണ് തമിഴ്നാട്ടിലെ ഈ കമ്പനിയുടെ ബ്രാഞ്ച് കേരളത്തില്‍ തുടങ്ങിയത്.തൃശ്ശൂര്‍ സ്വദേശികളായ അംബികാ ദാസന്‍, മൊയ്തീന്‍, നന്ദകുമാര്‍ എന്നിവരാണ് കേരളത്തിലെ ഓഫീസിന് നേതൃത്വം നല്‍കിയത്. തൃശ്ശൂരിലും കൊല്ലത്തുമാണ് ഇതിനായി ഓഫീസ് തുറന്നു. ഇവര്‍ക്ക് കീഴില്‍ മൂവായിരത്തോളം ഏജന്റുമാരേയും നിയമിച്ചു. ഓരോ ഏജന്റുമാരും മൂന്നൂറ് മുതല്‍ ആയിരം പേരെ വരെയാണ് കമ്പനിയുടെ സ്കീമില്‍ ചേര്‍ത്തത്. എന്നാല്‍ 2016 ആദ്യം വരെ പണം നിക്ഷേപിച്ചവരില്‍ പലര്‍ക്കും കൃത്യമായി ലഭിച്ചുവെങ്കിലും, അതിനു ശേഷം പലരുടേയും പണം മുടങ്ങി, 63വര്‍ഷം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പതിനായിരത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ മുതലോ പലിശയോ ലഭിക്കാതെയായി ഉള്ളത്. സ്ത്രീകളാണ് കൂടുതലും തട്ടിപ്പിനിരയായത്.

പണം ലഭിക്കാതായതോടെ നിക്ഷേപകര്‍ ഏജന്റുമാരുടേയും പേരില്‍ പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ കമ്പനിയുടെ കേരളത്തിലെ പ്രതിനിധികള്‍ ഏജന്റുമാരുടേയോ, നിക്ഷേപകരുടേയോ ഫോണ്‍ പോലും അറ്റന്റ് ചെയ്യാതിരിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കേരളത്തിലെ പ്രതിനിധികളെ ബന്ധപ്പെട്ടെങ്കിലും ഇവര്‍ ഫോണ്‍ അന്റന്റ് ചെയ്യാന്‍ തയ്യാറായില്ല.

ചിലര്‍ ഏജന്റുമാര്‍ നേരിട്ട് തമിഴ്നാട്ടിലെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. കേരളത്തിലെ പ്രതിനിധികള്‍ ഏജന്റ്മാര്‍ എല്‍പ്പിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതായി സൂചനയുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കേരളത്തിലെ പ്രവര്‍ത്തനം കമ്പനി നിറുത്തി. കമ്പനിയില്‍ നിന്ന് പണം ലഭിക്കാതായവര്‍ക്ക് പണം നല്‍കാമെന്ന് തമിഴ്നാട്ടിലെ ഹെഡ് ഓഫീസ് അറിയിച്ചിട്ടുണ്ടെങ്കിലും, മുടങ്ങിക്കിടക്കുന്ന ഇത്രയും പണം എപ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. പോലീസ് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിക്ഷേപകരും ഏജന്റുമാരും പരാതി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top